മഞ്ജു ഒരിക്കലും ഡബ്ള്യൂ.സി.സിയെ തള്ളിപ്പറഞ്ഞിട്ടില്ല; സജിത മഠത്തില്‍
|തിരിച്ച് ഡബ്ല്യുസിസിയും തള്ളി പറഞ്ഞിട്ടില്ല
2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മലയാള സിനിമയിലെ ഒരു കൂട്ടം സ്ത്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ള്യൂ.സി.സി). സംഘടനയിലെ സ്ഥാപകാംഗങ്ങളിലൊരാളും അതിജീവിതക്ക് എപ്പോഴും പിന്തുണ നല്‍കുന്ന നടിമാരിലൊരാളുമാണ് മഞ്ജു വാര്യര്‍. ഈയിടെ മഞ്ജു ഡബ്ള്യൂ.സി.സിയില്‍ നിന്നും അകന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളുമുണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടുകയും ചെയ്തു. എന്നാല്‍ ഡബ്ള്യൂ.സി.സിയുമായുള്ള ബന്ധത്തെക്കുറിച്ച് സംഘടനയിലെ മറ്റൊരു അംഗവും നടിയുമായ സജിത മഠത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
"മഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ല, തിരിച്ച് ഡബ്ല്യുസിസിയും തള്ളി പറഞ്ഞിട്ടില്ല. ഒന്നിച്ച് കൈപ്പിടിക്കേണ്ടിടത്തെല്ലാം ഞങ്ങൾ ഒന്നിച്ച് കൈപ്പിടിച്ച് നിന്നിട്ടുണ്ട്," എന്നാണ് സജിത മഠത്തിൽ പറഞ്ഞത്. "കൂടെ കുറേ മനുഷ്യരുണ്ട്. ചിലർക്ക് എപ്പോഴും ആക്റ്റീവായി നിൽക്കാൻ പറ്റികൊള്ളണമെന്നില്ല. എന്റെ വ്യക്തിപരമായ ജീവിതത്തിൽ നടക്കുന്ന ചില പ്രശ്നങ്ങൾ കൊണ്ടോ, കരിയറിൽ ഉണ്ടായ പ്രശ്നം കൊണ്ടോ എനിക്കത്ര ആക്റ്റീവായി നിൽക്കാൻ പറ്റണമെന്നില്ല. അതിനർത്ഥം ഞാനവിടെ ഇല്ല എന്നല്ല, വല്ലപ്പോഴെങ്കിലും കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടാവും. ചിലപ്പോൾ അതിനു പകരമായി മറ്റാരെങ്കിലും കൂടുതൽ ആക്റ്റീവായി നിൽക്കുന്നുണ്ടാവും."
"മഞ്ജു അവിടെയുണ്ട്. പക്ഷേ മഞ്ജുവിന് തിരക്കിന്റെ ഇടയിൽ ആക്റ്റീവായി നിൽക്കാൻ പറ്റികൊള്ളണമെന്നില്ല. അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ല, തിരിച്ച് ഡബ്ല്യുസിസിയും തള്ളി പറഞ്ഞിട്ടില്ല. ഒന്നിച്ച് കൈ പിടിക്കേണ്ടിടത്തെല്ലാം ഞങ്ങൾ ഒന്നിച്ച് കൈ പി ടിച്ച് നിന്നിട്ടുണ്ട്. ഒന്നിച്ച് നിന്നിട്ടുണ്ട്. അങ്ങനെയാണ് അത് വേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്," മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സജിത മഠത്തിൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം മഞ്ജുവിനെതിരെ രംഗത്തെത്തിയിരുന്നു. ഡബ്ള്യൂ.സി.സിയുടെ സ്ഥാപകാംഗമായിരുന്ന ഒരു നടി മലയാള സിനിമയില്‍ പ്രശ്നമൊന്നുമില്ല എന്ന തരത്തില്‍ മൊഴി നല്‍കിയത് ഞെട്ടിച്ചുവെന്നും ആ നടിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചുവെന്നുമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ആ നടി മഞ്ജുവാണെന്ന തരത്തിലാണ് ഒരു വിഭാഗം ഇതിനെ വ്യാഖ്യാനിച്ചത്. പിന്നീട് ഈ വാര്‍ത്തകളെ തള്ളി ഡബ്ള്യൂ.സി.സി രംഗത്തെത്തിയിരുന്നു.