Entertainment
salim kumar

സലിം കുമാര്‍

Entertainment

അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്‍ലിമായിരുന്നു, അതുകഴിഞ്ഞ് വിശാല ഹിന്ദുവായി: തന്‍റെ പേരിനെ കുറിച്ച് സലിം കുമാർ

Web Desk
|
30 Dec 2023 7:28 AM GMT

സഹോദരൻ അയ്യപ്പന് എന്‍റെ ജീവിതവുമായി എന്ത് ബന്ധമാണുള്ളതെന്ന് പറയാം

കോമഡി വേഷങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് സലിം കുമാര്‍. മലയാളി ഫ്രം ഇന്ത്യയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന താരത്തിന്‍റെ പുതിയ ചിത്രം. ഇപ്പോഴിതാ സലിം കുമാര്‍ എന്ന പേര് തനിക്ക് വന്നതെങ്ങനെയാണെന്ന് പറയുകയാണ് നടന്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് പേരിന് പിന്നിലെ കഥയെക്കുറിച്ച് പറഞ്ഞത്.

സലിം കുമാറിന്‍റെ വാക്കുകൾ

'സഹോദരൻ അയ്യപ്പന് എന്‍റെ ജീവിതവുമായി എന്ത് ബന്ധമാണുള്ളതെന്ന് പറയാം. എന്റെ പേര് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്ത് ചെറുപ്പക്കാർ സഹോദരൻ അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകമായിട്ടുള്ള പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി. സ്വന്തം മക്കൾക്ക് ജാതി തിരിച്ചറിയാത്ത പേരുകളിട്ടു. ഉദ്ദാഹരണത്തിന് എന്‍റെ പേര് സലീം. അതുപോലെ ജലീൽ, ജമാൽ, നൗഷാദ് എന്നീ പേരുകളൊക്കെ ഈഴവരായിട്ടുള്ള ഹിന്ദു കുട്ടികൾക്ക് ഇടാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് സലിം എന്ന പേര് ഇടുന്നത്.

പേരിനൊപ്പം കുമാർ വന്നതിനും കഥയുണ്ട്. ഈ സലിം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുഴ എൽപിഎസിൽ ചേർക്കാൻ ചെന്നു. അവിടെ വച്ച് സലിം എന്ന പേര് കേട്ടപ്പോൾ ഇത് മുസ്ലീം കുട്ടിയുടെ പേര് ആണെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. അങ്ങനെ അധ്യാപകർ പേരിനൊപ്പം കുമാർ എന്ന് കൂടി ചേർത്താൽ മതിയെന്ന് പറഞ്ഞു. അങ്ങനെ സലീമിനൊപ്പം കുമാർ കൂടി ചേർത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്‍ലിമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാൻ വിശാല ഹിന്ദുവായി.' സലിം കുമാർ പറഞ്ഞു.

Related Tags :
Similar Posts