ലക്ഷദ്വീപിലെ ബീച്ചിൽ പ്രധാനമന്ത്രി; കൂള്‍ എന്ന് സൽമാൻ ഖാൻ
|ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഇന്ത്യ-മാലിദ്വീപ് നയതന്ത്ര അസ്വാരസ്യങ്ങള്‍ക്കിടെയാണ് സൽമാന്റെ കുറിപ്പ്.
മുംബൈ: ലക്ഷദ്വീപിലെ ബീച്ചിൽനിന്നുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടൻ സൽമാൻ ഖാൻ. ലക്ഷദ്വീപിൽ പ്രധാനമന്ത്രിയെ കാണുന്നത് സന്തോഷദായകമാണെന്ന് നടൻ എക്സില്‍ (നേരത്തെ ട്വിറ്റര്‍) കുറിച്ചു. ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഇന്ത്യ-മാലിദ്വീപ് നയതന്ത്ര അസ്വാരസ്യങ്ങള്‍ക്കിടെയാണ് സൽമാന്റെ കുറിപ്പ്.
'നമ്മുടെ പ്രധാനമന്ത്രിയെ ലക്ഷദ്വീപിലെ വൃത്തിയുള്ളതും ഗംഭീരവുമായ ബീച്ചിൽ കണ്ടതിൽ സന്തോഷം.' - എന്നാണ് സൽമാൻ കുറിച്ചത്. ലക്ഷദ്വീപ് സന്ദർശനത്തിനിടെ ജനുവരി നാലിനാണ് മോദി ബീച്ചിൽ നിന്നുള്ള ഫോട്ടോഷൂട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ ലക്ഷദ്വീപ് എന്ന വാക്ക് ഗൂഗ്ളിൽ ട്രൻഡിങ്ങായിരുന്നു.
സൽമാനു പുറമേ, കങ്കണ റണൗട്ട്, ശ്രാദ്ധ കപൂർ, ജോൺ അബ്രഹാം, അക്ഷയ് കുമാർ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവരും ലക്ഷദ്വീപിന്റെ സൗന്ദര്യത്തെ പ്രകീർത്തിച്ച് രംഗത്തെത്തി.
ലക്ഷദ്വീപിനെ കുറിച്ച് മാലിദ്വീപ് നേതാവ് സാഹിദ് റമീസ് നടത്തിയ പരാമർശങ്ങളാണ് ആദ്യം വിവാദങ്ങൾക്ക് വഴിവച്ചത്. ഇന്ത്യ പണമുണ്ടാക്കാൻ വേണ്ടി ലങ്കയെ പോലുള്ള ചെറിയ സമ്പദ് വ്യവസ്ഥയെ കോപ്പിയടിക്കുന്നു എന്നായിരുന്നു പരാമർശം. 'ഇന്ത്യയെ പോലുള്ള ഒരു വലിയ രാഷ്ട്രം പണമുണ്ടാക്കാൻ വേണ്ടി ശ്രീലങ്കയെ പോലുള്ള ചെറിയ സമ്പദ് വ്യവസ്ഥയെ കോപ്പിയടിക്കുന്നു' - എന്നാണ് മാലിദ്വീപ് എംപി ട്വിറ്ററിൽ കുറിച്ചത്.
പിന്നാലെ, മാലിദ്വീപ് മന്ത്രി മറിയം ഷിയുന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായി. കോമാളി, ഇസ്രായേലിന്റെ പാവ എന്നിങ്ങനെയൊക്കെ ആയിരുന്നു മോദിയെ അവര്‍ കുറ്റപ്പെടുത്തിയിരുന്നത്. അധിക്ഷേപകരമായ പരാമർശത്തിൽ ഇന്ത്യ ഔദ്യോഗികമായി മാലിദ്വീപിനെ അമർഷം അറിയിച്ചിട്ടുണ്ട്. മന്ത്രിയുടേത് സർക്കാറിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് മാലിദ്വീപിലെ മുഹമ്മദ് മുഇസ്സു സർക്കാർ വിശദീകരണക്കുറിപ്പിറക്കി.
കഴിഞ്ഞ വർഷം നവംബറിൽ മുഹമ്മദ് മുഇസ്സു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയും മാലിദ്വീപും അത്ര അടുപ്പത്തിലല്ല. ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മുഇസ്സു അടുത്തയാഴ്ച അവിടം സന്ദർശിക്കുന്നുമുണ്ട്.