Entertainment
സൽമാൻ ഖാന് ഇമെയിൽ വഴി വീണ്ടും വധഭീഷണി; വീടിന് പുറത്ത് സുരക്ഷ ശക്തമാക്കി
Entertainment

സൽമാൻ ഖാന് ഇമെയിൽ വഴി വീണ്ടും വധഭീഷണി; വീടിന് പുറത്ത് സുരക്ഷ ശക്തമാക്കി

Web Desk
|
20 March 2023 3:18 AM GMT

സുരക്ഷ കണക്കിലെടുത്ത് നടന്‍റെ പരിപാടികളില്‍ മാറ്റം വരുത്താൻ പൊലീസ് ശിപാർശ ചെയ്തു

മുംബൈ: അധോലോക നേതാവിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കി. ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് സുരക്ഷക്കായി പൊലീസ് സംഘത്തെ വിന്യസിച്ചു.പഞ്ചാബിലെ ബതിന്ദ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയി സൽമാൻ ഖാനെ വധിക്കുകയാണ് ജീവിത ലക്ഷ്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പഞ്ചാബി പോപ്പ് ഗായകന്‍ സിദ്ധുമൂസെവാലയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് ലോറന്‍സ് ബിഷ്ണോയി.

ഈ അഭിമുഖങ്ങളെ പരാമർശിക്കുന്ന ഇ.മെയിൽ സൽമാൻ ഖാന്റെ അടുത്ത അനുയായിക്ക് ലഭിച്ചു. സൽമാൻ ബിഷ്‌ണോയിയുടെ അഭിമുഖം കാണമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. പ്രശാന്ത് ഗഞ്ചല്‍ക്കര്‍ എന്നയാള്‍ക്കാണ് വധഭീഷണിയടങ്ങിയ ഇമെയില്‍ ലഭിച്ചത്. മെയില്‍ അയച്ചിരിക്കുന്നത് രോഹിത് ഗാര്‍ഗ് എന്നയാളാണ്.തുടര്‍ന്ന് സല്‍മാന്‍ഖാന്‍റെ അനുയായികള്‍ പൊലീസില്‍ പരാതി നല്‍കി.ഇതോടെയാണ് സൽമാന്റെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കിയത്.

സൽമാൻ ഖാന്റെ സുരക്ഷ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ പൊലീസ് ശിപാർശ ചെയ്തതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത കുറച്ച് ദിവസത്തേക്ക് ആൾക്കൂട്ടമുള്ള പരിപാടികൾ ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. സൽമാൻ നായകനായ കിസി കാ ഭായ് കിസി കി ജാൻ ഏപ്രിലിൽ റിലീസ് ചെയ്യും. ഇതിന്റെ പ്രമോഷൻ പരിപാടികളും ആസൂത്രണം ചെയ്യുകയാണ്. അത്തരം പരിപാടികളിലും കൂടുതൽ സുരക്ഷയോടെ ചെയ്യാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്. നിലവിൽ നടൻ മുംബൈയിലില്ലെന്നാണ് വിവരം.

കൃ​ഷ്​​ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി കൊ​ന്ന സം​ഭ​വ​ത്തി​ൽ സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് ലോറന്‍സ് ബിഷ്ണോയിയുടെ ഭീഷണി. എബിപി ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് ബിഷ്ണോയ് സല്‍മാനെതിരെ പരാമര്‍ശം നടത്തിയത്. സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ തന്‍റെ ബിഷ്ണോയി സമുദായം രോഷാകുലരാണെന്നാണ് ലോറന്‍സ് പറഞ്ഞത്. ബിഷ്ണോയി സമുദായം കൃഷ്ണമൃഗത്തെ ആദരിക്കുന്നു. തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സല്‍മാന്‍ മാപ്പ് പറയണമെന്നും ലോറന്‍സ് ആവശ്യപ്പെട്ടു.

1998ലാണ് ലോറന്‍സ് പരാമര്‍ശിച്ച സംഭവമുണ്ടായത്. ഹം സാത്ത് സാത്ത് ഹെ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയ സല്‍മാന്‍ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്. വന്യജീവി സംരക്ഷണ നിയമം, ആയുധ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. 2018ല്‍ ജോധ്പൂര്‍ കോടതി സല്‍മാന് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു. പിന്നീട് ജാമ്യം ലഭിച്ചു.




Similar Posts