സാമന്തക്ക് 'ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍'? സിനിമയില്‍ നിന്നും ഇടവേളയെടുത്തു
|രണ്ടാഴ്ചയായി താരം സമൂഹ മാധ്യമങ്ങളില്‍ സജീവമല്ല
തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഗുരുതര ചര്‍മ്മ രോഗ ബാധിതയായ സാമന്ത ചികിത്സാര്‍ത്ഥം യു.എസ്.എയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
'പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍' എന്ന രോഗമാണ് താരത്തെ ബാധിച്ചതെന്ന് സിയാസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൂര്യപ്രകാശം തൊലിയിലേല്‍ക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥ വരുന്നതിനെയാണ് 'പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍' എന്ന് പറയുന്നത്. വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു. കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ രോഗാവസ്ഥ കാരണമുള്ള പാടുകള്‍ കാണപ്പെടാറ്. രണ്ടാഴ്ചയായി താരം സമൂഹ മാധ്യമങ്ങളില്‍ സജീവമല്ല. ചികിത്സക്കായി യു.എസ്.എയിലേക്ക് പോയ സാമന്ത എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാമന്ത ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും തന്നെ നല്‍കിയിട്ടില്ല.
അതെ സമയം പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം യശോദയുടെ റിലീസ് സാമന്തയുടെ രോഗാവസ്ഥ കണക്കിലെടുത്തായിരുന്നു മാറ്റിവെച്ചതെന്നാണ് വിവരം. ചിത്രം ഓഗസ്റ്റ് 12നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പ്രമോഷന്‍ പരിപാടികള്‍ അടക്കമുള്ളവക്ക് സാമന്തക്ക് വരാന്‍ സാധിക്കാത്തതിനാലാണ് റിലീസ് മാറ്റിവെച്ചതെന്ന് തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാള ചലച്ചിത്ര നടന്‍ ദേവ് മോഹന്‍ അഭിനയിക്കുന്ന ശാകുന്തളം ആണ് സാമന്തയുടെ ചിത്രീകരിക്കാനിരിക്കുന്ന മറ്റൊരു പ്രൊജക്ട്. ഈ സിനിമയുടെ ചിത്രീകരണവും നിലവില്‍ പ്രതിസന്ധിയിലാണ്.