സാമന്തയുടെ തിളക്കവും സൗന്ദര്യവും നഷ്ടപ്പെട്ടുവെന്ന് വാര്‍ത്ത; നടിയുടെ മറുപടി
|മയോസിറ്റിസ് രോഗബാധിതയായ ശേഷം സാമന്തയുടെ തിളക്കവും ഭംഗിയും നഷ്ടപ്പെട്ടുവെന്ന അടിക്കുറിപ്പോടെയാണ് ബസ് ബാസ്ക്കറ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ ഷെയര്‍ ചെയ്തത്
ഹൈദരാബാദ്: യശോദക്ക് ശേഷം സാമന്ത അഭിനയിക്കുന്ന ചിത്രമാണ് ശാകുന്തളം. കാളിദാസന്‍റെ 'അഭിജ്ഞാനശാകുന്തളത്തെ' അടിസ്ഥാനമാക്കി തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശകുന്തളയായിട്ടാണ് നടിയെത്തുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രയിലര്‍ ലോഞ്ച് നടന്നത്. ചടങ്ങിനിടെ സാമന്ത വികാരധീനയാവുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മയോസിറ്റിസ് രോഗബാധിതയായ ശേഷം സാമന്തയുടെ തിളക്കവും ഭംഗിയും നഷ്ടപ്പെട്ടുവെന്ന അടിക്കുറിപ്പോടെയാണ് ബസ് ബാസ്ക്കറ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ ഷെയര്‍ ചെയ്തത്. ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് താരം.
"സാമന്തയെ ഓർത്ത് സങ്കടം തോന്നുന്നു! അവളുടെ ഭംഗിയും തിളക്കവും നഷ്ടപ്പെട്ടു.വിവാഹമോചനത്തിൽ നിന്നും അവള്‍ ശക്തമായി പുറത്തുവന്നുവെന്നും അവളുടെ പ്രൊഫഷണൽ ജീവിതം ഉയരങ്ങൾ താണ്ടിയെന്നും എല്ലാവരും കരുതിയപ്പോൾ, മയോസിറ്റിസ് അവളെ മോശമായി ബാധിച്ചു, അവളെ വീണ്ടും ദുർബലയാക്കി." എന്നതായിരുന്നു ട്വീറ്റ്. എന്നാല്‍ ഇതിനു ചുട്ട മറുപടിയാണ് സാമന്ത നല്‍കിയത്. ''എനിക്ക് സംഭവിച്ചതു പോലെ നിങ്ങള്‍ക്ക് ഒരിക്കലും മാസങ്ങളോളം ചികിത്സയും മരുന്നും കഴിക്കേണ്ടി വരല്ലേയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ തിളക്കത്തിലേക്ക് ചേർക്കാൻ എന്നിൽ നിന്നുള്ള കുറച്ച് സ്നേഹം ഇതാ." എന്നായിരുന്നു നടി മറുപടി നല്‍കിയത്.
പേശിവീക്കം എന്നറിയപ്പെടുന്ന മയോസിറ്റിസ് രോഗമായിരുന്നു താരത്തെ ബാധിച്ചത്. എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നതാണ് രോഗലക്ഷണം. മാസങ്ങളോളം നീണ്ട ചികിത്സക്ക് ശേഷം സാമന്ത രോഗവിമുക്തി നേടുകയും ചെയ്തു.
അതേസമേയം ശാകുന്തളം ഫെബ്രുവരി 17നാണ് തിയറ്ററുകളിലെത്തുന്നത്. ഗുണശേഖറാണ് സംവിധാനം. പുരാണഗണത്തില്‍ പെടുന്ന ചിത്രം 2ഡിയിലും ത്രീഡിയിലും പുറത്തിറങ്ങും. മലയാളിയായ ദേവ് മോഹനാണ് ചിത്രത്തിലെ നായകന്‍. ശാകുന്തളത്തിനു ശേഷം വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഖുശി, വരുണ്‍ ധവാനൊപ്പമുള്ള സിറ്റാഡല്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്.