Entertainment
samantha

സാമന്ത

Entertainment

രോഗാവസ്ഥയിലും ചെരിപ്പിടാതെ 600 പടികളും ചവിട്ടി പഴനി മുരുകനെ കണ്ട് സാമന്ത

Web Desk
|
15 Feb 2023 5:37 AM GMT

ഓരോ പടിയിലും കര്‍പ്പൂരം കത്തിച്ചുകൊണ്ടായിരുന്നു സാമന്തയുടെ ദര്‍ശനം

പഴനി: പഴനി മുരുകന്‍റെ അനുഗ്രഹം തേടി നടി സാമന്ത ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നഗ്നപാദയായി 600 പടികളും ചവിട്ടിയാണ് നടി മലമുകളിലുള്ള ക്ഷേത്രത്തിലെത്തിയത്. ഓരോ പടിയിലും കര്‍പ്പൂരം കത്തിച്ചുകൊണ്ടായിരുന്നു സാമന്തയുടെ ദര്‍ശനം.

സംവിധായകന്‍ സി.പ്രേംകുമാറും ഒപ്പമുണ്ടായിരുന്നു. മയോസിറ്റിസ് രോഗത്തിന് ചികിത്സ തേടിക്കൊണ്ടിരിക്കുന്ന നടി ക്ഷേത്രദര്‍ശനത്തിനിടെ മുഖംമൂടി ധരിച്ചിരുന്നു. വെളുത്ത നിറത്തിലുള്ള ലളിതമായ ചുരിദാറാണ് നടി ധരിച്ചിരുന്നത്. ശാകുന്തളമാണ് നടിയുടെതായി ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഏപ്രില്‍ 14നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഫെബ്രുവരി 17നായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ചില കാരണങ്ങളാല്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. തെലുങ്ക്,ഹിന്ദി,തമിഴ് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.മലയാളിയായ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുന്നത്.





കഴിഞ്ഞ ഒക്ടോബറിലാണ് തന്‍റെ രോഗാവസ്ഥയെക്കുറിച്ച് നടി ആരാധകരോട് തുറന്നുപറഞ്ഞത്. മസിലുകളിൽ വീക്കം സംഭവിക്കുന്ന ഒരു അവസ്ഥയാണ് മയോസിറ്റിസ്. മയോ എന്നാൽ പേശികൾ എന്നും ഐറ്റിസ് എന്നാൽ വീക്കവുമെന്നാണ് അർഥം. വിവിധ രോഗങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഇതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. അണുബാധകൾ, മരുന്നുകൾ, രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവ മൂലവും ഈ അസുഖം ഉണ്ടായേക്കാം. ഒരു ലക്ഷത്തിൽ നാല് മുതൽ 22 പേർക്ക് മാത്രമേ ഈ രോഗം വരാൻ സാധ്യതയുള്ളു. പേശികൾ സ്വന്തം രോഗപ്രതിരോധ സംവിധാനത്താൽ ആക്രമിക്കപ്പെടുന്ന അവസ്ഥ കൂടിയാണിത്.



സാധാരണയായി കൈകൾ, തോളുകൾ, കാലുകൾ, ഇടുപ്പ്, നട്ടെല്ല് എന്നിവയുടെ പേശികളെ ബാധിക്കുന്നു. രോഗം കൂടിയാൽ അന്നനാളം ഡയഫ്രം, കണ്ണുകൾ എന്നിവയുടെ പേശികളെയും ബാധിച്ചേക്കാം. ഇരുന്നതിന് ശേഷം എഴുന്നേൽക്കുമ്പോഴും പടികൾ കയറുമ്പോഴും വസ്തുക്കൾ ഉയർത്തുമ്പോഴും രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ചില മരുന്നുകൾ, ഗുരുതരമായ ശാരീരിക പരിക്കുകൾ എന്നിവയ്‌ക്കൊപ്പം വൈറൽ അണുബാധകളും മയോസിറ്റിസിന് കാരണമാകാറുണ്ട്. 30 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലും ആളുകളിലും ഇത്തരത്തിലുള്ള രോഗം സാധാരണമാണ്.


Similar Posts