Entertainment
Samantha Ruth Prabhu

സാമന്ത

Entertainment

കണ്ണുകളില്‍ സൂചി കുത്തുന്ന വേദന, ഓരോ ദിവസവും രൂപം മാറിക്കൊണ്ടിരുന്നു; രോഗാവസ്ഥയുടെ നാളുകളെക്കുറിച്ച് സാമന്ത

Web Desk
|
1 April 2023 5:12 AM GMT

ഒരു നടി എന്ന നിലയില്‍ സിനിമകളിലും സോഷ്യല്‍മീഡിയയിലും അഭിമുഖങ്ങളിലുമെല്ലാം പൂര്‍ണതയാണ് ഞാന്‍ ആഗ്രഹിക്കുന്നത്

ഹൈദരാബാദ്: സാമന്ത നായികയായ 'ശാകുന്തളം' റിലീസിന് ഒരുങ്ങുകയാണ്. പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം. പ്രമോഷനിടെ മയോസൈറ്റിസ് രോഗവുമായി താന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞിരിക്കുകയാണ്. താനൊരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാൽ ഈ രോഗനിർണയം ചങ്ങലയുടെ അവസാനത്തെ പൊളിക്കലാണെന്നും നടി സാമന്ത വ്യക്തമാക്കി.ബോളിവുഡ് ബബിള്‍ എന്ന യുട്യൂബ് ചാനലിനോടായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.


''ഒരു നടി എന്ന നിലയില്‍ സിനിമകളിലും സോഷ്യല്‍മീഡിയയിലും അഭിമുഖങ്ങളിലുമെല്ലാം പൂര്‍ണതയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എപ്പോഴും മികച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. ഞാൻ ആരാണെന്ന് സ്വയം അംഗീകരിക്കുകയും ചെയ്യുന്നു.എല്ലായ്പ്പോഴും മികച്ചതില്‍ നിന്നും മികച്ചതാകാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഒരുസമയത്ത് ഇതൊന്നും എന്‍റെ നിയന്ത്രണത്തില്‍ അല്ലാതെയായി. ഞാന്‍ കഴിക്കേണ്ട മരുന്നുകള്‍, അവയുടെ പാര്‍ശ്വഫലങ്ങള്‍ ഇതെല്ലാം കാരണമായി'' സാമന്ത പറയുന്നു.

മരുന്ന് മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചും നടി തുറന്നുപറഞ്ഞു. ചില ദിവസങ്ങളില്‍ വല്ലാതെ ക്ഷീണിക്കും, മറ്റു ചിലപ്പോള്‍ തടിക്കും. ഓരോ ദിവസവും എന്‍റെ രൂപം മാറിക്കൊണ്ടിരുന്നു. അതിനാൽ, ഒരു അഭിനേതാവെന്ന നിലയിൽ തകർക്കപ്പെടേണ്ട അവസാന ചങ്ങലയായിരുന്നു ഇത്. നിങ്ങള്‍ക്കറിയാമോ? നമ്മുടെ കണ്ണുകളാണ് വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള മാധ്യമം. എന്നാല്‍ ഞാന്‍ എല്ലാ ദിവസവും കണ്ണില്‍ സൂചി കുത്തുന്ന വേദനയോടെയാണ് എഴുന്നേല്‍ക്കാറുള്ളത്. എല്ലാ ദിവസവും ഞാൻ ഈ വേദനയിലൂടെ കടന്നുപോകുന്നു. ഞാന്‍ കണ്ണട വയ്ക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഒരിക്കലും സ്റ്റൈലിനു വേണ്ടിയല്ല കണ്ണട വയ്ക്കുന്നത്. എന്‍റെ കണ്ണുകള്‍ വളരെ സെന്‍സിറ്റീവാണ്. സൂര്യപ്രകാശം എന്‍റെ കണ്ണുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എനിക്ക് കടുത്ത മൈഗ്രേന്‍ ഉണ്ട്. കണ്ണുകളിൽ തീവ്രമായ വേദനയുണ്ട്, അവ വേദനയിൽ നിന്ന് വീർക്കുന്നു, കഴിഞ്ഞ എട്ട് മാസമായി ഇതാണ് അവസ്ഥ...ഒരു നടിക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണിതെന്നും സാമന്ത പറഞ്ഞു.



കഴിഞ്ഞ ഒക്ടോബറിലാണ് തന്‍റെ രോഗാവസ്ഥയെക്കുറിച്ച് നടി ആരാധകരോട് തുറന്നുപറഞ്ഞത്. മസിലുകളിൽ വീക്കം സംഭവിക്കുന്ന ഒരു അവസ്ഥയാണ് മയോസിറ്റിസ്. മയോ എന്നാൽ പേശികൾ എന്നും ഐറ്റിസ് എന്നാൽ വീക്കവുമെന്നാണ് അർഥം. വിവിധ രോഗങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഇതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. അണുബാധകൾ, മരുന്നുകൾ, രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവ മൂലവും ഈ അസുഖം ഉണ്ടായേക്കാം. ഒരു ലക്ഷത്തിൽ നാല് മുതൽ 22 പേർക്ക് മാത്രമേ ഈ രോഗം വരാൻ സാധ്യതയുള്ളു. പേശികൾ സ്വന്തം രോഗപ്രതിരോധ സംവിധാനത്താൽ ആക്രമിക്കപ്പെടുന്ന അവസ്ഥ കൂടിയാണിത്.



Similar Posts