'ഇനിയെല്ലാം പഴയ കഥ'; നാഗചൈതന്യയെ ഇൻസ്റ്റയിൽ അൺഫോളോ ചെയ്ത് സാമന്ത
|കഴിഞ്ഞ വർഷമാണ് തെന്നിന്ത്യന്‍ താരജോഡികള്‍ വിവാഹമോചിതരായത്
തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും ചൂടുള്ള വിശേഷങ്ങളിലൊന്നാണ് നാഗചൈതന്യ-സാമന്ത ദാമ്പത്യവും വിവാഹ മോചനവും. ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ നാഗചൈതന്യയുമൊത്തുള്ള എല്ലാ ചിത്രങ്ങളും നേരത്തെ നടി തന്റെ അക്കൗണ്ടിൽനിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ മുൻ ഭർത്താവിനെ അൺഫോളോ ചെയ്ത് എല്ലാ ബന്ധവും അവസാനിപ്പിച്ചിരിക്കുകയാണ് താരം. അൺഫോളോ ചെയ്തതിന് പിന്നാലെ 'യു ഗോട്ട് ദിസ്' എന്നൊരു കുറിപ്പും ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ സാമന്ത പങ്കുവച്ചിട്ടുണ്ട്.
നാനൂറിലേറെ പേരെ മാത്രമാണ് സാമന്ത ഇൻസ്റ്റയിൽ പിന്തുടരുന്നത്. ഇതിൽ ഒരാൾ നാഗചൈതന്യയായിരുന്നു. കഴിഞ്ഞ വർഷമാണ് വിവാഹ ബന്ധം വേർപെടുത്തുന്നതായി ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2017 ഒക്ടോബറിലായിരുന്നു വിവാഹം. പേരിനൊപ്പമുണ്ടായിരുന്ന അക്കിനേനി എന്ന സർനെയിം ഒഴിവാക്കിയതോടെയാണ് ഇരുവരും തമ്മിൽ വേർപിരിയുന്നെന്ന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. 'എസ്' എന്ന പേരാണ് ഇവർ സ്വീകരിച്ചിരുന്നത്.
വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവന ഇങ്ങനെയായിരുന്നു; 'ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങൾ ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി.'
അതിനിടെ, വിവാഹമോചനത്തെ കുറിച്ചുള്ള ഒരു പ്രസ്താവന സാമന്ത ഡിലീറ്റ് ചെയ്തത് ഇരുവരും വീണ്ടും ഒന്നിച്ചേക്കും എന്ന പ്രചാരണത്തിന് കാരണമായിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസം. അതേസമയം, നാഗചൈതന്യ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ സാമന്തയെ ഫോളോ ചെയ്യുന്നുണ്ട്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും നീക്കം ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിൽ തീരേ സജീവമല്ലാത്ത താരമാണ് നാഗചൈതന്യ.
വിവാഹമോചന ശേഷം സിനിമകളില്‍ സജീവമാണ് സാമന്ത. ഡൗൺടൗൺ അബ്ബേ സംവിധായകൻ ഫിലിപ് ജോണിന്റെ അറേഞ്ച്മെന്റ്സ് ഓഫ് ലവ് എന്ന സിനിമയിലാണ് സാമന്ത ഇപ്പോൾ അഭിനയിക്കുന്നത്. സ്വന്തം ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന ബൈസെക്ഷ്വൽ കഥാപാത്രമാണ് ചിത്രത്തിൽ ഇവർ. ബോക്സ് ഓഫീസ് ഹിറ്റായ അല്ലു അർജുന്റെ പുഷ്പയിൽ സാമന്ത ചെയ്ത ഐറ്റം നമ്പർ വൻ ഹിറ്റായിരുന്നു.