നടിമാര്‍ക്ക് ആക്ഷന്‍ റോളുകള്‍ കിട്ടുന്നതേ അപൂര്‍വം, പ്രത്യേകിച്ച് ഇന്ത്യയില്‍: സാമന്ത
|പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും പ്രധാന വേഷത്തിലെത്തുന്ന സിറ്റാഡല്‍ സീരിസിന്‍റെ ഇന്ത്യന്‍ സ്പിന്‍ ഓഫില്‍ സാമന്തയും വരുണുമാണ് അഭിനയിക്കുന്നത്
ആമസോണ്‍ പ്രൈം വീഡിയോസിന്റെ പുതിയ സീരിസായ സിറ്റാഡലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സീരിസിന്റെ ഗ്ലോബല്‍ വേര്‍ഷനില്‍ പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളാകുമ്പോള്‍, ഇന്ത്യന്‍ വേര്‍ഷനില്‍ സാമന്ത റൂത്ത് പ്രഭുവും വരുണ്‍ ധവാനുമാണ് എത്തുന്നത്. പ്രധാന വേര്‍ഷന്‍ ഒരുങ്ങുന്നത് ഇംഗ്ലിഷിലാണ്.
സിറ്റാഡല്‍ യൂണിവേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സാമന്തയും വരുണും. കഴിഞ്ഞ ദിവസം നടന്ന സിറ്റാഡലിന്റെ ലണ്ടന്‍ പ്രീമിയറില്‍ വെച്ച് സീരിസിലേക്ക് എത്തിയതിനെ കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു.
സിനിമകളില്‍ ആക്ഷന്‍ റോളുകളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് വളരെ അപൂര്‍വമാണെന്നും അതാണ് ഈ സീരിസിലേക്ക് തന്നെ ആകര്‍ഷിച്ച പ്രധാന ഘടകമെന്നും സാമന്ത പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സാമന്തയുടെ പ്രതികരണം. ഫാമിലിമാന്റെ രണ്ടാം സീസണിലെയും യശോദ സിനിമയിലെയും സാമന്തയുടെ ആക്ഷന്‍ സീനുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
'വളരെ അപൂര്‍വമായാണ് സ്ത്രീകള്‍ക്ക് സിനിമകളില്‍ ആക്ഷന്‍ റോളുകള്‍ ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍ ഇത് അത്യപൂര്‍വമാണ്ം. അതുകൊണ്ട് തന്നെ സീരിസില്‍ അഭിനയിക്കുന്നതിനെ കുറിച്ച് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സിറ്റാഡല്‍ പോലെ ഒരു വലിയ യൂണിവേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളെ ബന്ധപ്പെടുത്തുന്ന പ്ലാറ്റ്‌ഫോമാണിത്. ഒരു ലോകവേദിയാണ് ഞങ്ങള്‍ക്ക് ഈ സീരിസിലൂടെ ലഭിക്കുന്നത്,' സാമന്ത പറഞ്ഞു.
സിറ്റാഡലിന്റെ സ്പിന്‍ ഓഫ് സീരിസുകളായാണ് ഇന്ത്യയിലും ഇറ്റലിയിലും സ്‌പെയ്‌നിലും മെക്‌സിക്കോയിലും വേര്‍ഷന്‍സ് ഒരുങ്ങുന്നത്. ഇന്ത്യന്‍ വേര്‍ഷന്‍ സംവിധാനം ചെയ്യുന്നത് രാജ്-ഡി.കെ ടീമാണ്. ഇന്ത്യന്‍-അമേരിക്കന്‍ സംവിധായകര്‍ ഒന്നിക്കുന്ന ഒരു സീരിസിന്റെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താനെന്നാണ് വരുണ്‍ ധവാന്‍ പ്രീമിയറില്‍ പറഞ്ഞത്.
'ഞാന്‍ ആദ്യമായി അഭിനയിക്കുന്ന സീരിസാണിത്. ഇതിന് മുമ്പ് ഫീച്ചര്‍ സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. അതുകൊണ്ട് തന്നെ വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. മാത്രമല്ല, ഇന്ത്യയിലെ ഏറെ പ്രശസ്തരായ സംവിധായകരായ രാജും ഡി.കെയും, റൂസോ ബ്രദേഴ്‌സും ഡേവിഡുമായും ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന ആദ്യ സീരിസ് കൂടിയാണിത്. ആ ഇന്ത്യന്‍-അമേരിക്കന്‍ പങ്കുച്ചേരലിന്റെ ഭാഗമായി ഉണ്ടായി വരുന്ന മെറ്റീരിയലിന്റെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഇത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു,' വരുണ്‍ ധവാന്‍ പറഞ്ഞു.
സിറ്റാഡലിന്റെ ഗ്ലോബല്‍ വേര്‍ഷന്റെ ആദ്യ രണ്ട് എപ്പിസോഡുകള്‍ ഏപ്രില്‍ 28ന് പുറത്തിറങ്ങും. തുടര്‍ന്നുള്ള എപ്പിസോഡുകള്‍ മെയ് 26 മുതല്‍ ആഴ്ച തോറും റിലീസ് ചെയ്യും.