ജയ് ശ്രീറാം; രാമന്റെയും സീതയുടെയും ചിത്രം പങ്കുവച്ച് നടി സംയുക്ത
|രേവതിയുടെ വാക്കുകളെ പിന്തുണച്ച് നിത്യയും രംഗത്തെത്തുകയായിരുന്നു
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നടി രേവതി, നിത്യാ മേനന് തുടങ്ങിയ നടിമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ജനുവരി 22 അവിസ്മരണീയമായ ദിവസമായിരുന്നുവെന്നും രാം ലല്ലയുടെ മുഖം കണ്ടപ്പോഴുണ്ടായ നിര്‍വൃതി നവ്യാനുഭവമായിരുന്നെന്നുമാണ് രേവതി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. രേവതിയുടെ വാക്കുകളെ പിന്തുണച്ച് നിത്യയും രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ രാമന്റെയും സീതയുടെയും വനവാസ കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സംയുക്ത മേനോനും രംഗത്തെത്തിയിരിക്കുകയാണ്.
ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ''സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാൾ വലുതാകാനുമുള്ള കഴിവാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത്'' എന്നാണ് നടി കുറിച്ചത്. പ്രാണ പ്രതിഷ്ഠാ ദിവസം നിലവിളക്ക് തെളിയിച്ചതിന്റെ ചിത്രവും സംയുക്ത പങ്കുവച്ചിരുന്നു.
നേരത്തെ നടി ദിവ്യ ഉണ്ണി, സാമന്ത,ശില്പ ഷെട്ടി എന്നിവരും രാം ലല്ലയുടെ ചിത്രം പങ്കുവച്ചിരുന്നു. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യ പ്രഭ, കനി കുസൃതി, സംവിധായകനും നടനുമായ ആശിഖ് അബു, സംവിധായകൻ കമൽ കെ.എം, സംവിധായകനും നടനുമായ ജിയോ ബേബി, നടൻ മിനോണ്‍, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് തങ്ങളുടെ സോഷ്യൽമീഡിയകളിലൂടെ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് അയോധ്യ വിഷയത്തിൽ നിലപാട് അറിയിച്ചത്.
അതേസമയം രാം ലല്ലയുടെ ചിത്രം പങ്കുവച്ചതിനു പിന്നാലെ രേവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ''പൊയ് മുഖങ്ങൾ അഴിഞ്ഞുവീഴുന്ന ദിവസം ആണെന്ന് കേട്ടിരുന്നു. തെളിയിച്ചു''വെന്നും ഒരാള്‍ കുറിച്ചു. 'അയ്യേ' എന്നായിരുന്നു സംവിധായകന് ഡോണ്‍ പാലത്തറയുടെ പ്രതികരണം.
''ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു ഇന്നലെ. രാം ലല്ലയുടെ ആരെയും ആകര്‍ഷിക്കുന്ന മുഖം കാണുമ്പോൾ എനിക്ക് തോന്നുന്ന ഈ ആവേശം എന്റെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളില്‍ എന്തോ തുടിച്ചു, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു. മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു. മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി നിലനിർത്തുന്നതും . എല്ലാവർക്കും ഇങ്ങനെ വേണം. ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു... ഒരു പക്ഷേ ആദ്യമായി ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ വിശ്വാസികളാണ്'!!! ജയ് ശ്രീറാം'' എന്നാണ് രേവതി കുറിച്ചത്.
The most authentic thing about us is our capacity to create, to overcome, to endure, to transform, to love and to be greater than our suffering.
— Samyuktha (@iamsamyuktha_) January 22, 2024
- Ben Okri#JaiShreeRam pic.twitter.com/HVcaYvshY2