പനോരമ എൻട്രി നേടി തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക
|തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ സംവിധാന ചിത്രമാണിത്
സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കാ എന്ന ചിത്രത്തിന് ഇന്ത്യൻ പനോരമ എൻട്രി ലഭിച്ച വാർത്ത എത്തിയത് വിലായത്ത് ബുദ്ധയുടെ ലൊക്കേഷനിൽ ഏറെ സന്തോഷകരമായി. സെറ്റിലുണ്ടായിരുന്ന സന്ദീപ് സേനനെ പൃഥ്വിരാജ് അടക്കമുള്ള അഭിനേതാക്കളും അണിയറ പ്രവർത്തകരും ആശംസകൾ അർപ്പിച്ച് സന്തോഷം പങ്കിട്ടു.
ലുഖ്മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സൗദി വെള്ളക്ക തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ സംവിധാന ചിത്രമാണ്. വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ഓപ്പറേഷന്‍ ജാവയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ആദ്യ ചിത്രം. സൗദി വെള്ളക്ക ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്ക് ശേഷമാകും കേരളത്തിലെ തിയറ്ററുകളിലെത്തുക.
വ്യത്യസ്തമായ തിരക്കഥാരചനയും ചിത്രീകരണ ശൈലിയും സൗദി വെള്ളക്കക്ക് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. കൊച്ചിയിലും പെരുമ്പാവൂരിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഹരീന്ദ്രൻ ആണ് ചിത്രത്തിൻ്റെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരൺ വേലായുധൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹകൻ.