Entertainment
കുരുതിയെ പുകഴ്‍ത്തി സംഘ്പരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥ്
Entertainment

'കുരുതി'യെ പുകഴ്‍ത്തി സംഘ്പരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥ്

Web Desk
|
12 Aug 2021 7:51 AM GMT

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന 'കുരുതി' ആമസോൺ പ്രൈം വിഡിയോയിലാണ് റിലീസ്​ ചെയ്തത്. അനീഷ് പല്യാൽ രചിച്ച് മനു വാര്യർ സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ ബാനറിൽ സുപ്രിയ മേനോൻ ആണ് നിർമ്മിച്ചത്

പൃഥിരാജ് ചിത്രമായ 'കുരുതി'യെ പുകഴ്ത്തി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്​.പി) മുൻ നേതാവ്​ പ്രതീഷ് വിശ്വനാഥ്​. ഇവിടെ നിന്നും വിദേശത്തു വരെ പോയി തീവ്രവാദം നടത്തുന്നതിനെയും തിരിച്ചു ഇവിടെ വന്നു തീവ്രവാദം നടത്തുന്നതിനെയും ഭംഗിയായി ചിത്രം അവതരിപ്പിക്കുന്നതായും തീവ്രവാദത്തെ കുറിച്ചു സമൂഹം ചർച്ച ചെയ്യാൻ ഇത്തരം സിനിമകൾ നല്ലതാണെന്നുമായിരുന്നു പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേ സമയം തീവ്രഹിന്ദുത്വത്തെ വെള്ളപൂശുന്ന, മുസ്​ലിം വിരുദ്ധത പറയുന്നതാണ് 'കുരുതി' എന്ന വ്യാപക വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. "ഭൂരിപക്ഷ വർഗീയത എന്നൊന്നുണ്ടെങ്കിൽ അതിനു കാരണം ന്യൂനപക്ഷ വർഗീയതയാണ്. അതൊന്നിനെ എതിർക്കാൻ വേണ്ടി മാത്രമുണ്ടാകുന്ന നിഷ്കളങ്കതയുടെ പേരാണു ഭൂരിപക്ഷ വർഗീയത " എന്നത് ടാഗ് ലൈനാക്കിയ സിനിമയാണ് കുരുതി എന്ന് ഹരി മോഹന്‍ എഴുതുന്നു.

"എതിരില്ലാതെ ബിജെപി ജയിച്ചു അധികാരത്തിലേക്ക് എത്തുന്ന അവസ്ഥയാണ് ഇന്നു ഇന്‍ഡ്യയിലുള്ളതു. ഈ സാഹചര്യത്തിലാണ് ആനുപാതികമല്ലാത്ത വിധം വിമര്‍ശന വിധേയമാവുന്ന ഇസ്ലാം മതവിമര്‍ശനത്തേയും, മുസ്ലിം അന്യതാവല്‍ക്കരണത്തേയും കാണേണ്ടതു. ഈ കഥ പറച്ചിലുകള്‍, ഊട്ടിയുറപ്പിക്കലുകള്‍ ആരെയാണ് ഫലത്തില്‍ സഹായിക്കുന്നതെന്ന് തിരിച്ചറിയണം. വെറുപ്പിന്‍റെ രാഷ്ട്രീയം തുറന്നു കാട്ടുന്നുവെന്ന വ്യാജേന ആവര്‍ത്തിക്കപ്പെടുന്ന നറേറ്റീവുകള്‍, സത്യത്തില്‍ വിഷവിത്തുകള്‍ പാകുന്നത് ആരുടെയൊക്കെ മനസിലാണെന്ന ബോധ്യമുണ്ടാവണം." റോഷന്‍ പി.എം സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതി. "മലയാളസിനിമ ചരിത്രത്തിൽ കണ്ട ലക്ഷണമൊത്ത സംഘപരിവാർ സിനിമയാണ് കുരുതി"യെന്നായിരുന്നു ശ്രീചിത്രന്‍ എം.ജെയുടെ പ്രതികരണം.

പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കുരുതി എന്ന സിനിമ കണ്ടു ... പൃഥ്വിരാജിന് ഒരു സഹനടന്റെ റോൾ മാത്രമായിട്ടാണ് തോന്നിയത് ...ഇവിടെ നിന്നും വിദേശത്തു വരെ പോയി തീവ്രവാദം നടത്തുന്നതിനെയും തിരിച്ചു ഇവിടെ വന്നു തീവ്രവാദം നടത്തുന്നതിനെയും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു .... ന്യൂനപക്ഷ തീവ്രവാദത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഭൂരിപക്ഷ സമുദായത്തിന്റെ ശ്രമങ്ങൾ എന്ന പേരിലും ചിത്രത്തിൽ ചില ഭാഗങ്ങളുണ്ട് ...തീവ്രവാദത്തെ കുറിച്ചു സമൂഹം ചർച്ച ചെയ്യാൻ ഇത്തരം സിനിമകൾ നല്ലതാണു ... തീവ്രവാദം അതിരു വിടുമ്പോൾ അതിനെ ഇല്ലാതാക്കാൻ സമൂഹത്തെ സജ്ജമാക്കാൻ സിനിമ ഉപയോഗപ്പെടുത്താൻ കലാകാരന്മാർക്ക് സാധിക്കട്ടെ

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന 'കുരുതി' ആമസോൺ പ്രൈം വിഡിയോയിലാണ് റിലീസ്​ ചെയ്തത്. അനീഷ് പല്യാൽ രചിച്ച് മനു വാര്യർ സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ ബാനറിൽ സുപ്രിയ മേനോൻ ആണ് നിർമ്മിച്ചത്. റോഷൻ മാത്യു, ശിന്ദ്ര, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, മണികണ്ഠൻ രാജൻ, നെൽസൺ, സാഗർ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

Similar Posts