Entertainment
കാര്യം നിസാരം, പ്രശ്നം ഗുരുതരം സാറാസ് പറഞ്ഞുവെക്കുന്നത്... റിവ്യു വായിക്കാം
Entertainment

'കാര്യം നിസാരം, പ്രശ്നം ഗുരുതരം' സാറാസ് പറഞ്ഞുവെക്കുന്നത്... റിവ്യു വായിക്കാം

Roshin Raghavan
|
6 July 2021 4:07 PM GMT

സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് 'ഇത് ഒരിക്കലും ഒരു സാധാരണ ചിരിപ്പടമല്ല' എന്നാണ്. സത്യമാണ്, സാറാസ് അത്തരത്തിലുള്ള ഒരു സിനിമയല്ല. പിന്നെ, എന്താണ് സാറാസ്?

എന്താണ് ഫീല്‍ ഗുഡ് സിനിമ എന്നതിന് നമ്മുടെ പ്രേക്ഷക സമൂഹത്തില്‍ വാര്‍പ്പുമാതൃകകള്‍ ഏറെയുണ്ട്. ഒരു വലിയ വിഭാഗം ആളുകള്‍ക്ക് കണ്ടാല്‍ ഇഷ്ടപ്പെടുന്ന, പൊതുബോധത്തെ തൃപ്തിപ്പെടുത്തി ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും പര്യായമായി നിലകൊണ്ടുകൊണ്ട് പ്രേക്ഷകനെ സന്തോഷിപ്പിക്കുക എന്നതാണ് ഇതിലെ 'പോപ്പുലര്‍ വേര്‍ഷന്‍'. പക്ഷെ, വലിയൊരു സമൂഹത്തിന് കേട്ടാല്‍ ദഹിക്കാത്ത, ചിന്തിക്കാന്‍ വലിയ ഇടം കൊടുക്കുന്ന വിഷയങ്ങളെയും ഫീല്‍ ഗുഡ് വിഭാഗത്തില്‍ പെടുത്താം എന്ന് തെളിയിക്കുന്ന ഒരു കൊച്ചു സിനിമയാണ് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ജൂഡ് ആന്‍റണി ജോസഫിന്‍റെ സാറാസ്. കേട്ടാല്‍ എളുപ്പമെന്ന് തോന്നുന്ന, എന്നാല്‍ അത്രകണ്ട് ലളിതമല്ലാത്ത ഒരു വിഷയം പ്രേക്ഷകരുമായി സംവദിക്കാന്‍ തെരഞ്ഞെടുത്തു എന്നതാണ് സാറാസിന്‍റെ കാതല്‍. സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് 'ഇത് ഒരിക്കലും ഒരു സാധാരണ ചിരിപ്പടമല്ല' എന്നാണ്. സത്യമാണ്, സാറാസ് അത്തരത്തിലുള്ള ഒരു സിനിമയല്ല. പിന്നെ, എന്താണ് സാറാസ്?




ഒരു സാധാരണ ഫീല്‍ ഗുഡ് ചിത്രത്തിന്‍റെ സ്റ്റൈല്‍ ഓഫ് നരേഷനിലൂടെത്തന്നെയാണ് കഥ പറഞ്ഞുപോകുന്നതെങ്കിലും സിനിമ പറയുന്ന വിഷയമാണ് അതിനെ നയിക്കുന്നത്. ആ വിഷയത്തിലെ പുതുമയും സമൂഹത്തില്‍ അത് ചര്‍ച്ച ചെയ്യേണ്ട ആവശ്യകതയും സിനിമയുടെ മുതല്‍ക്കൂട്ടാകുന്നു. സാറാസ് എന്ന ചിത്രത്തെ പൂര്‍ണമായും പരിചയപ്പെടണമെങ്കില്‍ ഒരു ടിപ്പിക്കല്‍ മലയാളി സൊസൈറ്റിയില്‍/കുടുംബത്തില്‍ നിന്നുകൊണ്ട് ആക്സിഡന്‍റല്‍ പ്രഗ്നന്‍സി(യാഥൃശ്ചികമായ ഗര്‍ഭധാരണം)യെക്കുറിച്ച് ചിന്തിക്കണം. ഒരു സാധാരണ ചിരിപ്പടത്തില്‍ നിന്നും സാറാസിനെ വ്യത്യസ്തമാക്കുന്നത് ആ പോയിന്‍റ് ഓഫ് വ്യൂ ആണ്.




സ്വന്തം സ്വപ്നങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യുന്ന, നിശ്ചയധാര്‍ഢ്യമുള്ള പെണ്‍കുട്ടിയാണ് സാറ. മലയാള സിനിമയിലെ വരേണ്യ വിഭാഗമായ സ്ത്രീ സംവിധായകരില്‍ ഒരാളാവുക എന്നതാണ് സാറയുടെ ലക്ഷ്യം. ആ യാത്രയില്‍ കണ്ടുമുട്ടുന്ന ജീവനുമായി സാറ പ്രണയത്തിലാവുകയും അവര്‍ വിവാഹിതരാവുകയും ചെയ്യുന്നു. ശേഷം സാറയുടെ സ്വപ്നത്തിന് വിലങ്ങുതടിയായി പല പ്രശ്നങ്ങളും ഉരുത്തിരിയുകയും അതിനെ സാറ എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രത്തിന്‍റെ വണ്‍ലൈന്‍.

എപ്പോള്‍ ഗര്‍ഭം ധരിക്കണം, പ്രസവിക്കണം എന്നുള്ളതെല്ലാം തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഭയന്ന് എടുക്കേണ്ട തീരുമാനമല്ല പ്രഗ്നന്‍സി. കേള്‍ക്കുമ്പോള്‍ എളുപ്പമായിരിക്കാം, പക്ഷെ, നേരത്തെ പറഞ്ഞ ഒരു ടിപ്പിക്കല്‍ മലയാളി സൊസൈറ്റിയില്‍/കുടുംബത്തില്‍ നിന്നുകൊണ്ട് വീക്ഷിക്കുമ്പോള്‍ അത് അത്ര ചെറിയ കാര്യമല്ല. ഇത് വളരെ ലളിതമായ രീതിയില്‍ സിനിമയിലൂടെ പറയാന്‍ സാറാസിനായി എന്നതാണ് സാറാസിന്‍റെ വിജയം. സിനിമ പറയുന്ന ഏതൊരു കടുത്ത വിഷയവും ലളിതമാകുന്നിടത്താണല്ലോ അത് ആസ്വാദ്യമാകുന്നത്. സാറാസ് ഒരേസമയം ഒരു ചിരിപ്പടം ആകുന്നതും അല്ലാതാവുന്നതും ഇങ്ങനെയാണ്.




ജൂഡ് ആന്‍റണി ജോസഫിന്‍റെ മുന്‍കാല സിനിമകളെപ്പോലെ ഒരു സ്ത്രീയുടെ/പെണ്‍കുട്ടിയുടെ പോയിന്‍റ് ഓഫ് വ്യൂവിലൂടെയാണ് ചിത്രം കഥ പറഞ്ഞുപോകുന്നത്. ഓം ശാന്തി ഓശാന എന്ന തന്‍റെ ആദ്യ ചിത്രത്തിലെ നരേറ്റീവ് ടെക്നിക്കുകളില്‍ നിന്നും സാറാസ് വ്യത്യസ്തമല്ലെങ്കിലും വലിയ വിഷയങ്ങള്‍ ലളിതമാക്കുന്ന ഫീല്‍ ഗുഡ് ടെക്നിക് വിജയം കണ്ടിട്ടുണ്ട്. ഒരു മുത്തശ്ശി കഥയില്‍ നിന്നും സാറിസിലേക്കെത്തുമ്പോള്‍ ജൂഡ് എന്ന സംവിധായകന്‍ ഉയര്‍ന്നിട്ടുണ്ട്. എങ്കിലും കഥ പറച്ചിലിലെ ചില അപാകതകള്‍ സിനിമയുടെ ഒഴുക്കിനെ ചെറുതായെങ്കിലും ബാധിച്ചിട്ടുണ്ട്.

അക്ഷയ് ഹരീഷ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് സാറാസ്. തന്‍റെ ആദ്യ തിരക്കഥയില്‍ത്തന്നെ ഇത്രയേറെ വ്യത്യസ്തമായ വിഷയം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനായി എന്നത് പ്രശംസനീയമാണ്. ജൂഡ് എന്ന സംവിധായകന്‍റെ സ്റ്റൈല്‍ ഓഫ് നരേഷനോട് ചേര്‍ന്ന് പോകുന്ന രീതിയിലാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സാറ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ കഥ പറഞ്ഞുപോകുന്നതെങ്കിലും സാറയിലേക്ക് മാത്രമായി തിരക്കഥ പലപ്പോഴും ഒതുങ്ങിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ട കഥാപാത്രങ്ങളെ ചിത്രത്തില്‍ കൊണ്ടുവരാന്‍ കാരണം ഈ ഒതുങ്ങിക്കൂടല്‍ മറികടക്കാനായുള്ള ടെക്നിക്കായാണ് അനുഭപ്പെട്ടത്.




അന്ന ബെന്‍(സാറ), സണ്ണി വെയിന്‍(ജീവന്‍) എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ സാറാസിനെ കുറച്ചുകൂടി മികച്ചതാക്കുന്നു. കോവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തീകരിച്ചതുകൊണ്ടുതന്നെ വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. ഹാപ്പിനസ് പ്രൊജക്ട് എന്ന അഭിമുഖ പരിപാടിയിലൂടെ ശ്രദ്ധ നേടിയ ധന്യ വര്‍മ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖിന്‍റെ ഡോക്ടറുടെ കഥാപാത്രവും മികച്ചുനില്‍ക്കുന്നു. ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച സാറയുടെ പിതാവായി ബെന്നി പി നായരമ്പലം തന്നെ വേഷമിട്ടിരിക്കുന്നു. ഷാന്‍ റഹ്മാന്‍റെ സംഗീതവും നിമിഷ് രവിയുടെ ഫ്രെയിമുകളും ചിത്രത്തിന് ഒരു ഫീല്‍ ഗുഡ് അന്തരീക്ഷം തീര്‍ക്കുന്നതില്‍ കൂടുതല്‍ സഹായിക്കുന്നു.

''ദൈവം അബ്രഹാമിനോട് അരുള്‍ ചെയ്തു. നിന്‍റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും.

അവളിലൂടെ ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും. അവള്‍ ജനതകളുടെ മാതാവാകും.

അപ്പോള്‍ അബ്രഹാം കമഴ്ന്നുകിടന്ന് ചിരിച്ചു. നൂറ് കഴിഞ്ഞ എനിക്ക് കുഞ്ഞുണ്ടാകുമോ? 90 കഴിഞ്ഞ സാറാ ഇനി പ്രസവിക്കുമോ?''


ചിത്രത്തില്‍ മല്ലിക സുകുമാരന്‍ ബൈബിളില്‍ നോക്കി വായിക്കുന്ന വചനങ്ങളാണ് ഇത്. ഈ ബൈബിള്‍ വചനത്തിന്‍റെ പല വായനകളാണ് സാറാസ് പറയാന്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുത്ത വിഷയത്തിലും അതിന്‍റെ പ്രാധാന്യത്തിലും മികച്ചുനില്‍ക്കുന്നെങ്കിലും അവതരണത്തിലെ പാളിച്ചകള്‍ സിനിമയില്‍ പല സ്ഥലങ്ങളിലും കല്ലുകടിയാകുന്നു. പക്ഷെ, കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന, വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ സിനിമയെന്ന രീതിയില്‍ സാറാസിന് കയ്യടിക്കാം.

Related Tags :
Similar Posts