'നായകന്മാരുടെ ഇടികൊള്ളാൻ മാത്രം സിനിമ ചെയ്യേണ്ട എന്ന് വെച്ചു'; ഹിന്ദി സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് ശരത് സക്‌സേന
|"ഷൂട്ടിന് പോകാൻ റെഡിയായി കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ സ്വയം ശപിച്ചിട്ടുണ്ട്, അന്നൊന്നും എന്റെ മുഖം എനിക്ക് ഇഷ്ടമേ ആയിരുന്നില്ല"
ഹിന്ദി സിനിമയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി പ്രശസ്ത നടൻ ശരത് സക്‌സേന. ബോളിവുഡിൽ ഫൈറ്റ് സീനുകൾക്ക് മാത്രമാണ് വിളിച്ചിരുന്നതെന്നും നായകന്മാരുടെ ഇടി കൊള്ളാൻ മാത്രം സിനിമ ചെയ്യേണ്ട എന്ന തോന്നലിലാണ് ഹിന്ദി സിനിമ ഉപേക്ഷിച്ചതെന്നും ഒരു അഭിമുഖത്തിൽ ശരത് പറഞ്ഞു.
"സംഘട്ടന രംഗങ്ങളിലേക്കല്ലാതെ ബോളിവുഡിൽ നിന്നും ആരും വിളിച്ചിരുന്നില്ല. ഷൂട്ടിന് പോകാൻ റെഡിയായി കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ സ്വയം ശപിച്ചിട്ടുണ്ട്. അന്നൊന്നും എന്റെ മുഖം എനിക്ക് ഇഷ്ടമേ ആയിരുന്നില്ല. നായകന്മാരുടെ ഇടി കൊള്ളാനല്ലേ ഈ പോക്ക് എന്ന തോന്നൽ മാത്രമായിരുന്നു അന്നൊക്കെ. എല്ലാ സിനിമകളിലും നായകന്മാരുടെ ഇൻട്രോ സീനിന് വേണ്ടിയാവും നമ്മളെ വിളിക്കുക. നായകനെത്തും, എന്നെ ഇടിക്കും അയാൾക്ക് ഹീറോ പരിവേഷം ലഭിക്കും... ഇതായിരുന്നു 25030 വർഷത്തോളം എന്റെ ജോലി.
അങ്ങനെയിരിക്കെ ഒരു ദിവസം ഭാര്യയുമൊത്ത് കയ്യിലെത്ര സമ്പാദ്യമുണ്ടെന്ന് പരിശോധിച്ചു. ഒരു വർഷം ജോലി ചെയ്തില്ലെങ്കിലും കഴിയാനുള്ളതുണ്ടെന്ന് മനസ്സിലായതോടെ ഹിന്ദി സിനിമ വിടാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഭാഗ്യവശാൽ, രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കമൽഹസ്സന്റെ ഓഫീസിൽ നിന്ന് കോൾ വന്നു. ഗുണ എന്ന ചിത്രത്തിലേക്കുള്ള ഓഫർ ആയിരുന്നു അത്. കഥാപാത്രവും പ്രതിഫലവും രണ്ടും ഓകെ ആയതോടെ അതേറ്റെടുത്തു. അങ്ങനെയങ്ങനെ തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിക്കുകയായിരുന്നു". താരം പറഞ്ഞു.
ഏകദേശം 300ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ശരത് സക്‌സേന പ്രിയദർശൻ സംവിധാനം ചെയ്ത ആറ് മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഗ്നീപഥ്, ത്രിദേവ്, ബാബുൾ, ബോഡിഗാർഡ് തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങൾ.