ആ വയസനെക്കാള്‍ നല്ലത് ഞാനാണ്,നിങ്ങളെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു; ആംബര്‍ ഹേഡിനോട് വിവാഹഭ്യര്‍ഥന നടത്തി സൗദി യുവാവ്
|ആംബര്‍ ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധിച്ചത്
ഹോളിവുഡ് താരം ജോണി ഡെപ്പും നടിയും മുന്‍ഭാര്യയുമായ ആംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിലെ വിചാരണ ഈയിടെയാണ് പൂര്‍ത്തിയായത്. കേസില്‍ ജോണി ഡെപ്പിന് അനുകൂലമായിട്ടായിരുന്നു വിധി. ആംബര്‍ ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധിച്ചത്.
ആറ് ആഴ്‌ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുൻ ഭർത്താവ് ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് ആംബർ ഹേർഡ് കുറ്റക്കാരിയാണെന്നായിരുന്നു കണ്ടെത്തൽ. ഇപ്പോള്‍ സംഭവത്തില്‍ മറ്റൊരു വഴിത്തിരിവുണ്ടായിരിക്കുകയാണ്. ആംബര്‍ ഹേഡിന് വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് സൗദിയില്‍ നിന്നും ഒരു യുവാവ്. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവാവ് അഭ്യര്‍ഥന നടത്തിയത്. ശബ്ദസന്ദേശമായിട്ടാണ് യുവാവ് വിവാഹവാഗ്ദാനം നടത്തിയിരിക്കുന്നത്.
''ആംബർ, നിന്‍റെ മുന്നിലുള്ള എല്ലാ വാതിലുകളും അടയുന്നതിനാൽ, നിന്നെ പരിപാലിക്കാൻ ഞാനല്ലാതെ മറ്റാരുമില്ല.ചില ആളുകൾ നിങ്ങളെ വെറുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, അതിനാൽ ഞാൻ നിങ്ങളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.അല്ലാഹു നമ്മെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. നിങ്ങൾ ഒരു അനുഗ്രഹമാണ്, പക്ഷേ ആളുകൾ അത് വിലമതിക്കുന്നില്ല. ഞാൻ ആ വയസനെക്കാള്‍ നല്ലതാണ്'' യുവാവ് പറയുന്നു. വോയിസ് ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
2009 ൽ ദി റം ഡയറിയുടെ സെറ്റിൽ വച്ചാണ് ജോണി ഡെപ്പും ആംബര്‍ ഹേഡും കണ്ടുമുട്ടുന്നത്. കുറച്ച് വർഷങ്ങൾക്ക് ശേഷം അവര്‍ ഡേറ്റിംഗ് ആരംഭിച്ചു.2015 ൽ അവർ വിവാഹിതരാവുകയും ചെയ്തു. 2016ൽ, വിവാഹമോചനത്തിന് ഹേഡ് അപേക്ഷ നൽകി. മയക്കുമരുന്ന്/മദ്യത്തിന്‍റെ ലഹരിയിൽ ഡെപ്പ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ഹേഡ് ആരോപിച്ചു. എന്നാല്‍ ഡെപ്പ് ഈ ആരോപണങ്ങളെയെല്ലാം നിഷേധിച്ചു. 2017ല്‍ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു.
2018 ൽ 'ദ് വാഷിങ്ടണ്‍ പോസ്റ്റിൽ' താന്‍ ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് ആംബർ ഹേഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്‍റെ സിനിമാ ജീവിതം തകർന്നതായി ഡെപ്പ് പറഞ്ഞു. ഡെപ്പിന്‍റെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെങ്കിലും ഭാര്യയുടെ ആ പരാമർശത്തോടെ 'പൈറേറ്റ്‌സ് ഓഫ് ദ് കരീബിയൻ' സിനിമാ പരമ്പരയിൽ നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിച്ചിരുന്നു.