ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് സൗദി വെള്ളക്ക; മലയാളത്തിൽ നിന്നുള്ള ഏകചിത്രം
|ഇന്ത്യൻ സിനിമകളിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 സിനിമകളിൽ മലയാളത്തിൽ നിന്നുള്ള ഏക സിനിമയാണ്
ഇരുപത്തിമൂന്നാമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് സൗദി വെള്ളക്കയും. ഉർവശി തിയേറ്റേഴ്‌സിന് വേണ്ടി സന്ദീപ് സേനൻ നിർമിച്ച് തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഇന്ത്യൻ സിനിമകളിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 സിനിമകളിൽ മലയാളത്തിൽ നിന്നുള്ള ഏക സിനിമയാണ്.
രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകളെയും അതിന് പിന്നാലെ നടന്ന് തീരുന്ന ജീവിതങ്ങളെയും തനിമ ചോരാതെ അവതരിപ്പിച്ച് കൈയ്യടി നേടിയ ചിത്രമാണ് സൗദി വെള്ളക്ക.
ഗോവയിൽ നടന്ന ഇന്ത്യൻ പനോരമയിൽ ഉൾപ്പെടെ നിരവധി ഫെസ്റ്റിവലുകളിൽ മികച്ച അഭിപ്രായം നേടിയ സൗദി വെള്ളക്ക തീയറ്ററിലും, ഒ.ടി.ടിയിലും പ്രേക്ഷക പ്രശംസ നേടിയ ശേഷമാണ് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് എത്തുന്നത്. കൂടാതെ ഇന്ത്യൻ പനോരമയിൽ ഐ.സി.എഫ്.റ്റി യുനെസ്‌കോ ഗാന്ധി മെഡൽ അവാർഡിന് പരിഗണിച്ച മലയാള ചിത്രം കൂടിയാണ് സൗദി വെള്ളക്ക.
ഇന്ത്യൻ സിനിമകളെ രാജ്യാന്തര തലത്തിൽ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫെസ്റ്റിവൽ 2023 മെയ് 11 മുതൽ 14 വരെയാണ് നടത്തപ്പെടുന്നത്. ദേവി വർമ്മ, ലുക്മാൻ അവറാൻ, ബിനു പപ്പു , ഗോകുലൻ തുടങ്ങിയവർ പ്രധാന വേഷം ചെയ്ത സൗദി വെള്ളക്കയുടെ ഛായാഗ്രഹണം ശരൺ വേലായുധനും, എഡിറ്റിംഗ് നിഷാദ് യൂസുഫും, സംഗീതം പാലി ഫ്രാൻസിസുമാണ് നിർവ്വഹിച്ചിരിക്കുന്നത്.