''എന്റെ രാഷ്ട്രീയവും മതവും നിലപാടുകളും തികച്ചും വ്യക്തിപരം''; എം.എസ്.എഫ് വേദിയിലെ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് ഷാരിസ് മുഹമ്മദ്
|''എന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പരാമർശത്തിൽ ഞാൻ നിർവ്യാജം ക്ഷമചോദിക്കുന്നു''
കൊച്ചി: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. പരാമർശങ്ങളിൽ നിർവ്യാജം ക്ഷമചോദിക്കുന്നുവെന്ന് പറഞ്ഞ ഷാരിസ് തന്റെ രാഷ്ട്രീയവും മതവും നിലപാടുകളുമെല്ലാം തികച്ചും വ്യക്തിപരമാണെന്നും വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാദങ്ങളോട് ഷാരിസ് പ്രതികരിച്ചത്.
''വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ 'കല, സർഗം, സംസ്‌കാരം' എന്ന ചർച്ചയിലെ എന്റെ വാക്കുകളിൽ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമർശം. എന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയും മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പരാമർശത്തിൽ ഞാൻ നിർവ്യാജം ക്ഷമചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതിൽ തുടരും-ഇൻസ്റ്റഗ്രാം കുറിപ്പിൽ ഷാരിസ് വ്യക്തമാക്കി.
എം.എസ്.എഫിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനെ ചില സുഹൃത്തുക്കൾ നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നാണ് ചടങ്ങിൽ ഷാരിസ് വെളിപ്പെടുത്തിയത്. എന്നാൽ, എം.എസ്.എഫ് പരിപാടിക്കു പോയിട്ട് അവാർഡ് നിഷേധിക്കുകയാണെങ്കിൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ അവാർഡെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, നേരത്തെ എസ്.ഡി.പി.ഐയുടെയും ഫ്രറ്റേണിറ്റിയുടെയും പരിപാടികളിലേക്കു തന്നെ ക്ഷണിച്ചിരുന്നെങ്കിലും താൻ ക്ഷണം സ്വീകരിച്ചില്ല. പേരിലെ മുഹമ്മദ് ആണ് അവർക്ക് വേണ്ടിയിരുന്നതെന്നും സംസാരത്തിൽ ഷാരിസ് ആരോപിച്ചിരുന്നു.
ഷാരിസ് മുഹമ്മദ് തിരക്കഥ എഴുതി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ 'ജനഗണമന' തിയറ്ററുകളിൽ വലിയ വിജയമായിരുന്നു. വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രം അൻപത് കോടി ക്ലബിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്.
2018ൽ ഒരുകൂട്ടം പുതുമുഖങ്ങളുമായെത്തിയ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് ഷാരിസ് മലയാള സിനിമയിലെത്തുന്നത്. ആദ്യ രാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങൾക്കും ഷാരിസ് തിരക്കഥ എഴുതിയിട്ടുണ്ട്.
Summary: Screenwriter Sharis Mohammad apologizes for the controversial remarks on the MSF state conference, saying his politics and religion are quite personal