'അലൻസിയർക്ക് ഭരതമുനിയുടെ ശിൽപം സമ്മാനിക്കും'; ധീരതയ്ക്കുള്ള പുരസ്‌കാരം നൽകുമെന്ന് മെൻസ് അസോസിയേഷൻ
|''കേരള സർക്കാർ കാഷ് അവാർഡായി കൊടുത്ത 25,000 രൂപ തണൽ എന്ന ജീവകാരുണ്യ സംഘടനയ്ക്കാണ് അലൻസിയർ കൊടുത്തത്. അതു വീട്ടിൽ കൊണ്ടുപോയിട്ടില്ല. ഒരു സ്ത്രീയുടെ കൈയിലാണ് അതിന്റെ ചെക്ക് കൊടുത്തത്''
തിരുവനന്തപുരം: നടൻ അലൻസിയർക്കു ധീരതയ്ക്ക് അവാർഡ് നൽകുമെന്ന് ആൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീ പ്രതിമയ്ക്കു പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപം സമ്മാനിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർകാവ് അജിത് കുമാർ അറിയിച്ചു. അലൻസിയറെ ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുകയും നിലപാടിൽനിന്നു പിന്മാറരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അജിത് കുമാർ പറഞ്ഞു.
അത്യാവശ്യം വസ്ത്രം ധരിച്ചിട്ടുള്ള ഭരതമുനിയുടെ ശിൽപം തന്നെയാകും അലൻസിയർക്കു നൽകുകയെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. കാഷ് അവാർഡ് ഉൾപ്പെടെ നൽകാനുള്ള ശ്രമങ്ങൾ നടത്തും. ചടങ്ങിൽ ഭാര്യയും കുടുംബവുമെല്ലാം പങ്കെടുക്കും. പുരസ്‌കാര തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും അജിത് കുമാർ അറിയിച്ചു.
''അലൻസിയർ എന്ന മഹാനടൻ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിലും അഭിപ്രായം പറഞ്ഞതിനും മാധ്യമങ്ങളും ഫെമിനിസ്റ്റുകളും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എവിടെയെങ്കിലും ഒരു പുരുഷൻ സ്വന്തം നിലപാട് പറഞ്ഞാൽ അത് അവരുടെ അവസാന സംസാരമാകുമെന്നാണ് ഫെമിനിസ്റ്റുകൾ പറയുന്നത്. അലൻസിയർ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന സ്വന്തം ഭാര്യയുടെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ട്. സ്വന്തം ഭാര്യയുടെ പൂർണ പിന്തുണയോടെയാണ് ഇതെല്ലാം സംസാരിച്ചിട്ടുണ്ട്. സ്വന്തം വീട്ടിൽനിന്നു വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്.''
കേരള സർക്കാർ കാഷ് അവാർഡായി കൊടുത്തത് 25,000 രൂപയാണ്. അതു കുറവാണെന്ന് അതേ സ്റ്റേജിൽ വച്ച് അദ്ദേഹം പറഞ്ഞു. ആ തുക തണൽ എന്ന ജീവകാരുണ്യ പ്രവർത്തകർക്കാണ് അദ്ദേഹം കൊടുത്തത്. അതു വീട്ടിൽ കൊണ്ടുപോയിട്ടില്ല. ഒരു സ്ത്രീയുടെ കൈയിലാണ് അതിന്റെ ചെക്ക് കൊടുത്തത്. ആ തുക എന്തിനു വേണ്ടി ചെലവഴിച്ചു എന്ന് പറയാത്തത് അദ്ദേഹത്തിന്റെ മാന്യതയാണ്. പ്രളയവും മഹാമാരികളും വന്നിട്ട് എവിടെയെങ്കിലും ഫെമിനിസ്റ്റുകളെ കണ്ടോ? എല്ലായിടത്തുമുള്ളത് പുരുഷന്മാരും ആണത്തമുള്ളവരുമാണ്.
അലൻസിയർ ആണത്തമുള്ള വ്യക്തിയായാതുകൊണ്ട് മാപ്പുപറയില്ല. ഏതു സംഘടനയിൽനിന്നു പുറത്താക്കിയാലും നാടകം കളിച്ചു ജീവിക്കുമെന്നു പറഞ്ഞ മഹാനായ വ്യക്തിയാണ്. കിട്ടുന്ന പണം ആതുരസേവനങ്ങൾക്കു വേണ്ടി ചെലവഴിക്കുന്ന വ്യക്തിയാണെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു.
Summary: 'Sculpture of Bharata Muni will be presented to Alencier as an award for bravery'; Says All Kerala Men's Association