Entertainment
ഇത് സ്വാര്‍ഥത, ഇതെല്ലാം നടക്കുന്നത് പാവപ്പെട്ട സ്ത്രീകള്‍ ഉള്ളതുകൊണ്ട്: തസ്‍ലിമ നസ്രിന്‍
Entertainment

ഇത് സ്വാര്‍ഥത, ഇതെല്ലാം നടക്കുന്നത് പാവപ്പെട്ട സ്ത്രീകള്‍ ഉള്ളതുകൊണ്ട്: തസ്‍ലിമ നസ്രിന്‍

Web Desk
|
23 Jan 2022 6:37 AM GMT

'വാടക ഗര്‍ഭധാരണത്തിലൂടെ കിട്ടുന്ന റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് അടുപ്പമാണ് ഈ അമ്മമാര്‍ക്ക് തോന്നുക'

നടി പ്രിയങ്ക ചോപ്രയ്ക്കും ഗായകന്‍ നിക് ജോനാസിനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നതിനു പിന്നാലെ വിമര്‍ശനവുമായി എഴുത്തുകാരി തസ്‍ലിമ നസ്‌റിന്‍. വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ഥതയാണ്. എന്തുകൊണ്ടാണ് പാവപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാത്തത് എന്നാണ് തസ്‍ലിമയുടെ ചോദ്യം.

"ദരിദ്രരായ സ്ത്രീകള്‍ ഉള്ളതുകൊണ്ടാണ് വാടക ഗര്‍ഭ ധാരണം നടക്കുന്നത്. ധനികര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്തുകൊണ്ട് ആരുമില്ലാത്ത കുഞ്ഞിനെ ദത്തെടുക്കുന്നില്ല? കുട്ടികൾക്ക് നിങ്ങളുടെ സ്വഭാവ വിശേഷങ്ങൾ പാരമ്പര്യമായി ലഭിക്കണം എന്ന സ്വാര്‍ഥതയാണ് കാരണം"- തസ്‍ലിമ നസ്രീന്‍ പറഞ്ഞു.

വാടക ഗര്‍ഭധാരണത്തിലൂടെ കിട്ടുന്ന റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് അടുപ്പമാണ് ഈ അമ്മമാര്‍ക്ക് തോന്നുക? കുഞ്ഞിന് ജന്‍മം നല്‍കിയ അമ്മയുടെ അതേ വികാരങ്ങള്‍ ആ കുഞ്ഞിനോട് അവര്‍ക്കുണ്ടാവുമോ? എന്നാണ് തസ്‍ലിമയുടെ മറ്റൊരു ചോദ്യം. തസ്‍ലിമയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുണ്ടായി. കുഞ്ഞ് എങ്ങനെ ജനിക്കണമെന്നത് വ്യക്തിപരമായ തീരുമാനമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. റെഡ്മെയ്ഡ് എന്ന പ്രയോഗമൊക്കെ ക്രൂരമാണെന്ന് ചിലര്‍ പറയുന്നു. കുഞ്ഞിന് ജന്മം നല്‍കിയാല്‍ മാത്രമേ അടുപ്പമുണ്ടാകൂ എങ്കില്‍ എങ്ങനെയാണ് കുഞ്ഞിനോട് അച്ഛന് സ്നേഹമുണ്ടാകുന്നതെന്നാണ് മറ്റൊരു ചോദ്യം. കുഞ്ഞിനെ പ്രസവിക്കാന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സാധിക്കാത്തവരുണ്ടാകുമെന്ന കാര്യം മറക്കരുതെന്നും തസ്‍ലിമയെ ചിലര്‍ ഓര്‍മപ്പെടുത്തി.

മറ്റൊരു വ്യക്തിക്കോ ദമ്പതികൾക്കോ ​​വേണ്ടി ഒരു കുഞ്ഞിനെ വയറ്റില്‍ ചുമക്കാനും പ്രസവിക്കാനും ഒരു സ്ത്രീ തയ്യാറാവുമ്പോഴാണ് വാടക ഗര്‍ഭ ധാരണം നടക്കുക. ദമ്പതികളുടെ ബീജവും അണ്ഡവും സങ്കലനം ചെയ്ത് ഭ്രൂണത്തെ വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക.

വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ കുഞ്ഞിനെ സ്വീകരിച്ചതായി പ്രിയങ്ക ചോപ്രയും നിക് ജോനാസും കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ സ്വകാര്യത ആവശ്യമാണെന്ന് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2018ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. കുഞ്ഞുങ്ങള്‍ തങ്ങളുടെ ഭാവിയിലെ വലിയ സ്വപ്‌നമാണെന്നും ദൈവാനുഗ്രഹത്താല്‍ അത് സംഭവിക്കുമെന്ന് കരുതുന്നെന്നുവെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു.

ബോളിവുഡില്‍ വാടക ഗര്‍ഭധാരണം ഇതാദ്യമായല്ല നടക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരമായ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും 2013ല്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ആണ്‍കുഞ്ഞു പിറക്കുന്നത്. ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും 2011ല്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞ് ജനിച്ചത്. പ്രീതി സിന്‍റ, ഫറാ ഖാന്‍, കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍, സൊഹൈല്‍ ഖാന്‍, തുഷാര്‍ കപൂര്‍, ഏക്ത കപൂര്‍ തുടങ്ങിയവരും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയവരാണ്.

Similar Posts