'ഒരുപാട് പാട്ട് ചെയ്തിട്ടുണ്ട്; അടിച്ചുമാറ്റിയെന്നു കേൾക്കുന്നത് ആദ്യം'-'ഫ്രീക്ക് പെണ്ണേ' വിവാദത്തിൽ ഷാൻ റഹ്മാൻ
|''സോഷ്യൽ മീഡിയയിലെ ഒരുപാട് പാട്ടുകളുടെ കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു പാട്ട് നിർമിക്കാൻ സഹായിക്കുക മാത്രമാണ് ഞാനും ഒമറും ചെയ്തത്. സംഗീതം നിർവഹിക്കാത്ത ഒറ്റ പാട്ടിന്റെയും ക്രെഡിറ്റ് ഞാൻ ഒരിക്കലും ഏറ്റെടുക്കാറില്ല''
കോഴിക്കോട്: ഒമർ ലുലു ചിത്രം 'ഒരു അഡാർ ലവി'ലെ പാട്ട് അടിച്ചുമാറ്റിയെന്ന ആരോപണത്തിൽ വിശദീകരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു പറഞ്ഞാണ് തുടക്കക്കാരനായ സത്യജിത്തിന് അവസരം നൽകിയതെന്നും ഒന്നും അടിച്ചുമാറ്റിയിട്ടില്ലെന്നും ഷാൻ പ്രതികരിച്ചു. കരിയറിൽ ഒരുപാട് പാട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും അടിച്ചുമാറ്റിയെന്നു കേള്‍ക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പ്രതികരിച്ചു.
സോഷ്യൽ മീഡിയയിലെ ഒരുപാട് പാട്ടുകളുടെ കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു പാട്ട് നിർമിക്കാൻ സഹായിക്കുക മാത്രമാണ് താനും ഒമറും ചെയ്തതെന്ന് ഷാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. ഞാൻ സംഗീതം നിർവഹിക്കാത്ത ഒറ്റ പാട്ടിന്റെയും ക്രെഡിറ്റ് ഒരിക്കലും ഏറ്റെടുക്കാറില്ല. 'ഫ്രീക്ക് പെണ്ണേ' പ്രധാനമായും സംഗീതസംവിധാനത്തെ ആശ്രയിച്ചുള്ള പാട്ടാണ്. ഇല്ലെങ്കിൽ അതു വിജയിക്കുമായിരുന്നില്ല. നന്നായി ആസ്വദിച്ചും പൂർണമനസ്സോടെയുമാണത് ഞാൻ ചെയ്തത്. അത് റാപ്പിനുമപ്പുറത്തുള്ള ഒരു പാട്ടാണ്. സത്യജിത് ആണ് അത് എഴുതി അവതരിപ്പിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാട്ട് റിലീസ് ചെയ്തപ്പോൾ എന്തൊക്കെയോ കാരണങ്ങളാൽ അതിനു ലഭിച്ച വലിയ തോതിലുള്ള എതിർപ്പ് വേദനിപ്പിക്കുന്നതായിരുന്നു. ഓഡിയോ കമ്പനിയായ മ്യൂസിക് 24/7നോട് സത്യജിത്തിന്റെ പേര് സംഗീതസംവിധായകനായി ചേർക്കാൻ നിർദേശിച്ചിട്ടുണ്ട്; എന്റെ പേര് സംഗീത നിർമാതാവായും. യൂട്യൂബിലെ മാറ്റങ്ങൾ ഇന്നും ഇന്നു ഞായറാഴ്ചയായതിനാൽ ബാക്കി മ്യൂസിക് പ്ലാറ്റ്‌ഫോമുകളിൽ നാളെയും നടക്കും. പൊതുവെ ഓഡിയോ കമ്പനികൾക്ക് ക്രെഡിറ്റ് കൊടുക്കുന്നതിന് ഒരു നിർണിതരീതിയുണ്ട്. അതിലുള്ള എല്ലാ പാട്ടിനുമായി ഷാൻ റഹ്മാൻ സംഗീതസംവിധാനവും നിർമാണവുമെല്ലാം നിർവഹിച്ചെന്നാണ് അവർ ചേർത്തത്. സിനിമയിൽ പാട്ടുകാരുടെ പേരുവിവരങ്ങളിലടക്കം ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നുമുതൽ ആ മാറ്റങ്ങൾ വരുമെന്നും സത്യജിത്തിന് ആശ്വാസമാകുമെന്നാണു പ്രതീക്ഷയെന്നും ഷാൻ കുറിച്ചു.
2019ൽ പുറത്തിറങ്ങിയ അഡാർ ലവിലെ 'ഫ്രീക്ക് പെണ്ണേ' എന്ന പാട്ടിനെതിരെയാണ് ആരോപണം ഉയർന്നത്. താൻ ഈണം നൽകിയ ഗാനം ക്രെഡിറ്റ് നൽകാതെ ഷാൻ റഹ്മാൻ സ്വന്തം പേരിലാക്കിയെന്ന് ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത് ആരോപിച്ചിരുന്നു. യൂട്യൂബിലും മറ്റ് മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും സംഗീത സംവിധാനത്തിന്റെ ഉൾപ്പെടെ ക്രെഡിറ്റിൽ ഷാനിന്റെ പേരാണു വച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷാൻ റഹ്മാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ്
'ഒരു അഡാർ ലവ്' ചിത്രത്തിന്റെ സമയത്ത് സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ കണ്ട ഒരു പാട്ട് പരിചയപ്പെടുത്തി. ആ പുതുമുഖത്തിന് ഒരു അവസരം നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അങ്ങനെയാണ് അതുമായി മുന്നോട്ടുപോകുന്നതും സത്യജിത്തിനെ കാക്കനാട്ടുള്ള എന്റെ വീട്ടിൽ വച്ചു കണ്ടുമുട്ടുന്നതും. അവിടെവച്ച് അദ്ദേഹം എന്നെ ആ പാട്ട് പാടിക്കേൾപ്പിക്കുകയും ചെയ്തു. പാട്ട് ഇഷ്ടപ്പെട്ട് (സംഗീത)സംവിധാനം ഞാൻ ഏറ്റെടുത്തു. ഒറിജിനൽ വരികൾ നിർത്തിക്കൊണ്ടുതന്നെ സത്യജിത്തിന്റെ ശബ്ദത്തിൽ എന്റെ സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡ് ചെയ്തു.
സോഷ്യൽ മീഡിയയിലെ ഒരുപാട് പാട്ടുകളുടെ കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു പാട്ട് നിർമിക്കാൻ സഹായിക്കുക മാത്രമാണ് ഞാനും ഒമറും ചെയ്തത്. ഞാൻ സംഗീതം നിർവഹിക്കാത്ത ഒറ്റ പാട്ടിന്റെയും ക്രെഡിറ്റ് ഞാൻ ഒരിക്കലും ഏറ്റെടുക്കാറില്ല; ഇതേ ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന പാട്ടിന്റെ ഉൾപ്പെടെ.
(റാപ്പ്) പോലെയുള്ള വിഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാരെ റാപ്പർമാരായാണ്, സംഗീത സംവിധായകരായല്ല കണക്കാക്കാറുള്ളത്. ഗായകരുടെയും ഗാനരചയിതാക്കളുടെയും ക്രെഡിറ്റും നൽകും. എമിനെമിനെ റാപ്പറാണെന്നാണല്ലോ, സംഗീതസംവിധാനകനെന്നല്ലല്ലോ വിളിക്കാറുള്ളത്. ജേക്കബിന്റെ സ്വർഗരാജ്യത്തിലെ 'എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ' ചെയ്ത ആർസീ, കിങ് ഓഫ് കൊത്തയിലെ കൊത്ത ടൈറ്റിൽ ഗാനം ചെയ്ത ഫെജോ ഉൾപ്പെടെയുള്ള റാപ്പർമാർക്കൊപ്പമെല്ലാം ഞാൻ ജോലി ചെയ്തിട്ടുണ്ട്. അവർക്കെല്ലാം കൃത്യമായ ക്രെഡിറ്റും നൽകിയിട്ടുണ്ട്.
'ഫ്രീക്ക് പെണ്ണേ' പ്രധാനമായും സംഗീതസംവിധാനത്തെ ആശ്രയിച്ചുള്ള പാട്ടാണ്. ഇല്ലെങ്കിൽ അതു വിജയിക്കുമായിരുന്നില്ല. നന്നായി ആസ്വദിച്ചും പൂർണമനസ്സോടെയുമാണത് ഞാൻ ചെയ്തത്. അത് റാപ്പിനുമപ്പുറത്തുള്ള ഒരു പാട്ടാണ്. സത്യജിത് ആണ് അത് എഴുതി അവതരിപ്പിച്ചത്. എന്നാൽ, പാട്ട് റിലീസ് ചെയ്തപ്പോൾ എന്തൊക്കെയോ കാരണങ്ങളാൽ അതിനു ലഭിച്ച വലിയ തോതിലുള്ള എതിർപ്പ് വേദനിപ്പിക്കുന്നതായിരുന്നു. ഓഡിയോ കമ്പനിയായ മ്യൂസിക് 24/7നോട് സത്യജിത്തിന്റെ പേര് സംഗീതസംവിധായകനായി ചേർക്കാൻ ഞാൻ നിർദേശിച്ചിട്ടുണ്ട്. എന്റെ പേര് സംഗീത നിർമാതാവായും. യൂട്യൂബിലെ മാറ്റങ്ങൾ ഇന്നും ഇന്നു ഞായറാഴ്ചയായതിനാൽ ബാക്കി മ്യൂസിക് പ്ലാറ്റ്‌ഫോമുകളിൽ നാളെയും നടക്കും.
ആദ്യദിവസത്തിനുശേഷം പാട്ട് യൂട്യൂബിൽ കാണുന്നത് തന്നെ ഞാൻ നിർത്തി. അത്രയും എതിര്‍പ്പാണ് അതിനുണ്ടായത്. പൊതുവെ ഓഡിയോ കമ്പനികൾക്ക് ക്രെഡിറ്റ് കൊടുക്കുന്നതിന് ഒരു നിർണിതരീതിയുണ്ട്. അതിലുള്ള എല്ലാ പാട്ടിനുമായി ഷാൻ റഹ്മാൻ സംഗീതസംവിധാനവും നിർമാണവുമെല്ലാം നിർവഹിച്ചെന്നാണ് അവർ ചേർത്തത്. സിനിമയിൽ പാട്ടുകാരുടെ പേരുവിവരങ്ങളിലടക്കം ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നുമുതൽ ആ മാറ്റങ്ങൾ വരും. സത്യജിതിന് ആശ്വാസമാകുമെന്നാണു പ്രതീക്ഷ.
നമ്മൾ അവസരങ്ങൾ നൽകുമ്പോൾ ആളുകളതിനു വിലകൊടുക്കാത്തത് വേദനാജനകമാണ്. ഭാവിയിൽ ഇനി ഒരാൾക്ക് അവസരം നൽകുമ്പോൾ രണ്ടുവട്ടം ആലോചിച്ചേ ചെയ്യൂ. മനോഹരമായ പാട്ടുകളുണ്ടാക്കാൻ മികച്ചൊരു കരിയർ സത്യജിത്തിന് ആശംസിക്കുന്നു.
പട്ടണത്തിൽ ഭൂതം തൊട്ട് മലർവാടി, തട്ടത്തിൻമറയത്ത്, ജേക്കബിന്റെ സ്വർഗരാജ്യം, ഗോദ, മിന്നൽ, ജിമിക്കി, കുടുക്ക് ഉൾപ്പെടെ നിങ്ങൾക്കുവേണ്ടി ഒരുപാട് പാട്ടുകൾ ഞാൻ നിർമിച്ചിട്ടുണ്ട്. ഇതിലൊന്നും അടിച്ചുമാറ്റി എന്ന് വാക്ക് ഞാൻ കേട്ടിട്ടില്ല. ഇക്കൂട്ടത്തിൽ ഫ്രീക്ക് പെണ്ണേ അടിച്ചുമാറ്റലാണെങ്കിൽ ഞാനത് തിരുത്തും.
Summary: 'I have never come across the term adichu maati(stealing) before: Says music composer Shaan Rahman in Freak Penne rap song controversy