Entertainment
Shah Rukh Khan about Pathaan collection

ഷാരൂഖ് ഖാന്‍

Entertainment

പഠാന്‍റെ യഥാര്‍ഥ കളക്ഷന്‍ എത്രയെന്ന് ആരാധകന്‍; മറുപടിയുമായി ഷാരൂഖ് ഖാന്‍

Web Desk
|
5 Feb 2023 4:22 AM GMT

'5000 കോടി സ്നേഹം. 3000 കോടി അഭിനന്ദനം. 3250 കോടി ആലിംഗനം. 2 ബില്യൺ പുഞ്ചിരികൾ'

മുംബൈ: പഠാന്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഷാരൂഖ് ഖാന്‍ ട്വിറ്ററിലെത്തി. ഒരു ആരാധകന് അറിയേണ്ടിയിരുന്നത് പഠാന്‍റെ യഥാര്‍ഥ കളക്ഷന്‍ എത്ര ആണെന്നായിരുന്നു. ഷാരൂഖിന്‍റെ മറുപടിയിങ്ങനെ-

'5000 കോടി സ്നേഹം. 3000 കോടി അഭിനന്ദനം. 3250 കോടി ആലിംഗനം. 2 ബില്യൺ പുഞ്ചിരികൾ. ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ അക്കൗണ്ടന്റ് എന്താണ് പറയുന്നത്?'- എന്നാണ് ഷാരൂഖ് നല്‍കിയ മറുപടി.

10 ദിവസം കൊണ്ട് ലോകമാകെ 700 കോടിയിലേറിയാണ് പഠാന്‍റെ കളക്ഷന്‍. 'ഞാന്‍ പഠാന്‍ അഞ്ചു തവണ കണ്ടു. ഇനിയും അഞ്ചു തവണ കാണും. ആ 700 കോടിയില്‍ നിന്ന് എനിക്ക് എന്തെങ്കിലും കിട്ടുമോ' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 'ഇല്ല, വിനോദം... വിനോദം... വിനോദം മാത്രം. പണം കിട്ടാന്‍ പണിയെടുക്കണം' എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി.

പ്രേക്ഷകരുമായുള്ള സംവാദം ഷാരൂഖ് അവസാനിപ്പിച്ചതിങ്ങനെ- "എസ്ആര്‍കെയോട് ചോദിക്കാം എന്ന സെഷന്‍ ഞാനിവിടെ നിര്‍ത്തുകയാണ്. അല്ലെങ്കില്‍ എനിക്ക് വേറെ പണിയൊന്നുമില്ലെന്ന് എല്ലാവരും കരുതും. എല്ലാവരും തിരക്കിലാണ്. നിങ്ങളുടെ സമയത്തിന് നന്ദി. നല്ലൊരു വാരാന്ത്യം ആശംസിക്കുന്നു. ഞാൻ പഠാൻ കാണാൻ പോകുന്നു. ശ്ശോ അല്ല, ഞാൻ കഠിനാധ്വാനം ചെയ്യാന്‍ പോകുന്നു, എല്ലാവരോടും സ്നേഹം".

പഠാന്‍റെ വന്‍വിജയത്തിനു പിന്നാലെ നേരത്തെ മാധ്യമങ്ങളോടും ഷാരൂഖ് സംസാരിച്ചിരുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താനല്ല, സന്തോഷവും സ്നേഹവും പരത്താനാണ് സിനിമ ചെയ്യുന്നതെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. പഠാനില്‍ ഷാരൂഖിനൊപ്പം മുഖ്യ കഥാപാത്രങ്ങളായി എത്തിയ ദീപിക പദുകോണും ജോണ്‍ എബ്രഹാമും കൂടെയുണ്ടായിരുന്നു.

ദീപിക പദുകോണിനെയും ജോൺ എബ്രഹാമിനെയും ചേർത്തുപിടിച്ച് ഷാരൂഖ് പറഞ്ഞതിങ്ങനെ- "ഞങ്ങള്‍ അമർ അക്ബർ ആന്‍റണിമാരാണ്. ഇത് ദീപിക- അമര്‍. ഞാന്‍ ഷാരൂഖ് ഖാന്‍- അക്ബര്‍. ഇത് ജോണ്‍- ആന്‍റണി. ഇതാണ് സിനിമ. ഇവിടെ ആർക്കും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഞങ്ങള്‍ പ്രേക്ഷകരുടെ സ്നേഹത്തിനായി കൊതിക്കുന്നു. ഈ കോടികളൊന്നും പ്രധാനമല്ല. നമുക്ക് ലഭിക്കുന്ന സ്നേഹം- അതിലും വലുതായി ഒന്നുമില്ല"- 1977ല്‍ പുറത്തിറങ്ങിയ അമർ അക്ബർ ആന്‍റണിയിലെ കഥാപാത്രങ്ങളോടാണ് ഷാരൂഖ് തന്നെയും സഹതാരങ്ങളെയും താരതമ്യം ചെയ്തത്.

സ്നേഹവും സാഹോദര്യവും പരത്താനാണ് സിനിമ ചെയ്യുന്നതെന്ന് ഷാരൂഖ് പറഞ്ഞു- "സത്യം പറഞ്ഞാൽ, സിനിമകൾ നിർമിക്കുമ്പോൾ, അത് വടക്കോ തെക്കോ കിഴക്കോ പടിഞ്ഞാറോ ആവട്ടെ, സന്തോഷം, സാഹോദര്യം, സ്നേഹം, ദയ എന്നിവ പരത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഡാറിൽ ഞാന്‍ മോശം കഥാപാത്രമായി എത്തിയതുകൊണ്ടോ ഈ ചിത്രത്തിൽ ജോൺ മോശം കഥാപാത്രമായി അഭിനയിക്കുന്നതുകൊണ്ടോ ഞങ്ങളാരും മോശമാവുന്നില്ല. കഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതൊന്നും ഒരു വികാരവും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല. സിനിമ വിനോദത്തിനായാണ്"- ഷാരൂഖ് വിശദീകരിച്ചു.

തന്റെ ബാൽക്കണിയിൽ നിന്ന് ആരാധകരെ കാണുമ്പോള്‍ ധൈര്യം തോന്നുന്നുവെന്നും അവരാണ് തന്റെ സുരക്ഷിത ഇടമെന്നും ഷാരൂഖ് പറഞ്ഞു- "പഠാന്‍ കോവിഡ് സമയത്താണ് ചിത്രീകരിച്ചത്. ചില കാരണങ്ങളാൽ മാധ്യമങ്ങളെ കാണാൻ കഴിഞ്ഞില്ല. പക്ഷേ മാധ്യമങ്ങളും സോഷ്യൽ മീഡിയയും എല്ലാവരും സിനിമയോട് സ്നേഹം പ്രകടിപ്പിച്ചു".

"എന്‍റെ നാല് വർഷങ്ങള്‍. ഞാൻ ജോലി ചെയ്തില്ല. ഞാനെന്റെ കുട്ടികളോടൊപ്പമായിരുന്നു. അവർ വളരുന്നത് ഞാൻ കണ്ടു". 2018ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം ഷാരൂഖ് ബിഗ് സ്ക്രീനിലെത്തിയത് പഠാനിലൂടെയാണ്. അതിനിടെ കാമിയോ റോളില്‍ മാത്രമാണ് ഷാരൂഖ് സ്ക്രീനിലെത്തിയത്.



Summary- Shah Rukh Khan who did an Ask SRK session on Twitter on Saturday, was asked about the "real collection" of his latest release Pathaan

Similar Posts