എന്തുകൊണ്ട് സ്ലംഡോഗ് മില്ല്യണയറിലെ അവസരം നിരസിച്ചു? വെളിപ്പെടുത്തി ഷാരൂഖ് ഖാൻ
|ഹോളിവുഡിൽ നിന്ന് ഒരിക്കലും ശ്രദ്ധേയമായ വേഷം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഷാരൂഖ് പറയുന്നു.
ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രമാണ് സ്ലംഡോഗ് മില്ല്യണയർ. ഇന്ത്യൻ കഥാപശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം എട്ട് ഓസ്കര്‍ പുരസ്കാരങ്ങളായിരുന്നു സ്വന്തമാക്കിയത്. ഇരട്ട ഓസ്കർ പുരസ്കാരം നേടി എ.ആര്‍ റഹ്മാനും ശബ്ദമിശ്രണത്തിനുള്ള ഓസ്കര്‍ സ്വന്തമാക്കി മലയാളിയായ റസൂല്‍ പൂക്കൂട്ടിയും ഈ ചിത്രത്തിലൂടെ ഇന്ത്യൻ പ്രതീക്ഷകൾ സഫലമാക്കുകയും ചെയ്തു.
മുബൈയിലെ ചേരിനിവാസിയായ ജമാൽ മാലിക് ടെലിവിഷൻ ഗെയിം ഷോയിലൂടെ അവിശ്വസനീയമായ രീതിയിൽ വിജയിച്ച് കോടീശ്വരനാകുന്നതും അവൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ദേവ് പട്ടേൽ, മാധുർ മിത്തൽ, ഫ്രീഡ പിന്റൊ, അനിൽ കപൂർ, ഇർഫാൻ ഖാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിൽ കപൂർ അവതരിപ്പിച്ച ഗെയിം ഷോ അവതാരകന്റെ വേഷം ചെയ്യാൻ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെയായിരുന്നു സംവിധായകൻ ആദ്യം സമീപിച്ചത്. എന്നാൽ താരം അത് നിരസിക്കുകയായിരുന്നു. ഇപ്പോഴിതാ ആ വേഷം നിരസിച്ചതെന്തിനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ദുബൈയിൽ നടക്കുന്ന വേൾഡ് ഗവണ്‍മെന്റ് സമ്മിറ്റിലാണ് കിങ് ഖാന്റെ വെളിപ്പെടുത്തൽ. സി.എൻ.എൻ ജേണലിസ്റ്റായ റിച്ചഡ് ക്വസ്റ്റുമായുള്ള അഭിമുഖത്തിലായിരുന്നു സ്ലംഡോഗ് മില്ല്യണയറിലെ വേഷം നിരസിക്കാനുണ്ടായ കാരണമടക്കം താരം തുറന്നുപറഞ്ഞത്. എന്തുകൊണ്ട് ഹോളിവുഡിലേക്ക് കടന്നില്ല എന്ന ചോദ്യത്തിന് ഒരിക്കലും ശ്രദ്ധേയമായ വേഷം വാഗ്ദാനം ചെയ്തിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. സ്ലംഡോഗ് മില്ല്യണയർ എന്ന ചിത്രത്തിൽ ഗെയിം അവതാരകന്റെ റോൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ കഥാപാത്രം സത്യസന്ധതയില്ലാത്ത, മോശക്കാരനായ ഒരാളാണെന്ന് തോന്നിയെന്നാണ് ഷാരൂഖ് പറയുന്നത്.
താരം 'കോൻ ബനേഗ ക്രോർപതി' എന്ന ടെലിവിഷൻ ഷോ അവതാരകനായിരുന്ന സമയമായിരുന്നു അത്. അതിനാൽ തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ താൽപര്യമില്ലെന്ന് ഡാനി ബോയ്‍ലിനെ അറിയിച്ചെന്നും, അത് ചെയ്യാൻ മറ്റ് നല്ല നടന്മാരുണ്ടെന്ന് പറഞ്ഞെന്നും ഷാരൂഖ് വെളിപ്പെടുത്തി. ഒടുവിൽ ആ കഥാപാത്രത്തെ അനിൽ കപൂർ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചെന്നും ഷാരൂഖ് പറയുന്നു.
ഹോളിവുഡിൽ നിന്നുള്ള പലരെയും അറിയാമെങ്കിലും ആരും തനിക്ക് മികച്ച കഥാപാത്രങ്ങളെ തന്നില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ഹോളിവുഡ് ഇതിഹാസ കഥാപാത്രം ജെയിംസ് ബോണ്ടായി അഭിനയിക്കാൻ താത്പര്യമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.