പടുകൂറ്റന്‍ പഠാന്‍, ബോക്സ് ഓഫീസ് തരിപ്പണം; 18 ദിവസത്തില്‍ നേടിയത് 924 കോടി!
|ജനുവരി 25-ന് റിലീസായ ചിത്രം 1000 കോടിയെന്ന നാഴികക്കല്ല് പിന്നിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് പഠാനിലൂടെ ഗംഭീരമാക്കി ഷാരൂഖ് ഖാന്‍. പുറത്തിറങ്ങി 18 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ 924 കോടി രൂപയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 476.05 കോടി രൂപയാണ് രാജ്യത്ത് നിന്ന് മാത്രം ചിത്രത്തിന് ലഭിച്ചത്. ഓവര്‍ സീസ് കലക്ഷനുകള്‍ ഇതുവരെ 352 കോടി രൂപയാണ്. നിലവിലുള്ള കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുള്ള പഠാന്‍റെ ജൈത്രയാത്ര ബോളിവുഡിന് നല്‍കുന്നത് വലിയ ഊര്‍ജമാണ്.
ജനുവരി 25-ന് റിലീസായ ചിത്രം 1000 കോടിയെന്ന നാഴികക്കല്ല് പിന്നിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷാരൂഖ് ഖാന്‍റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ പഠാന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പഠാന്‍ പിന്നിലാക്കിയത്.
ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമൊപ്പം ജോൺ എബ്രഹാമും മുഖ്യവേഷത്തിലെത്തിയ സിനിമയാണ് പഠാന്‍. സിദ്ധാർഥ് ആനന്ദാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. യഷ് രാജ് ഫിലിംസാണ് നിർമാണം. 2018-ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് അവസാനമായി നായക വേഷത്തിലെത്തിയത്. അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാനും രാജ്കുമാര്‍ ഹിരാനി ചിത്രവും ഷാരൂഖിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.