'പ്രവചന ബിസിനസിന് ഞാനില്ല...'; പഠാന്റെ ആദ്യ ദിനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഷാരൂഖിന്റെ മറുപടി
|ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധർമ്മത്തിന് എതിരാണെന്ന പരാതിയിൽ മുംബൈ പോലീസ് സിനിമയ്‌ക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്
ഒരിടവേളക്ക് ശേഷം ഷാരൂഖ് തിരിച്ചുവരവ് നടത്തുന്ന സിനിമയായ പഠാനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിവാദങ്ങളിൽ മുങ്ങിനിൽക്കേ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് എങ്ങും ഇടംപിടിക്കുന്നത്. ഇതിനിടെ പ്രമോഷൻ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ശനിയാഴ്ച വൈകുന്നേരം ട്വിറ്ററിൽ ആരാധകർക്കായി ഒരു ചോദ്യോത്തരവേള സംഘടിപ്പിച്ചിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് രസകരമായ രീതിയിലാണ് താരം മറുപടി നൽകിയത്.
പഠാനെ കുറിച്ചും ബന്ധപ്പെട്ട വിവാദങ്ങൾ സംബന്ധിച്ചുമായിരുന്നു കൂടുതൽ ചോദ്യങ്ങളും ഉയർന്നത്. ഇതിൽ ഒരു ചോദ്യവും അതിന് ഷാരൂഖിന്റെ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പഠാന്റെ ആദ്യ ദിവസത്തെ കുറിച്ചുള്ള പ്രതീക്ഷ എന്താണെന്നായിരുന്നു ആരാധകന്റെ ചോദ്യം. "ഞാൻ പ്രവചനങ്ങളുടെ ബിസിനസിലല്ല... നിങ്ങളെ രസിപ്പിക്കാനും ചിരിപ്പിക്കാനുമുള്ള ബിസിനസിലാണ്..' എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.
പഠാനിൽ ജോൺ എബ്രഹാമിനൊപ്പമുള്ള അനുഭവം എങ്ങനെയുണ്ടായിരുന്നു എന്നും ചോദ്യമുയർന്നു. ജോൺ വളരെ ദയായുള്ളയാളെന്നും ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ തനിക്ക് പരിക്കേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു എന്നും ഷാരൂഖ് പറഞ്ഞു.
അതേസമയം, ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്തുവന്നതോടെ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുകയാണ്. ഷാരൂഖും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തിൽ നായിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധർമ്മത്തിന് എതിരാണെന്ന പരാതിയിൽ മുംബൈ പോലീസ് സിനിമയ്‌ക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിജെപി അനുയായി ആയ സജ്ഞയ് തിവാരി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഇതിനിടെ, സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ ഓജ ബിഹാർ മുസഫർ നഗർ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. സിദ്ധാർഥ് ആനന്ദാണ് പഠാന്റെ സംവിധാനം. ജോൺ എബ്രഹാമാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.റോ ഏജൻറായ പഠാൻ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്,ഡിംപിൾ കപാഡിയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. സൽമാൻ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പഠാനുണ്ട്.