ജയ് ശ്രീറാം വിളിച്ച് ഷാറൂഖ് ഖാൻ; ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തില് അവതാരകന്റെ വേഷത്തിൽ
|കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഗുജറാത്തിലെ ജാംനഗറിലായിരുന്നു ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്
അഹ്മദാബാദ്: മൂന്നു ദിവസമായി പൊടിപാറിയ ആഘോഷങ്ങൾക്കാണ് ഗുജറാത്തിലെ ജാംനഗർ വേദിയായത്. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്കു സാക്ഷിയാകാനായി ആഗോള ബിസിനസ് പ്രമുഖർ മുതൽ രാജ്യത്തെ സിനിമാ-കായിക സെലിബ്രിറ്റികൾ വരെയുള്ള വമ്പൻ നിര തന്നെ എത്തിയിരുന്നു.
അതിനിടെ, ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാൻ ചടങ്ങിൽ അവതാരകനായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രി നടന്ന സംഗീതനിശയിലാണ് താരം അവതാരക കുപ്പായമിട്ടത്. ജയ് ശ്രീറാം വിളിച്ചാണ് ഷാറൂഖ് വേദിയിലെത്തിയത്.
കറുത്ത പൈജാമയും കുർത്തയും ഉടുത്താണ് ഷാറൂഖ് വേദിയിൽ പ്രത്യക്ഷപ്പെട്ടത്. സംഗീതനിശയെക്കുറിച്ചുള്ള ആമുഖത്തിനുശേഷം അംബാനിയുടെ ഭാര്യയെയും മകളെയും മരുമകളെയും വേദിയിലേക്കു ക്ഷണിക്കുകയായിരുന്നു അദ്ദേഹം. അംബാനി കുടുംബത്തിലെ മൂന്ന് ദേവികളാണ്, സരസ്വതിയും ലക്ഷ്മിയും പാർവതിയുമാണെന്നു വിശേഷിപ്പിച്ചായിരുന്നു മൂന്നുപേരെയും താരം വേദിയിലേക്കു ക്ഷണിച്ചത്.
ആമിർ ഖാനും ഷാറൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ച് സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടതും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മൂന്നുപേരും ഒന്നിച്ച് ഓസ്കർ പുരസ്കാരം നേടിയ തെലുങ്ക് ഗാനം 'നാട്ടു നാട്ടു'വിനു ചുവടുവയ്ക്കുകയും ചെയ്തു. ഗായകൻ ദിൽജിത് ദോസഞ്ച് അവതരിപ്പിച്ച പരിപാടിയിൽ സുഹാന ഖാൻ, അനന്യ പാണ്ഡെ, നവ്യ നവേലി നന്ദ, ഷനായ കപൂർ എന്നിവർക്കൊപ്പവും ഷാറൂഖ് അണിനിരന്നു.
കോടികൾ മുടക്കിയാണ് പോപ്പ് താരം റിഹാന്നയെ ചടങ്ങിനെത്തിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മാർച്ച് ഒന്നിനായിരുന്നു താരത്തിന്റെ പ്രകടനം. ഖാൻ ത്രയത്തിനു പുറമെ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ചടങ്ങിനെത്തിയിരുന്നു. ദീപിക പദുക്കോൺ, രൺവീർ സിങ്, ആലിയ ഭട്ട്, കരീന കപൂർ, അക്ഷയ് കുമാർ, രൺബീർ കപൂർ, കരിഷ്മ കപൂർ, സൈഫ് അലി ഖാൻ, സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി, മാധുരി ദീക്ഷിത്, വരുൺ ധവാൻ ഉൾപ്പെടെ പ്രമുഖരാണു ചടങ്ങിൽ സംബന്ധിച്ചത്.
Summary: Shahrukh Khan chants Jai Shri Ram at Anant Ambani's pre-wedding bash