മറ്റൊരു സ്ത്രീയുമായി ബന്ധം; പിക്വെയുമായി വേർപിരിയാൻ ഷക്കീറ
|ഷക്കീറ അണിയിച്ചൊരുക്കിയ വക്കാ വക്കാ എന്ന ഗാനം ഫുട്‌ബോൾ ലോകത്തിന്റെ മനസ്സു കീഴടക്കിയിരുന്നു
മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളർ ജെറാദ് പിക്വെയും ലാറ്റിനമേരിക്കൻ പോപ് ഗായിക ഷക്കീറയും വേർപിരിയുന്നു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഷക്കീറ കണ്ടുപിടിച്ചതാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്ന് സ്പാനിഷ് മാധ്യമമായ എൽ പിരിയോഡിക്ക റിപ്പോര്‍ട്ടു ചെയ്തു. 12 വർഷമായി ഒന്നിച്ചു ജീവിക്കുകയാണ് ഇരുവരും. എങ്കിലും ഇതുവരെ വിവാഹിതരായിട്ടില്ല. രണ്ടു മക്കളുണ്ട്- മിലാനും സാഷയും.
2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ബാഴ്‌സലോണയിലെ കാലെ ഡെ മുൻഡനറിലെ വീട്ടിൽ പിക്വെ തനിച്ചാണ് താമസമെന്ന് എൽ പിരിയോഡിക്ക പറയുന്നു. വീട്ടില്‍ സ്ഥിരമായി നിശാ പാര്‍ട്ടികള്‍ നടക്കാറുണ്ടെന്ന് അയല്‍വാസികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.
ഷക്കീറയുടെ സോഷ്യൽ മീഡിയാ പേജുകളും പിക്വെയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളില്ല. കഴിഞ്ഞ മാർച്ചിലാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ഗായിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 2018 ലോകകപ്പിന് ശേഷം പിക്വെ ദേശീയ ഫുട്‌ബോളിൽനിന്ന് വിരമിച്ചിരുന്നു. സ്‌പെയിനിനായി 102 രാജ്യാന്തര മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ലോകകപ്പിനായി ഷക്കീറ അണിയിച്ചൊരുക്കിയ വക്കാ വക്കാ എന്ന ഗാനം ഫുട്‌ബോൾ ലോകത്തിന്റെ മനസ്സു കീഴടക്കിയിരുന്നു. യൂട്യൂബിലെ പല റെക്കോർഡുകളും തകർത്ത ഗാനമാണ് വക്കാ വക്കാ. ഇതുവരെ മുന്നൂറു കോടിയിലേറെ പേരാണ് ആ ഗാനം യൂട്യൂബില്‍ കണ്ടിട്ടുള്ളത്. ബ്രസീൽ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ലാ ലാ ലായും ചിട്ടപ്പെടുത്തിയത് ഷക്കീറ തന്നെയാണ്.
ആരാണ് ഷക്കീറ
ലാറ്റിനമേരിക്കൻ സംഗീത രാജ്ഞി (ക്വീൻ ഓഫ് ലാറ്റിൻ മ്യൂസിക്) എന്നറിപ്പെടുന്ന ഷക്കീറ പതിമൂന്നാം വയസ്സിലാണ് ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. ഇന്ന് ലോകത്ത് ഏറ്റവുമധികം വിപണി മൂല്യമുള്ള മ്യൂസിക് ആർട്ടിസ്റ്റുകളിൽ ഒരാളാണ്. ആദ്യ രണ്ട് ആൽബങ്ങൾ പരാജയമായിരുന്നു. ലോൺഡ്രി സർവീസ് എന്ന ആൽബത്തിലൂടെയാണ് ഇംഗ്ലീഷ് സംഗീതലോകത്തെത്തിയത്.
സംഗീത ആൽബങ്ങൾ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ലാറ്റിൻ കലാകാരി കൂടിയാണ് ഷക്കീറ. മൂന്ന് ഗ്രാമി അവാർഡ്, 12 ലാറ്റിൻ ഗ്രാമി അവാർഡ്, നാല് എംടിവി മ്യൂസിക് അവാർഡ്, ഏഴ് ബിൽബോർഡ് മ്യൂസിക് അവാർഡ്, 39 ബിൽബോർഡ് ലാറ്റിൻ മ്യൂസിക് അവാർഡ്, ആറ് ഗിന്നസ് വേൾഡ് റെക്കോഡ് തുടങ്ങി നിരവധി നേട്ടങ്ങളും അംഗീകാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
താഴേത്തട്ടിലുള്ള കുട്ടികളുടെ വിദ്യാഭ്യാസമുൾപ്പെടെ കാരുണ്യപ്രവർത്തനങ്ങൾക്കായി 1997 ൽ ഷക്കീറ സംഘടന ആരംഭിച്ചിരുന്നു. ഏകദേശം നാലായിരത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസസൗകര്യവും ഭക്ഷണവും സംഘടന നൽകിവരുന്നുണ്ട്. യൂണിസെഫിന്റെ ഗുഡ് വിൽ അംബാസഡർ കൂടിയാണ്.