Entertainment
Suriya on moving to Mumbai
Entertainment

"എനിക്ക് വേണ്ടി കരിയർ ഉപേക്ഷിച്ചതാണ് ജ്യോതിക... ഒരു മികച്ച നടിയായി അവൾ ഉയരുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം..."; മനസ്സ് തുറന്ന് സൂര്യ

Web Desk
|
29 Oct 2024 12:11 PM GMT

ചെന്നൈ ജീവിതത്തിൽ നിന്നുള്ള മാറ്റം, തന്നെക്കാൾ ജ്യോതിക്കയ്ക്കാണ് വേണ്ടിയിരുന്നതെന്നാണ് സൂര്യ പറയുന്നത്..

മുംബൈയിലേക്ക് താമസം മാറിയതിനെ കുറിച്ചും അത് കുടുംബത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും തുറന്നു പറഞ്ഞ് തമിഴ് നടൻ സൂര്യ. ചെന്നൈ ജീവിതത്തിൽ നിന്നുള്ള മാറ്റം, തന്നെക്കാൾ ജ്യോതിക്കയ്ക്കാണ് വേണ്ടിയിരുന്നതെന്നാണ് സൂര്യ പറയുന്നത്. 'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ' എന്ന മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ വെളിപ്പെടുത്തൽ.

സൂര്യയുടെ വാക്കുകൾ ഇങ്ങനെ:

"പതിനെട്ടോ പത്തൊമ്പതോ വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ചെന്നൈയിലേക്ക് താമസം മാറിയ ആളാണ് ജ്യോതിക. 27 വർഷം അവളുടെ ജീവിതം അവിടെയായിരുന്നു. ബാന്ദ്രനഗരത്തിന്റെ എല്ലാ ലൈഫ്‌സ്റ്റൈലും പിന്തുടർന്നിരുന്ന അവൾ എനിക്കും കുടുംബത്തിനുമായി ആ ലൈഫും കരിയറും സുഹൃദ്ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ചു. അവളുടെ കരിയറിന് ഒരു പുതിയ തുടക്കം വേണമെന്ന് തോന്നിയത് കൊണ്ട് കൂടിയാണ് മുംബൈയിലേക്കുള്ള പറിച്ചു മാറ്റം. അതവൾക്ക് അനിവാര്യമായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്. ശ്രീകാന്ത്, ഷൈത്താൻ, കാതൽ ദി കോർ എന്നീ ചിത്രങ്ങളെല്ലാം അവൾ ഏറ്റെടുത്തത് മുംബൈയിലേക്ക് മാറിയതിൽ പിന്നെയാണ്.

മുംബൈ അവൾക്കാ പഴയ ജീവിതം തിരിച്ചു നൽകിയത് പോലെയാണ് തോന്നുന്നത്. അച്ഛനമ്മമാർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാകുന്നതും, ചെറിയ വെക്കേഷനുകൾക്ക് പോകുന്നതും പഴയ സൗഹൃദങ്ങൾ പുതുക്കാനാകുന്നതുമൊക്കെ അവൾക്ക് നൽകുന്ന ആനന്ദം ചെറുതല്ല. സാമ്പത്തികമായുള്ള സ്വാതന്ത്ര്യവും ബഹുമാനവും ഒക്കെ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും ആസ്വദിക്കുന്നുണ്ട്. അത് ഞാൻ ഇപ്പോളാണ് തിരിച്ചറിയുന്നത്. ഞാൻ, എന്റെ സിനിമ, എന്റെ ലോകം എന്നിവയിൽ നിന്ന് മാറി നമ്മുടെ കൂടെയുള്ളവരുടെ വളർച്ചയ്ക്ക് ശ്രദ്ധ കൊടുക്കേണ്ടതും വളരെ അനിവാര്യമാണ്. എന്തിനാണ് നമുക്കായി നാം മറ്റുള്ളവരുടെ ജീവിതം വിലയ്‌ക്കെടുക്കുന്നത്. കരിയറിൽ അവളുടെ വളർച്ച കണ്ട് ഒരുപാട് സന്തോഷിക്കുന്നുണ്ട് ഞാൻ.

കരിയറിൽ ഒരുപാട് വെല്ലുവിളികൾ ഏറ്റെടുക്കുന്നയാളാണ് ജ്യോതിക.ഞാൻ പരിചയസമ്പത്തുള്ള സംവിധായകരെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ തുടക്കക്കാരെയാകും ജ്യോതിക പരിഗണിക്കുക. അതൊക്കെ അഭിനേത്രി എന്ന നിലയിൽ അവളുടെ വളർച്ച കൂടിയാണ്. അവൾക്കിനിയും നല്ല നല്ല ഓഫറുകൾ ലഭിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ".

മുംബൈയിലേക്കുള്ള കൂടുമാറ്റം വ്യക്തിജീവിതത്തെ എങ്ങനെ മാറ്റിയെടുത്തു എന്നും അഭിമുഖത്തിൽ സൂര്യ പങ്കു വയ്ക്കുന്നുണ്ട്. കുട്ടികളെയും കൂട്ടി പാർക്കിലും ബാസ്‌ക്കറ്റ് ബോൾ കളിക്കാനുമൊക്കെ കൊണ്ടു പോകാനാകുന്നതും ചെറിയ ഔട്ടിംഗുകളുമെല്ലാം ചെന്നൈയിൽ ആസ്വദിക്കാനായിരുന്നില്ലെന്നാണ് സൂര്യ പറയുന്നത്. കുട്ടികൾക്ക് തെരുവിലിറങ്ങി മറ്റ് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയണമെന്നും അതിന് മുംബൈ ഒരു നല്ല തിരഞ്ഞെടുപ്പായിരുന്നെന്നും സൂര്യ പറയുന്നു.

കോവിഡ് സമയത്താണ് സൂര്യയും ജ്യോതികയും മുംബൈയിലേക്ക് താമസം മാറുന്നത്. 2006ൽ വിവാഹത്തിന് ശേഷം ചെന്നൈയിൽ തന്നെയായിരുന്നു ഇരുവരും. കുറച്ചുകാലമായി കുട്ടികളമൊത്ത് മുംബൈയിലാണ് ഇരുവരുടെയും താമസം. കുട്ടികളെ മുംബൈയിലെ സ്‌കൂളിൽ ചേർക്കുകയും ചെയ്തു. വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത ജ്യോതിക അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നത്.

Similar Posts