മമ്മൂട്ടിയും മോഹൻലാലും എത്ര കൊല്ലമായി ഹീറോയായി നില്‍ക്കുന്നു, അന്നത്തെ ഹീറോയിൻസ് എവിടെ? ഷീല
|സിനിമയില്‍ വാല്യു ആണുങ്ങള്‍ക്കാണ്, അതുമാറ്റാന്‍ കഴിയില്ലെന്ന് ഷീല. വിയോജിച്ച് ഗൗരി ജി കിഷന്‍
കൊച്ചി: സിനിമകളില്‍ ഹീറോയ്ക്കാണ് മൂല്യമെന്ന് നടി ഷീല. ഹോളിവുഡിലായാലും ബോളിവുഡിലായാലും വാല്യു ആണുങ്ങള്‍ക്കാണ്. അതുമാറ്റാന്‍ കഴിയില്ല. മാറ്റണമെങ്കില്‍ ഒരു 25 വര്‍ഷമൊക്കെ കഴിയുമ്പോള്‍ അങ്ങനെയൊരു നായിക വരണമെന്നും ഷീല പറഞ്ഞു. എന്നാല്‍ ഷീലയുടെ അഭിപ്രായത്തോട് യുവനടി ഗൗരി ജി കിഷന്‍ വിയോജിച്ചു. തുല്യ വേതനം ആവശ്യപ്പെടുന്നത് ചെയ്യുന്ന ജോലിക്കാണ്. എന്തുകൊണ്ട് ഈ വിവേചനമെന്ന് മനസ്സിലാവുന്നില്ലെന്നും ഗൗരി ജി കിഷന്‍ പറഞ്ഞു. മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരുടെയും പ്രതികരണം.
"ഹീറോയ്ക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടാവും. അവരുടെ ഇടിയൊക്കെ കാണാന്‍. ഹീറോയ്ക്കാണ് ഹോളിവുഡിലായാലും ബോളിവുഡിലായാലും വാല്യു. ആണുങ്ങള്‍ക്കാണ് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ വാല്യു. അതുമാറ്റാന്‍ കഴിയില്ല. മാറ്റണമെങ്കില്‍ ഒരു 25 വര്‍ഷമൊക്കെ കഴിയുമ്പോള്‍ അങ്ങനെയൊരു നായിക വരണം"- ഷീല പറഞ്ഞു. നടീനടന്മാര്‍ക്ക് തുല്യവേതനം വേണമെന്ന് അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഷീലയുടെ പ്രതികരണം. ആ സാഹചര്യം മാറണമെന്ന് നടി ഗൗരി ജി കിഷന്‍ പ്രതികരിച്ചു.
"പുരുഷാധിപത്യം സിനിമയില്‍ മാത്രമല്ല വീടുകളിലും ശക്തമാണ്. മാറ്റമുണ്ടാകുന്നില്ല എന്നല്ല. പക്ഷെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. മാര്‍ക്കറ്റ് വാല്യു എനിക്ക് അറിയില്ല. തുല്യ വേതനം നമ്മള്‍ ചെയ്യുന്ന ജോലിക്കാണ്. എന്തുകൊണ്ട് ഈ വിവേചനമെന്ന് എനിക്ക് മനസ്സിലാവുന്നില്ല"- ഗൗരി ജി കിഷന്‍ പറഞ്ഞു.
അതിന് ഷീലയുടെ മറുപടിയിങ്ങനെ- "മോഹന്‍ലാലും മമ്മൂട്ടിയും എത്ര കൊല്ലങ്ങളായി ഹീറോ ആയിട്ട് നില്‍ക്കുന്നു. എത്രയെത്ര ഹീറോയിന്‍സിന്‍റെ കൂടെ അവര്‍ അഭിനയിച്ചു? ആ ഹീറോയിന്‍സൊക്കെ എവിടെ? അവരൊക്കെ പോയി. കല്യാണം കഴിഞ്ഞു, പിള്ളേരായി, തടിച്ചു, അമ്മ വേഷത്തിലൊക്കെ വരും. പെണ്ണുങ്ങള്‍ക്ക് ഫാമിലി എന്നൊക്കെ കുറേ കാര്യങ്ങളുണ്ട്. അതിനായി നമ്മള്‍ ചില ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും. അല്ലെങ്കില്‍ ലോകമെങ്ങനെ നിലനില്‍ക്കും?"
എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറുന്നുണ്ടെന്ന് ഗൗരി ജി കിഷന്‍ പ്രതികരിച്ചു- "തിരിച്ചുവരവ് എന്ന വാക്ക് തന്നെ വളരെ പ്രോബ്ലമാറ്റിക്കാണ്. പെണ്ണുങ്ങള്‍ക്ക് മാത്രമാണല്ലോ തിരിച്ചുവരേണ്ടത്? കല്യാണം ഒരു ചോയ്സാണ്. കരീന കപൂര്‍, ആലിയ ഭട്ടൊക്കെ കല്യാണത്തോടെ ബ്രേക്ക് എടുത്തിട്ടില്ല. നമ്മളും കുറേക്കൂടി തുറന്നമനസ്സുള്ളവരാവണം".