Entertainment
ഒരു തെറ്റു പറ്റി, എന്നാലും ഓകെ; ശിൽപ്പ ഷെട്ടി പറയുന്നു
Entertainment

'ഒരു തെറ്റു പറ്റി, എന്നാലും ഓകെ'; ശിൽപ്പ ഷെട്ടി പറയുന്നു

abs
|
27 Aug 2021 9:45 AM GMT

ജൂലൈ 19നാണ് ഭര്‍ത്താവ് രാജ് കുന്ദ്രയെ നീലച്ചിത്ര നിർമാണക്കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

മുംബൈ: ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്ര നിർമാണക്കേസിൽ സംശയത്തിന്റെ മുനയിലാണ് ബോളിവുഡ് നടി ശിൽപ്പ ഷെട്ടി. കേസിൽ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ശേഷം ഈയിടെയാണ് നടി പൊതുവേദികളിൽ സജീവമായത്. വിവാദങ്ങൾക്കിടെ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ ബോളിവുഡിലെ സംസാരം.

തെറ്റുകൾ ജീവിതത്തിന്റെ ഭാഗമാണ് എന്നും അതില്ലാതെ ജീവിതമുണ്ടാകില്ലെന്നും ഒരു പുസ്തകത്തിലെ ഉദ്ധരണികൾ പങ്കുവച്ച് നടി പറയുന്നു. പൂർണമായ ജീവിതത്തിനായി ഒരാൾ നൽകുന്ന കുടിശ്ശികയുടെ ഭാഗമാണ് തെറ്റുകള്‍ എന്ന ഇറ്റാലിയന്‍ നടി സോഫിയ ലോറന്റെ ഉദ്ധരണിയോടെയാണ് പുസ്തകത്തിന്റെ പേജ് ആരംഭിക്കുന്നത്.


'അവിടെയും ഇവിടെയും കുറച്ച് തെറ്റുകൾ സംഭവിക്കാതെ ആഹ്ലാദകരമായ ജീവിതം ഉണ്ടാകില്ല. അത് മറ്റുള്ളവരെ മുറിപ്പെടുത്തുന്ന ഭയങ്കര പിഴവുകൾ ആകാൻ പാടില്ല. എന്നാലും ചില തെറ്റുകളുണ്ടാകും... ഞാൻ തെറ്റു ചെയ്യാൻ പോകുന്നു. സ്വയം പൊറുക്കാനും അവയിൽ നിന്ന് പാഠം പഠിക്കാനും പോകുന്നു' - പുസ്തകം പറയുന്നു.

രാജിന്റെ അറസ്റ്റിന് പിന്നാലെ, സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയുടെ നാലാം സീസണിൽ ജഡ്ജായ ശിൽപ്പ ഏതാനും എപ്പിസോഡുകൾ ഒഴിവാക്കിയിരുന്നു. ഈയിടെയാണ് താരം പരിപാടിയില്‍ തിരിച്ചെത്തിയത്.

ജൂലൈ 19നാണ് കുന്ദ്രയെ നീലച്ചിത്ര നിർമാണക്കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ശിൽപ്പ ഷെട്ടിയെ ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രാജ് കുന്ദ്ര റിമാൻഡിൽ തുടരുകയാണ്.

'നിയമം അതിന്റെ വഴിക്കു പോകട്ടെ'

കേസിൽ നിയമം അതിന്റെ വഴിക്കു പോകട്ടെ എന്നാണ് ശിൽപ്പ പ്രതികരിച്ചിട്ടുള്ളത്. മാധ്യമങ്ങളും ചില സമൂഹമാധ്യമ പ്രൊഫൈലുകളും തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചാരണം നടത്തുകയാണ് എന്നും അവർ ആരോപിച്ചിരുന്നു.


'സംഭവത്തിൽ എന്റെ നിലപാട് കൃത്യമാണ്- ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കൂടാതെ ഇനിയും ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് ഞാൻ കൃത്യമായ അകലം പാലിക്കും. അതുകൊണ്ട് തന്നെ അനാവശ്യമായ സംശയങ്ങളിലേക്കും ചോദ്യങ്ങളിലേക്കും എന്റെ പേര് വലിച്ചിഴക്കരുത്''- അവർ പറഞ്ഞു.

' കഴിഞ്ഞ 29 വർഷമായി നിയമം അനുസരിക്കുന്ന ഒരു ഇന്ത്യക്കാരിയായി ഞാൻ സിനിമാ മേഖലയിലുണ്ട്. എന്നിലുള്ള നിങ്ങളുടെ വിശ്വാസം ഞാൻ ഒരിക്കലും തകർക്കില്ല, അതുകൊണ്ടു തന്നെ എന്നെയും എന്റെ കുടുംബത്തിന്റെയും സ്വകാര്യതയെ നിങ്ങൾ ബഹുമാനിക്കണം. ഞങ്ങളെ മാധ്യമങ്ങൾ വിചാരണ ചെയേണ്ട ആവശ്യമില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സത്യമേവ ജയതേ''- ശിൽപ്പ ഷെട്ടി കൂട്ടിച്ചേർത്തു.

Similar Posts