കോടികള്‍ തട്ടിയെന്ന് പരാതി: ശില്‍പ ഷെട്ടിക്കും അമ്മയ്ക്കുമെതിരെ കേസ്
|ശിൽപ ഷെട്ടിക്കും അമ്മയ്ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി
നടി ശിൽപ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കുമെതിരെ കേസ്. വെൽനസ് സെന്‍ററിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ പരാതി. ഉത്തര്‍പ്രദേശിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശിൽപയെയും സുനന്ദയെയും ചോദ്യംചെയ്യാൻ ലഖ്നൗ പൊലീസ് സംഘം മുംബൈയിലെത്തും.
ശില്‍പയും അമ്മയും കൂടി അയോസിസ് വെൽനസ് സെന്‍റര്‍ എന്ന പേരിൽ ഒരു ഫിറ്റ്നസ് ചെയിൻ നടത്തുന്നുണ്ട്. ഈ കമ്പനിയുടെ ചെയർമാൻ ശിൽപ ഷെട്ടിയാണ്. അമ്മ സുനന്ദയാണ് ഡയറക്ടര്‍. വെൽനസ് സെന്‍ററിന്‍റെ ശാഖ തുറക്കാനെന്ന പേരില്‍ ശിൽപ ഷെട്ടിയും അമ്മയും രണ്ടു പേരിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. എന്നാൽ സ്ഥാപനം തുറന്നില്ല. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെ ജ്യോത്സ്ന ചൗഹാന്‍, രോഹിത് വീർ സിംഗ് എന്നീ രണ്ടു പേര്‍ വഞ്ചനാ പരാതി നല്‍കിയത്.
ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച്, വിഭൂതിഖണ്ഡ് പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. രണ്ട് പരാതികളിലും പൊലീസ് അന്വേഷണം തുടങ്ങി. ശിൽപ ഷെട്ടിക്കും അമ്മയ്ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഇരുവരെയും ചോദ്യംചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുംബൈയിലേക്ക് പോകുമെന്ന് ഡിസിപി സഞ്ജീവ് സുമൻ പറഞ്ഞു.
നേരത്തെ നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചോദ്യംചെയ്ത് രാജ് കുന്ദ്ര നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി.