Entertainment
രാജ് കുന്ദ്രയുമായി വഴി പിരിയാൻ ഒരുങ്ങി ശിൽപ്പ ഷെട്ടി: റിപ്പോർട്ട്
Entertainment

രാജ് കുന്ദ്രയുമായി വഴി പിരിയാൻ ഒരുങ്ങി ശിൽപ്പ ഷെട്ടി: റിപ്പോർട്ട്

abs
|
1 Sep 2021 7:27 AM GMT

നീലച്ചിത്ര നിര്‍‌മാണക്കേസിൽ ജൂലൈ 19നാണ് രാജ് കുന്ദ്ര അറസ്റ്റിലായത്

മുംബൈ: നീലച്ചിത്ര നിർമാണക്കേസിൽ മുംബൈ പൊലീസ് അറസ്റ്റു ചെയ്ത വ്യവസായി രാജ് കുന്ദ്രയുമായി വിവാഹമോചനത്തിന് ഒരുങ്ങി നടി ശിൽപ്പ ഷെട്ടി. എന്‍റര്‍ടൈന്‍മെന്‍റ് വെബ്സൈറ്റായ ബോളിവുഡ് ഹംഗാമയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് ഹംഗാമയുടെ വാർത്ത. 2009ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. രണ്ടു മക്കളുണ്ട്.

'രാജ് കുന്ദ്രയുടെ പ്രശ്‌നങ്ങൾ വേഗത്തിൽ അവസാനിക്കുന്നതല്ല. ഓരോ ആഴ്ചയും പ്രശ്‌നങ്ങൾ സങ്കീർണമായിക്കൊണ്ടിരിക്കുന്നു. നീലച്ചിത്ര നിർമാണവുമായി രാജ് കുന്ദ്രയ്ക്കുള്ള പങ്ക് ശിൽപ്പയെപ്പോലെ ഞങ്ങളെയും ഞെട്ടിച്ചു. രത്‌നങ്ങളും ആഡംബരസൗധങ്ങളും ഹീനമായ മാർഗത്തിലൂടെയാണ് വരുന്നത് എന്നവർക്കറിയില്ലായിരുന്നു'- നടിയുടെ സുഹൃത്ത് ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.

'രാജ് കുന്ദ്രയുടെ ആസ്തിയിൽ നിന്ന് നയാപൈസ ശിൽപ്പ തൊട്ടിട്ടില്ല. റിയാലിറ്റി ഷോകളിൽ നിന്നാണ് അവർ പണം സമ്പാദിച്ചത്. ഹംഗാമ 2വിന് ശേഷം സിനിമയിൽ കൂടുതൽ അവസരങ്ങൾ നോക്കുകയാണ് അവർ' - സുഹൃത്ത് കൂട്ടിച്ചേർത്തു.



കേസിൽ ജൂലൈ 19നാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ് കുന്ദ്രയുടെ നിർമാണ കമ്പനി നീലച്ചിത്രങ്ങൾ നിർമിക്കുന്നുവെന്നും അത് ഓൺലൈനിൽ പ്രചരിപ്പിക്കുന്നുവെന്നുമാണ് കേസ്. ഷെർലിൻ ചോപ്ര അടക്കമുള്ള നടിമാരുടെ പരാതിയെ തുടർന്ന് മുംബൈ പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വിവാദങ്ങൾക്ക് പിന്നാലെ സൂപ്പർ ഡാൻസർ 4 റിയാലിറ്റി ഷോയിൽ നിന്ന് ശിൽപ്പ കുറച്ചുകാലം അവധിയെടുത്തിരുന്നു. ഈയിടെയാണ് താരം ജഡ്ജിങ് പാനലിലേക്ക് തിരിച്ചെത്തിയത്.

'നിയമം അതിന്റെ വഴിക്കു പോകട്ടെ'

കേസിൽ നിയമം അതിന്റെ വഴിക്കു പോകട്ടെ എന്നാണ് ശിൽപ്പ പ്രതികരിച്ചിട്ടുള്ളത്. മാധ്യമങ്ങളും ചില സമൂഹമാധ്യമ പ്രൊഫൈലുകളും തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചാരണം നടത്തുകയാണ് എന്നും അവർ ആരോപിച്ചിരുന്നു.

'സംഭവത്തിൽ എന്റെ നിലപാട് കൃത്യമാണ്- ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കൂടാതെ ഇനിയും ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് ഞാൻ കൃത്യമായ അകലം പാലിക്കും. അതുകൊണ്ട് തന്നെ അനാവശ്യമായ സംശയങ്ങളിലേക്കും ചോദ്യങ്ങളിലേക്കും എന്റെ പേര് വലിച്ചിഴക്കരുത്''- അവർ പറഞ്ഞു.

' കഴിഞ്ഞ 29 വർഷമായി നിയമം അനുസരിക്കുന്ന ഒരു ഇന്ത്യക്കാരിയായി ഞാൻ സിനിമാ മേഖലയിലുണ്ട്. എന്നിലുള്ള നിങ്ങളുടെ വിശ്വാസം ഞാൻ ഒരിക്കലും തകർക്കില്ല, അതുകൊണ്ടു തന്നെ എന്നെയും എന്റെ കുടുംബത്തിന്റെയും സ്വകാര്യതയെ നിങ്ങൾ ബഹുമാനിക്കണം. ഞങ്ങളെ മാധ്യമങ്ങൾ വിചാരണ ചെയേണ്ട ആവശ്യമില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സത്യമേവ ജയതേ''- ശിൽപ്പ ഷെട്ടി കൂട്ടിച്ചേർത്തു.

Similar Posts