കാവിവസ്ത്രമിട്ട ബി.ജെ.പി നേതാക്കൾ സംസ്‌കാരശൂന്യമായ പലതും ചെയ്യുന്നു, ബിക്കിനിയുടെ നിറം മാത്രമല്ല ദീപികക്കെതിരായ പ്രതിഷേധത്തിന് കാരണം: സഞ്ജയ് റാവത്ത്
|ഉർഫി ജാവേദിനെ പ്രശസ്തയാക്കിയതും ബി.ജെ.പിയെന്ന് സഞ്ജയ് റാവത്ത്
മുംബൈ: പഠാന്‍ സിനിമയ്ക്കെതിരായ സംഘ്പരിവാര്‍ പ്രതിഷേധത്തില്‍ നടി ദീപിക പദുകോണിനെ പിന്തുണച്ച് ശിവസേന ഉദ്ധവ് പക്ഷ എംപി സഞ്ജയ് റാവത്ത്. നിരവധി ബി.ജെ.പി നേതാക്കൾ കാവി വസ്ത്രമിട്ട് സംസ്കാരശൂന്യമായ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അവർ ദീപികയുടെ ബിക്കിനിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്തിന്‍റെ വിമര്‍ശനം.
"കാവി ബിക്കിനി മാത്രമാണോ ദീപിക പദുക്കോണിനെതിരെയുള്ള ദേഷ്യത്തിന് കാരണം? ദീപിക ജെ.എൻ.യുവിൽ പോയി വിദ്യാർഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചു. ഇത് ബി.ജെ.പിയെ ചൊടിപ്പിച്ചു. ഇപ്പോൾ അവർ ദീപികയുടെ ബിക്കിനിയുടെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നു. അതേസമയം കാവിവസ്ത്രം ധരിച്ച പല ബി.ജെ.പി നേതാക്കളും സംസ്കാരശൂന്യമായ പലതും ചെയ്യുന്നു. പഠാന്റെ ചില സീനുകൾ സെൻസർ ബോർഡ് വെട്ടിക്കളഞ്ഞു. ബി.ജെ.പിക്കാരാണ് സെന്‍സര്‍ ബോര്‍ഡിലുള്ളത്"- സഞ്ജയ് റാവത്ത് പറഞ്ഞു.
ബി.ജെ.പി മോറൽ പൊലീസായി രംഗത്ത് വന്നില്ലായിരുന്നുവെങ്കിൽ ഉർഫി ജാവേദിനെ ആരും അറിയില്ലായിരുന്നുവെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. മോശം വസ്ത്രത്തിന്റെ പേരിൽ ഉർഫി ജാവേദിനെതിരെ ബി.ജെ.പി നേതാവ് ചിത്ര വാഗ് പരാതി നൽകിയിരുന്നു. തുടർന്ന് മുംബൈ പൊലീസ് ഉര്‍ഫിയെ വിളിപ്പിച്ചു. ഇതാണ് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടിയത്.
ഉർഫി ജാവേദിനെ ബി.ജെ.പി നേതാവിന്റെ പരാതിയോടെ എല്ലാവരും അറിയുകയാണുണ്ടായത്. ഹരിയാനയില്‍ മന്ത്രി സന്ദീപ് സിങ്ങിനെതിരെ പീഡന പരാതി ഉയര്‍ന്നപ്പോള്‍ പ്രതികരിക്കാതെ ഉര്‍ഫിക്കെതിരെ മാത്രം ശബ്ദമുയര്‍ത്തുകയാണ് ബി.ജെ.പി നേതാവെന്നും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു.
ഉര്‍ഫിയുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടി വനിതാ കമ്മീഷൻ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമോ ഇല്ലയോ എന്നാണ് ബി.ജെ.പി നേതാവ് ചിത്ര വാഗ് ട്വീറ്റ് ചെയ്തത്- "അർദ്ധനഗ്നരായ സ്ത്രീകൾ തെരുവിൽ പരസ്യമായി നടക്കുന്നു. എന്തുകൊണ്ട് വനിതാ കമ്മീഷൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല? പ്രതിഷേധം ഉര്‍ഫിക്ക് എതിരെയല്ല. പൊതുസ്ഥലങ്ങളിൽ പരസ്യമായി നടക്കുന്ന നിലപാടിനെതിരെയാണ്. അതെ... വനിതാ കമ്മീഷൻ എന്തെങ്കിലും ചെയ്യുമോ ഇല്ലയോ?" അതേസമയം തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഉര്‍ഫി ജാവേദ് ബി.ജെ.പി നേതാവ് ചിത്രക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
Summary- Anger against Deepika Padukone not only for her saffron bikini, says shiv sena MP Sanjay Raut