'വാർത്തകൾ കണ്ട് പ്രകോപിതനായി പറഞ്ഞുപോയതാണ്'; മാധ്യമങ്ങൾക്കെതിരായ അധിക്ഷേപത്തിൽ മാപ്പുപറഞ്ഞ് ഷിയാസ് കരീം
|അറിയാത്ത കാര്യമാണു നടക്കുന്നതെന്നും ഒരുപാട് കാര്യങ്ങൾ വളച്ചൊടിക്കുന്നുണ്ടെന്നും ഷിയാസ് പ്രതികരിച്ചു
കോഴിക്കോട്: മാധ്യമങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ മാപ്പുപറഞ്ഞ് സിനിമാ-സീരിയൽ താരം ഷിയാസ് കരീം. പീഡന വാർത്തകൾ കണ്ടു പ്രകോപിതനായി പറഞ്ഞുപോയതാണെന്ന് താരം പ്രതികരിച്ചു. ഒരുപാട് കാര്യങ്ങൾ വളച്ചൊടിച്ചാണു പ്രചരിപ്പിക്കുന്നതെന്നും ഷിയാസ് പറഞ്ഞു.
ഇന്നലെ മാധ്യമങ്ങളെ ചീത്തവിളിച്ച് ഒരു വിഡിയോ ചെയ്തിരുന്നു. അതിൽ മാപ്പുപറയുന്നു. എന്റെ കരിയറിൽ 90 ശതമാനം പിന്തുണയും മാധ്യമപ്രവർത്തകരാണ്. ഒരുപാട് മാധ്യമപ്രവർത്തകർ എന്നെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ, ഇന്നലെ നിരവധി വാർത്താ ലിങ്കുകളും വിഡിയോസും ലഭിച്ചപ്പോൾ അതിൽ പ്രകോപിതനായി. അങ്ങനെയാണ് ചീത്തവിളിക്കുകയെല്ലാം ചെയ്തത്. അതിന്റെ പേരിൽ ആർക്കെങ്കിലും വിഷമമായെങ്കിൽ മാപ്പുചോദിക്കുന്നു-സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഷിയാസ് പറഞ്ഞു.
അറിയാത്ത കാര്യമാണു നടക്കുന്നതെന്നും ഒരുപാട് കാര്യങ്ങൾ വളച്ചൊടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് കഷ്ടപ്പെട്ടാണ് കുറച്ചുപേരെങ്കിലും എന്നെ തിരിച്ചറിയുന്നത്. പിന്തുണയ്ക്ക് എല്ലാവർക്കും നന്ദിയുണ്ട്. ഉടൻ തന്നെ നേരിട്ടു കാണുമെന്നും നടന്ന സംഭവങ്ങളെ കുറിച്ചെല്ലാം തുറന്നുപറയുമെന്നും ഷിയാസ് കരീം കൂട്ടിച്ചേർത്തു.
ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഷിയാസ് പ്രതികരിച്ചത്. താൻ ജയിലിലല്ലെന്നും ദുബൈയിലാണെന്നും പറഞ്ഞ താരം മാധ്യമങ്ങൾക്കെതിരെ അശ്ലീല പരാമർശങ്ങളും നടത്തി. നാട്ടിലെത്തിയ ശേഷം നേർക്കുനേർ കാണാണെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ജിം ട്രെയിനറായ യുവതിയുടെ പീഡന പരാതിയിൽ കാസർകോട് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണു പരാതി. കാസർകോട് ഹൊസ്ദുർഗ് സ്വദേശിയാണ് പരാതിക്കാരി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
എറണാകുളത്തെ ജിമ്മിൽ വർഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നു പരാതിയിൽ പറയുന്നു. ഇതിനിടെ വിവാഹ വാഗ്ദാനം നൽകി ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
Summary: Film-serial star Shiyas Kareem apologized for insulting media in harassment complaint case