Entertainment
പ്രേമം റീമേക്കിന്‍റെ പേരില്‍ ട്രോളുകള്‍ക്കിരയായി; ആ വേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് ശ്രുതി ഹാസന്‍
Entertainment

പ്രേമം റീമേക്കിന്‍റെ പേരില്‍ ട്രോളുകള്‍ക്കിരയായി; ആ വേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് ശ്രുതി ഹാസന്‍

Web Desk
|
19 Feb 2022 4:48 AM GMT

തനിക്ക് അധികം ട്രോളുകള്‍ കിട്ടാറില്ലെങ്കിലും ഒരു തെലുങ്ക് സിനിമയുടെ പേരില്‍ ട്രോളുകള്‍ക്ക് ഇരയായെന്ന് ശ്രുതി പറഞ്ഞു

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാരംഗത്തും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുന്ന നടിയാണ് ശ്രുതി ഹാസന്‍. അടുത്തിടെ, അർജൻ ബജ്‌വ, ഗൗഹർ ഖാൻ, മിഥുൻ ചക്രവർത്തി എന്നിവർക്കൊപ്പം ബെസ്റ്റ് സെല്ലറിലും നടി അഭിനയിച്ചിരുന്നു. ആമസോണിലുടെ കഴിഞ്ഞ ദിവസമാണ് ബെസ്റ്റ് സെല്ലര്‍ പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോള്‍ ഒരു തെലുങ്ക് ചിത്രത്തിന്‍റെ പേരില്‍ താന്‍ ഒരുപാട് ട്രോളുകള്‍ക്ക് ഇരയായി എന്നു തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രുതി. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.


തനിക്ക് അധികം ട്രോളുകള്‍ കിട്ടാറില്ലെങ്കിലും ഒരു തെലുങ്ക് സിനിമയുടെ പേരില്‍ ട്രോളുകള്‍ക്ക് ഇരയായെന്ന് ശ്രുതി പറഞ്ഞു. '' തെലുങ്കിൽ പ്രേമം എന്ന ചിത്രത്തിന് വേണ്ടി മാത്രമാണ് എനിക്ക് ട്രോളുകൾ നേരിടേണ്ടി വന്നത്. നിവിന്‍ പോളി, സായ് പല്ലവി എന്നിവര്‍ നായികാനായകന്‍മാരായി അഭിനയിച്ച പ്രേമത്തിന്‍റെ റീമേക്കായിരുന്നു അതു. ചിത്രത്തിലെ നായിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവര്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. പിന്നെ ഒരു നിമിഷം ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു എന്ന് തോന്നി. പക്ഷേ, ഞാൻ അത് എന്‍റെ രീതിയിൽ, എനിക്ക് ഇഷ്ടമുള്ള രീതിയിൽ ചെയ്യാൻ തീരുമാനിച്ചു. അവർ എന്ത് വിചാരിക്കുന്നുവെന്നത് ഒരു പ്രശ്നമല്ല. ചിത്രത്തിന്‍റെ എനിക്ക് ഒറിജിനൽ ഇഷ്ടപ്പെട്ടു, പക്ഷേ അവളെപ്പോലെ ആകാൻ ഞാൻ ആഗ്രഹിച്ചില്ല, എനിക്ക് അവളെപ്പോലെ ആകാൻ കഴിഞ്ഞുമില്ല. ഭാഗ്യവശാൽ, സിനിമ നന്നായി ചെയ്തു, ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു'' ശ്രുതി പറഞ്ഞു. ''പ്രേമത്തിന്‍റെ പേരില്‍ ട്രോളുകള്‍ക്ക് ഇരയായെങ്കിലും അതെന്നെ വലിയൊരു പാഠം പഠിപ്പിച്ചു. നമ്മളെ മറ്റുള്ളവരുമായി ഒരിക്കലും താരതമ്യപ്പെടുത്തരുത്. ക്രിയാത്മകവും കരുണയില്ലാത്തതുമായ വിമര്‍ശനങ്ങളെ സ്വീകരിക്കേണ്ടതില്ലെന്നും ഞാന്‍ പഠിച്ചു'' ശ്രുതി കൂട്ടിച്ചേര്‍ത്തു.


അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രേമം. മലയാളക്കരയില്‍ ഓളമായി ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു. സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നീ മൂന്നു നായികമാരെ സിനിമക്ക് സമ്മാനിച്ച ചിത്രമായിരുന്നു പ്രേമം. 2016ലാണ് ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് പുറത്തിറങ്ങിയത് നാഗചൈതന്യയായിരുന്നു നായകന്‍. മലര്‍ മിസായി എത്തിയത് ശ്രുതി ഹാസനായിരുന്നു.

അതേസമയം പ്രഭാസിനൊപ്പം അഭിനയിക്കുന്ന സലാര്‍ ആണ് ശ്രുതിയുടെ പുതിയ ചിത്രം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗപതി ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കന്നഡയിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിച്ച സലാർ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും.



Similar Posts