Entertainment
Shukur Vakiel against Producer M. Ranjiths remarks

ഷുക്കൂർ വക്കീൽ, എം.രഞ്ജിത്ത്

Entertainment

'കാസർകോട്ടെ ജനങ്ങളെ ആക്ഷേപിച്ചു'; ജില്ലയിൽ സിനിമ കേന്ദ്രീകരിക്കുന്നത് ലഹരികണ്ടിട്ടല്ലെന്ന് ഷുക്കൂർ വക്കീൽ

Web Desk
|
1 May 2023 4:29 AM GMT

''പ്രകൃതി ഭംഗി, മനുഷ്യരുടെ നിഷ്‌കളങ്കമായ അഭിനയം, ജനങ്ങളുടെ സഹകരണം തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് കാസർകോട്ടേക്ക് സിനിമ കേന്ദ്രീകരിച്ചതിന് കാരണം''

കാസർകോട്: മയക്കുമരുന്ന് ലഭിക്കാൻ എളുപ്പമുള്ളതിനാലാണ് സിനിമകൾക്ക് കാസർകോട് ലൊക്കേഷനായി തെരഞ്ഞെടുക്കുന്നതെന്ന നിർമ്മാതാവ് എം. രഞ്ജിത്തിന്റെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നടനും അഭിഭാഷകനുമായ ഷുക്കൂർ. ജില്ലയിൽ സിനിമ കേന്ദ്രീകരിക്കുന്നത് ലഹരി കണ്ടിട്ടല്ലെന്നും കാസർകോട്ടെ ജനങ്ങളെ മുഴുവൻ ആക്ഷേപിക്കുന്ന പരാമർശമാണ് രഞ്ജിത്ത് നടത്തിയതെന്നും അദ്ദേഹം തുറന്നടിച്ചു. വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എം. രഞ്ജിത്ത് രംഗത്തെത്തിയിരുന്നു.

സിനിമയിലേക്ക് പുതിയ തലമുറയുടെ കടന്നുവരവിൽ അസ്വസ്ഥരായ മാടമ്പി മനസ്സുള്ളവരുടെ ഇടുങ്ങിയ ചിന്തയാണിത്. കാസർകോട്ടേക്ക് സിനിമ വരുന്നതിൽ മൂന്ന് ഘടകങ്ങളുണ്ട്. പ്രകൃതി ഭംഗി, ഇവിടുത്തെ മനുഷ്യരുടെ നിഷ്‌കളങ്കമായ അഭിനയം, ജനങ്ങളുടെ സഹകരണം തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് കാസർകോട്ടേക്ക് സിനിമ കേന്ദ്രീകരിക്കുന്നതിന് കാരണമെന്ന് ഷുക്കൂർ വക്കീൽ വ്യക്തമാക്കി.

യാതൊരു കാപട്യവും ഇല്ലാതെ ഡയറക്ടർമാർ പറയുന്നത് പോലെ അഭിനയിക്കാൻ കഴിവുള്ള ഒരുപാട് ആളുകൾ ഇവിടെയുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ടെന്ന ആരോപണം തങ്ങളുടെ യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്. മയക്കുമരുന്ന് കൈവശംവെക്കുകയെന്നത് ഗുരുതരമായ കുറ്റമാണ്. അങ്ങനെയുള്ള കുറ്റകൃത്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടാൽ പൗരബോധമുള്ള ഒരാളെന്ന നിലയിൽ പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും ഷുക്കൂർ വക്കീൽ കൂട്ടിച്ചേർത്തു.

''കാസർകോട്ടെ സിനിമ സെറ്റിൽ നിന്ന് മയക്കുമരുന്ന് പിടിച്ചാൽ അദ്ദേഹത്തിന് പറയാം. ഈ കാസർകോട് സിനിമയിലേക്ക് ആൾക്കാര് പോകുന്നത് സിനിമ സെറ്റിൽ ഇത് കിട്ടുന്നത് കൊണ്ടാണെന്ന്. അദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞ സ്ഥിതിക്ക് അതുമായി മുന്നോട്ടു പോകുന്നത് അവിവേകമാകും. ഇത് സിനിമാക്കാർ പ്രതികരിക്കേണ്ട കാര്യമല്ലെന്നാണ് ഞാൻ വിചാരിക്കുന്നത്. കാസർകോട്ടെ മുഴുവൻ ജനങ്ങളെയാണ് ആക്ഷേപിച്ചിരിക്കുന്നത്. ഇത് കാസർകോട്ടെ മനുഷ്യരുടെ അഭിമാനവുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് തന്നെ വിഷയം കോടതിയിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു''- ഷുക്കൂർ വക്കീൽ പറഞ്ഞു.

മലയാള സിനിമയിൽ മയക്കുമരുന്നിന് അടിമകളായ താരങ്ങളുണ്ടെന്നും അവരുടെ പട്ടിക സർക്കാരിന് കൈമാറുമെന്നും വാർത്താസമ്മേളനത്തിൽ രഞ്ജിത്ത് പറഞ്ഞിരുന്നു. അതിനുശേഷം നൽകിയ അഭിമുഖത്തിലാണ് കാസർകോട്ടെ കുറിച്ച് വിവാദ പരാമർശം നടത്തിയത്. കാസർകോടേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും മദനോത്സവം എന്ന സിനിമയുടെ സംവിധായകൻ സുധീഷ് ഗോപിനാഥ് പ്രതികരിച്ചു. കാസർകോട് ചിത്രീകരിക്കുന്ന സിനിമകളെയെല്ലാം അടച്ചാക്ഷേപിച്ചത് ശരിയായില്ലെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളും പറഞ്ഞു.

Similar Posts