സോഷ്യല്‍മീഡിയ ഓഫാക്കി പോയി പഠിക്കൂ; ട്രന്‍ഡിന് കമന്റ് ചെയ്യാനില്ലെന്ന് നടന് സിദ്ധാര്‍ഥ്
|വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്. നിങ്ങളുടെ പോസ്റ്റിന് കമന്റ് ചെയ്യാന്‍ പോകുന്നില്ല
ചെന്നൈ: ഇഷ്ടതാരങ്ങളുടെ കമന്റ് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ട്രന്‍ഡ്. പ്രിയപ്പെട്ട നടനോ നടിയോ കമന്റ് ചെയ്താല്‍ പഠിക്കാം, എക്സര്‍സൈസ് ചെയ്യാം,നാട്ടിലേക്ക് വരാം ...എന്നിങ്ങനെയുള്ള രസകരമായ പോസ്റ്റുകള്‍ക്ക് താഴെ താരങ്ങള്‍ കമന്റ് ചെയ്യുകയും പിന്നീടത് വൈറലാവുകയും ചെയ്യുന്നതാണ് ട്രന്‍ഡ്. ഇപ്പോള്‍ ഈ ട്രന്‍ഡിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത തമിഴ് നടന് സിദ്ധാര്‍ഥ്. ട്രന്‍ഡിന് കമന്റ് ചെയ്യാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
''വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്. നിങ്ങളുടെ പോസ്റ്റിന് കമന്റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കൂവെന്നും സിദ്ധാര്‍ഥ് പറഞ്ഞു. സിദ്ധാര്‍ഥ് ഈ വിഡിയോയില്‍ കമന്റ് ഇട്ടാലേ ഞാന്‍ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നതെന്നും പരീക്ഷയില്‍ ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ എന്നും'' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ സിദ്ധാര്‍ഥ് പറഞ്ഞു. '' നിങ്ങൾ ഈ റീൽ കാണുകയാണെങ്കിൽ, നിങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിലാണെന്നും ഉപകാരപ്രദമായ ഒന്നും ചെയ്യുന്നില്ലെന്നും എനിക്കറിയാം'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തെലുഗു നടന് വിജയ് ദേവരകൊണ്ട കമന്റ് ചെയ്യണമെന്ന രീതിയിലാണ് ഈ ട്രെന്‍ഡിന് തുടക്കമായത്. വിജയ് ഈ വീഡിയോക്ക് കമന്റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്നായിരുന്നു പോസ്റ്റ്. വീഡിയോ വൈറലായതോടെ കമന്റുമായി സാക്ഷാല്‍ വിജയ് ദേവരകൊണ്ട തന്നെ രംഗത്തെത്തിയിരുന്നു. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു നടന്റെ വാഗ്ദാനം. പിന്നീട് ടൊവിനോ തോമസ്,കുഞ്ചാക്കോ ബോബന്, രശ്മിക,ഹന്‍സിക തുടങ്ങി നിരവധി താരങ്ങള്‍ കമന്റ് തേടിയുള്ള പോസ്റ്റുകള്‍ക്ക് പ്രതികരിച്ചിരുന്നു. ബേസില്‍ ജോസഫ് കമന്റ് ചെയ്താല്‍ നാട്ടിലേക്ക് വരാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശി പങ്കുവച്ച വീഡിയോയും വൈറലായിരുന്നു. മകനെ മടങ്ങിവരൂ എന്നായിരുന്നു ബേസില്‍ കമന്റ് ചെയ്തത്.