''നമ്മുടെ ഒരു കൈ വെട്ടി മാറ്റിയത് പോലെയല്ലേ സിദ്ധു ഏട്ടാ ? ദിലീപ് സങ്കടത്തോടെ പറഞ്ഞു''
|കാർത്തിക്കിനെ പരിചയപ്പെട്ടിട്ട് 35 വർഷം കഴിഞ്ഞു. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന പടം ഞാൻ വർക്ക് ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഡ്രൈവറായി കാർത്തിക്കുണ്ട്
അന്തരിച്ച ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. മലയാള സിനിമക്കാരുടെ പ്രിയപ്പെട്ടവനായിരുന്നു കാർത്തികെന്നും മലയാള സിനിമയുടെ എന്ത് ജോലി ചെന്നൈയിൽ നടന്നാലും കാർത്തിക് ധൈര്യമായിരുന്നുവെന്നും സിദ്ധു ഫേസ്ബുക്കില്‍ കുറിച്ചു
സിദ്ധു പനയ്ക്കലിന്‍റെ കുറിപ്പ്
കാർത്തിക്കിനെ പരിചയപ്പെട്ടിട്ട് 35 വർഷം കഴിഞ്ഞു. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന പടം ഞാൻ വർക്ക് ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഡ്രൈവറായി കാർത്തിക്കുണ്ട്. ഓരോ സിനിമകളുടെയും ഫൈനൽ വർക്ക് നടക്കുമ്പോൾ 1st കോപ്പിക്കു വേണ്ടി എഡിറ്റിംഗ് റൂമിൽ നിന്ന് പിക്ചർ നെഗറ്റീവും സൗണ്ട് നെഗറ്റ്റീവും സിങ്ക് ചെയ്തു കിട്ടുന്നത് ലാബിൽ കൊടുക്കാൻ എ വി എമ്മിലെയും വാഹിനിയിലെയും എഡിറ്റിംഗ് റൂമുകൾക്ക് മുന്നിൽ എത്രയോ രാത്രികളിൽ കൊതുകുകടിയും കൊണ്ട് കാത്തിരുന്നിട്ടുണ്ട് ഞാനും അസോസിയേറ്റ് ഡയറക്ടറും കാർത്തിക്കും.
റെക്കോർഡിങ്, റീ റെക്കോർഡിങ്, ഡബ്ബിങ്, മിക്സിങ് ഈ ജോലികൾ ചെയ്യാൻ എത്രയോ വർഷങ്ങൾ മദ്രാസിലെ സ്റ്റുഡിയോകളിലും കോടമ്പാക്കത്തും കാർത്തികിനൊപ്പം യാത്ര ചെയ്തു. പോണ്ടി ബസാറിലും രംഗനാഥൻ തെരുവിലും പർച്ചേസിങ്ങിനും അല്ലാതെയും കാർത്തിക്കിനൊപ്പം അലഞ്ഞുതിരിഞ്ഞു. ക്രോക്ഡയിൽ പാർക്കും VGP യും മഹാബലിപുരവും കാണാൻ ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ വാടക കൊടുക്കാതെ ഡീസൽ മാത്രം അടിച്ചു കൊടുത്തു കാർത്തിക്കിന്റെ കാറിൽ യാത്ര ചെയ്തിട്ടുണ്ട്. ഞാൻ മദ്രാസിൽ സ്ഥിരതാമസമായിരുന്ന കാലത്ത് വാടക വീട് കണ്ടുപിടിക്കാനൊക്കെ കാർത്തിക്കിന്റെ സഹായം തേടിയിട്ടുണ്ട്. എന്റെ കല്യാണസമയത്ത് മോഹനേട്ടന്റെ കാർ ഓടിച്ചിരുന്നത് കാർത്തിക് ആണ്.
കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് ഉപയോഗിക്കാൻ മോഹനേട്ടന്റെ കാർ ഗുരുവായൂർ ഇട്ടിട്ടു പോയി മോഹനേട്ടൻ. ഒരാഴ്ച എന്റെയും ഭാര്യയുടെയും യാത്ര കാർത്തിക്കിന്റെ ഡ്രൈവിങ്ങിൽ ആയിരുന്നു.മലയാള സിനിമയുടെ വർക്ക് കൂടുതലും മദ്രാസിൽ നടന്നിരുന്ന കാലത്ത് ഞങ്ങളുടെ സ്ഥിരം ഡ്രൈവർ ആയിരുന്നു കാർത്തിക്. കുറേക്കാലം സെവൻ ആർട്സ് മോഹനേട്ടന്റെ പേഴ്സണൽ ഡ്രൈവറായും ജോലി ചെയ്തു. മദ്രാസിൽ മലയാള സിനിമകളുടെ വർക്ക് ക്രമേണ കുറഞ്ഞു തുടങ്ങിയപ്പോൾ കാർത്തിക് ക്യാൻവാട്ടറിന്റെ ബിസിനസ് തുടങ്ങി.പക്ഷേ അത് വിജയിച്ചില്ല. ആ ഘട്ടത്തിലാണ് ഞാൻ കൺട്രോളറായി വർക്ക് ചെയ്യുന്ന ഒന്നാമൻ എന്ന സിനിമയുടെ സെറ്റിലേക്ക് സേതു അടൂർ കാർത്തിക്കിനെ റെക്കമെന്‍റ് ചെയ്യുന്നത് മാനേജരായി. ആ പടത്തിൽ ഹൈദരാബാദിൽ കാർത്തിക് വർക്ക് ചെയ്തു. ആ സെറ്റിൽ വച്ച് കോസ്റ്റ്യൂം ഡിസൈനർ മഹി അണ്ണനും സേതുവും ഞാനും ഒക്കെ കൂടി കാർത്തിക്കിനോട് പറഞ്ഞു.
കാർത്തിക് മദ്രാസിൽ അല്ലെ താമസം മദ്രാസിൽ അഗസ്റ്റിൻ ചെയ്യുന്ന ജോലി കാർത്തിക്കിന് ചെയ്തു കൂടെ ഞങ്ങളൊക്കെ പടം തരാം, കാർത്തിക്കിനെ ചെന്നൈ മാനേജർ പദവിയിലേക്ക് തിരിച്ചുവിടുന്നത് അങ്ങിനെയാണ്. ഞങ്ങളൊക്കെ നാട്ടിലേക്ക് താമസം മാറ്റിയിരുന്നു ആ കാലത്ത്. എന്റെ കുറച്ചു സിനിമകൾ അഗസ്റ്റിൻ ചെയ്തിട്ടുണ്ടെങ്കിലും പിന്നീടങ്ങോട്ട് ഇന്നേവരെ ഇപ്പോൾ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ വർക്കും കാർത്തിക് ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലാലേട്ടന്റെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് ഈ അത്യാഹിതം ഉണ്ടായത്.അറ്റാക്ക് ആയിരുന്നു.
നടൻ ദിലീപ് ഇപ്പോൾ ഫോൺ ചെയ്തു വെച്ചതേയുള്ളൂ. നമ്മുടെ ഒരു കൈ വെട്ടി മാറ്റിയത് പോലെയല്ലേ സിദ്ധു ഏട്ടാ എന്നാണ് ദിലീപ് സങ്കടത്തോടെ ചോദിച്ചത്. സംവിധായകൻ സിബി മലയിൽ സാറും വിളിച്ചിരുന്നു. ദിലീപ് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് സിബി സാറും പങ്കുവെച്ചത്. മലയാള സിനിമയിലെ ഓരോരുത്തർക്കും അങ്ങനെ പറയാനേ കഴിയു . സിനിമയിലെ ഓരോരുത്തരുടെ വീട്ടിലെ വിശേഷങ്ങൾക്കും സന്ദേശമല്ല കാർത്തിക് തന്നെ നേരിട്ടത്തും. മലയാള സിനിമക്കാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു കാർത്തിക്. പ്രിയപ്പെട്ടവൻ വിട പറയുമ്പോൾ എന്താണ് പറയേണ്ടത്, എന്താണ് ചെയ്യേണ്ടത്.മലയാള സിനിമയുടെ എന്ത് ജോലി ചെന്നൈയിൽ നടന്നാലും കാർത്തിക് നമുക്കൊരു ധൈര്യമായിരുന്നു. ആ ധൈര്യമാണ് ഇല്ലാതായത്. കണ്ണീരോടെ വിട.