'എനിക്കും സഹോദരിക്കും ടാറ്റൂ ചെയ്തത് സുജീഷ്'; ആരോപണം ഞെട്ടിച്ചെന്ന് അഭിരാമി സുരേഷ്
|"സംഭവം നടന്ന ശേഷം എനിക്ക് ഒരുപാട് സന്ദേശങ്ങൾ വന്നു. നിങ്ങൾ സുജീഷിനെ പിന്തുണയ്ക്കുന്നുണ്ടോ എന്നു വരെ അതിലുണ്ടായിരുന്നു"
മീടു ആരോപണത്തെത്തുടർന്ന് കൊച്ചിയിലെ ഇൻക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. തനിക്കും സഹോദരി അമൃതയ്ക്കും സുജീഷ് ടാറ്റൂ ചെയ്തിട്ടുണ്ടെന്നും നിലവിലെ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും സമൂഹമാധ്യമത്തിൽ അവർ പറഞ്ഞു. അടുത്തിടെ തന്റെ കാലിൽ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ അമൃത സുരേഷ് പങ്കുവച്ചിരുന്നു.
'എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ടാറ്റൂ ചെയ്തത് സുജീഷാണ്. ഈയിടെ എന്റെ സഹോദരിയും അവിടെ നിന്ന് ടാറ്റൂ ചെയ്തിരുന്നു. വാർത്തകൾ എന്നെ അസ്വസ്ഥമാക്കി. ഞാൻ ടാറ്റു ചെയ്യുമ്പോൾ എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. ഞാൻ ഒരുപാട് പേരെ പറഞ്ഞു വിട്ടിട്ടുണ്ട്. സംഭവം നടന്ന ശേഷം എനിക്ക് ഒരുപാട് സന്ദേശങ്ങൾ വന്നു. നിങ്ങൾ സുജീഷിനെ പിന്തുണയ്ക്കുന്നുണ്ടോ എന്നു വരെ അതിലുണ്ടായിരുന്നു.' - അവർ പറഞ്ഞു.
മീടു ആരോപണങ്ങൾ നിസ്സാരമായി കാണേണ്ടതല്ല. ഓരോ പെൺകുട്ടിയും ലൈംഗികാതിക്രമങ്ങൾക്കെതിരെ ധൈര്യപൂർവം പ്രതികരിക്കേണ്ടതുണ്ട്. ലൈംഗികാതിക്രമം നേരിടേണ്ടി വന്നാൽ ആ സമയത്ത് ചിലപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഒരിക്കലും അതു മറച്ചു വയ്ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുത്. ഒരാളുടെ ഇക്കിളിയ്ക്ക് സംതൃപ്തി നൽകാൻ മറ്റൊരാളെ ഉപയോഗിക്കുന്നത് എത്ര മോശം കാര്യമാണ്. അത് ആക്രമിക്കപ്പെട്ടയാളിലുണ്ടാക്കുന്ന മാനസികാഘാതം വലുതാണ്- ഗായിക ചൂണ്ടിക്കാട്ടി.
സുജീഷ് തെറ്റു ചെയ്‌തെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ആറു പരാതികളാണ് ലഭിച്ചതെന്ന് ഡിസിപി വി.യു കുര്യാക്കോസ് പറഞ്ഞു. എല്ലാ ടാറ്റൂ സെന്ററുകളിലും ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പൊലീസിന് ലഭിച്ച ആറ് പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പാലാരിവട്ടം, ചേരാനല്ലൂർ സ്റ്റേഷനുകളിൽ ആയിരുന്നു കേസുകൾ. പീഡനത്തിനിരയായ യുവതികളുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ടാറ്റു ചെയ്യാൻ പോയപ്പോഴുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ യുവതി പങ്കുവെച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ സമാന ആരോപണവുമായി കൂടുതൽ യുവതികൾ രംഗത്തെത്തുകയായിരുന്നു.