![Bhilai concert,Singer Aditya Narayan Bhilai concert,Singer Aditya Narayan](https://www.mediaoneonline.com/h-upload/2024/02/13/1410796-adithya-narayan.webp)
'ഇത്രക്ക് അഹങ്കാരമൊന്നും വേണ്ട!'; ആരാധകനെ മൈക്ക് കൊണ്ടടിച്ച് ഫോൺ വലിച്ചെറിഞ്ഞു, ഗായകനെതിരെ വിമർശനവുമായി സോഷ്യൽമീഡിയ
![](/images/authorplaceholder.jpg?type=1&v=2)
ഗായകൻ ഉദിത് നാരായണന്റെ മകൻ കൂടിയാണ് ആദിത്യ നാരായണൻ
മുംബൈ: ലൈവ് സംഗീത പരിപാടിക്കിടെ ആരാധകനെ തല്ലിയ പ്രശസ്ത ഗായകൻ ആദിത്യ നാരായണനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം കനക്കുന്നു. പരിപാടിക്കിടെ ഗായകന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധകരിലൊരാളെയാണ് ആദിത്യ മൈക്ക് കൊണ്ടടിച്ചത്. ഇതിന് പുറമെ ഇയാളുടെ മൊബൈൽ ഫോൺ വാങ്ങി വലിച്ചെറിയുകയും ചെയ്തു.
ഛത്തീസ്ഗഡിലെ ഭിലായിലാണ് സംഭവം നടന്നത്. ഒരു കോളജിൽ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു ആദിത്യ നാരായണൻ. റുംഗത് എഞ്ചിനിയറിംഗ് കോളേജിലായിരുന്നു പരിപാടി. നിരവധി പേരാണ് പരിപാടി ആസ്വദിക്കാനായി എത്തിയത്. വേദിയുടെ മുൻനിരയിലുണ്ടായിരുന്ന ഒരു ആരാധകൻ ഫോട്ടോയെടുക്കാൻ ശ്രമിച്ചതാണ് ഗായകനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് പ്രതിഷേധവും കനത്തത്.
'സ്വന്തം ആരാധകനോട് കുറച്ച് ആദരവ് കാണിക്കാം', 'ഇത്രക്കും അഹങ്കാരം എന്തിനാണ്','ഒരു കലാകാരന് എങ്ങനെ ഇത്ര അഹങ്കാരിയും ക്രൂരനുമാകാന് സാധിക്കും','ഇനി അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരില്ല,' തുടങ്ങി നിരവധി കമന്റുകളാണ് ഗായകനെതിരെ വരുന്നത്. അതേസമയം, സംഭവത്തോട് ആദിത്യ നാരായണൻ പ്രതികരിച്ചിട്ടില്ല. പ്രശസ്ത ഗായകൻ ഉദിത് നാരായണന്റെ മകൻ കൂടിയാണ് ആദിത്യ നാരായണൻ.