'എത്ര മനോഹരമായ കുട്ടിക്കാലമായിരുന്നു അത്'; ലതാ മങ്കേഷ്കറെ ഓർത്ത് ആശാ ഭോസ്ലെ
|കുട്ടിക്കാലത്ത് ഒന്നിച്ചെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് ആശാ ഭോസ്ലെ
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ വിട പറഞ്ഞത് കഴിഞ്ഞ ദിവസമയിരുന്നു. ഇപ്പോഴിതാ ലതാ മങ്കേഷ്കർക്കൊപ്പമുള്ള ബാല്യകാല ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ. ' ദീദിയും ഞാനും എത്ര മനോഹരമായ കുട്ടിക്കാലമായിരുന്നു അത്, ' എന്ന അടിക്കുറിപ്പിൽ കുട്ടിക്കാലത്ത് ഒന്നിച്ചെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് ആശാ ഭോസ്ലെ.
സഹോദരിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് ആശാ ഭോസ്ലെ ഇൻസ്റ്റഗ്രാം പേജിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ചത്. താരങ്ങളടക്കം നിരവധിപ്പേർ ചിത്രത്തിന് കമന്റുകൾ കുറിച്ചിട്ടുണ്ട്. ഇരുവരോടും ഒരുപാട് ബഹുമാനം ഉണ്ടെന്നും ലതാജിയെ മിസ് ചെയ്യുമെന്നും ആരാധകർ കുറിച്ചു.
പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കർ, ഷേവന്തി മങ്കേഷ്കർ എന്നിവരുടെ മകളാണ് ലതാ മങ്കേഷ്കർ. മീന, ഉഷ, ഹൃദയനാഥ് എന്നിവരാണ് മറ്റു സഹോദരങ്ങൾ. കരിയറിൽ 50 പാട്ടുകളിൾ ലതയും ആശയും ഒന്നിച്ചിട്ടുണ്ട്.
അതേസമയം പ്രിയഗായികയുടെ അവസാന നിമിഷങ്ങളെകുറിച്ച് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോക്ടർ പ്രതിത് സംധാനി പറഞ്ഞു. അന്ത്യ നിമിഷങ്ങളിൽ പോലും മനോഹരമായ ആ ചിരി ലതാജിയുടെ മുഖത്തുണ്ടായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്.
കഴിഞ്ഞ മൂന്നു വർഷമായി ലതാ മങ്കേഷ്കറെ ചികിത്സിച്ചിരുന്നത് പ്രതിത് സംധാനിയാണ്. ''എന്റെ ജീവിതകാലം മുഴുവനും അവരുടെ ചിരി ഞാൻ ഓർത്തുവയ്ക്കും. അവസാന നിമിഷത്തിൽ പോലും അവരുടെ മുഖത്ത് ആ ചിരിയുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലതാജിയുടെ ആരോഗ്യം അത്ര നല്ലതല്ലായിരുന്നു. അതുകൊണ്ട് അവർക്ക് അധികം ആളുകളെ കാണാനായില്ല. വളരെ കുറച്ചു മാത്രമാണ് ഞാൻ ചികിത്സിക്കാൻ തുടങ്ങിയപ്പോൾ മുതൽ ലതാ ദീദി സംസാരിച്ചിരുന്നത്.'' - ഡോക്ടർ പറയുന്നു.