Entertainment
അങ്ങനെ ആദ്യത്തെ സോളോ എന്ന എന്‍റെ  സ്വപ്നം അവിടെ തകര്‍ന്നു
Entertainment

''അങ്ങനെ ആദ്യത്തെ സോളോ എന്ന എന്‍റെ സ്വപ്നം അവിടെ തകര്‍ന്നു''

Web Desk
|
22 Jun 2021 4:39 AM GMT

പൂവച്ചല്‍ ഖാദറിനെ ആദ്യമായി നേരിട്ടു കണ്ട ഓര്‍മ പങ്കുവെച്ച് ഗായകന്‍ ജി. വേണുഗോപാല്‍

അന്തരിച്ച ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിനെ ആദ്യമായി നേരിട്ട് കണ്ട അനുഭവം പങ്കുവെക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍. 1985 ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി, മമ്മൂട്ടിയും സുമലതയും അഭിനയിച്ച് ഹിറ്റാക്കിയ നിറക്കൂട്ടിലെ, പൂ മാനമേ ഒരു രാഗമേഘം താ എന്ന ഗാനം ആദ്യം പാടിയത് ജി വേണുഗോപാലായിരുന്നു. പാട്ടിന്‍റെ രചന പൂവച്ചല്‍ ഖാദറും. പക്ഷേ സിനിമയില്‍ ഉപയോഗിച്ചത് ചിത്ര പാടുന്നതാണ്. പക്ഷേ, ടൈറ്റില്‍ കാര്‍ഡില്‍ ഗായകന്‍റെ സ്ഥാനത്ത് പേര് വന്നത് കെ ജി മാര്‍ക്കോസിന്‍റേത്. ആ അനുഭവം പങ്കുവെക്കുകയാണ് ജി. വേണുഗോപാല്‍. അന്ന് റെക്കോര്‍ഡിംഗിനായി ചെന്നൈയിലെത്തിയപ്പോള്‍ പൂവച്ചല്‍ ഖാദറിനെ ആദ്യമായി കണ്ട ഓര്‍മ പങ്കുവെക്കുകയാണ് വേണുഗോപാല്‍ മീഡിയ വണിനോട്.

''സ്വര്‍ണരഥം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഞാന്‍ ആദ്യമായി സോളോ പാടിയത്. ആ സിനിമയാണ് പിന്നീട് നിറക്കൂട്ട് എന്ന പേരില്‍ പുറത്തിറങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് ഫ്ലൈറ്റിലാണ് അന്ന് മദ്രാസിലേക്ക് എത്തിയത്. അന്ന് എന്നെ വിളിക്കാന്‍ വന്ന കാറില്‍ പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജിന്‍റെ കൂടെ ഖാദര്‍ക്കാ ഉണ്ടായിരുന്നു. അതാണ് ഖാദര്‍ക്കായുമായുള്ള ആദ്യ ഓര്‍മ്മ. അന്ന് ഖാദര്‍ക്കാക്ക് വേണ്ടി ഭക്ഷണം വാങ്ങാന്‍ ഹോളിവുഡ് ഹോട്ടലിന് മുമ്പില്‍ കാറ് നിര്‍ത്തിയതൊക്കെ ഇന്നും ഓര്‍മയിലുണ്ട്.

പൂമാനമേ ഒരു രാഗമേഘം താ എന്ന ഗാനമാണ് അന്ന് പാടിയത്. കാസറ്റില്‍ എന്‍റെ ശബ്ദത്തിലാണ് ഗാനം പുറത്തുവന്നതെങ്കിലും, സിനിമയ്ക്ക് വേണ്ടി മറ്റൊരു ഗായകനെ കൊണ്ടാണ് അന്ന് അത് പാടിച്ചത്. അങ്ങനെ ആദ്യത്തെ സോളോ എന്ന എന്‍റെ സ്വപ്നം അവിടെ തകര്‍ന്നു. പക്ഷേ രണ്ടുമാസത്തിനുള്ളില്‍ തന്നെ ഒന്നുമുതല്‍ പൂജ്യം വരെ എന്ന സിനിമയിലേക്ക് അവസരം ലഭിച്ചു.

ഞങ്ങളുടെ ആ ഒരു തലമുറ സജീവമാകുന്ന സമയത്താണ് ഖാദര്‍ക്കാ- ശ്യാം സാര്‍ പോലുള്ളവരുടെ കൂട്ടുകെട്ടിലെ ഗാനങ്ങള്‍ കുറയുകയാണുണ്ടായത്. ജോണ്‍സണ്‍ മാഷ്, കൈതപ്രം പോലുള്ളവരുടെ ടീമിനൊപ്പമാണ് എന്‍റെയൊക്കെ വളര്‍ച്ച ഉണ്ടാകുന്നത്.

പക്ഷേ ഖാദര്‍ക്കായുടെ നിരവധി ലളിതഗാനങ്ങള്‍ ആകാശവാണിക്കൊക്കെ വേണ്ടി ഞാന്‍ പാടിയിട്ടുണ്ട്. ഒരു യാഥാസ്ഥിതിക മുസ്‍ലിം കുടുംബത്തില്‍ നിന്നും വന്ന ഖാദര്‍ക്ക വളരെ മനോഹരമായിട്ടാണ് കൃഷ്ണന്‍-രാധ പ്രണയമൊക്കെ വരികളിലൂടെ ആവിഷ്കരിച്ചിരുന്നത്.''

Similar Posts