ബ്രാഹ്മണർ ഇബ്രാഹിമിന്റെ പിന്മുറക്കാരെന്ന് ഫേസ്ബുക്ക് പോസ്റ്റ്; വിവാദം, ഒടുവിൽ മാപ്പ് പറഞ്ഞ് ഗായകൻ ലക്കി അലി
|'എല്ലാവരെയും ഒന്നിപ്പിക്കുക എന്നതായിരുന്നു ഞാൻ ഉദ്ദേശിച്ചത്.പക്ഷേ ഉദ്ദേശിച്ച രീതിയിലല്ല അത് സംഭവിച്ചതെന്നും ഞാൻ മനസിലാക്കുന്നു'
ന്യൂഡൽഹി: വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് ഗായകൻ ലക്കി അലി. ബ്രാഹ്മണർ ഇബ്രാഹിന്റെ പിന്മുറക്കാരാണെന്ന ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഗായകൻ മാപ്പ് പറഞ്ഞത്.
'ബ്രാഹ്മണൻ എന്ന പദം ബ്രഹ്മയിൽ നിന്നുണ്ടായതാണ്. അതാകട്ടെ അബ്രഹാമിൽനിന്നും. അത് അബ്രഹാം അല്ലെങ്കിൽ ഇബ്രാഹിമിൽ നിന്ന് വന്നതും..എല്ലാ ദേശങ്ങളുടെയും പിതാവായ ഇബ്രാഹിം അലൈഹിസ്സലാമിന്റെ പിന്മുറക്കാരാണ് ബ്രാഹ്മണർ..അതുകൊണ്ട് എന്തിനാണ് എല്ലാവരും ഇങ്ങനെ കലഹിച്ചും പോരടിച്ചും കഴിയുന്നത്' എന്നായിരുന്നു ലക്കി അലി പോസ്റ്റിട്ടിരുന്നത്. ഇതിന് പിന്നാലെ ലക്കി അലിക്കെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നു. ഇതോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്. താൻ ഉദ്ദേശിച്ച രീതിയിലല്ല നടന്നതെന്നും എന്റെ ഉദ്ദേശം ആരിലെങ്കിലും വിഷമമോ ദേഷ്യമോ ഉണ്ടാക്കുക അല്ലായിരുന്നെന്നും ലക്കി അലി പിന്നീട് വ്യക്തമാക്കി.
'പ്രിയപ്പെട്ടവരെ, മുമ്പ് ഇട്ട എന്റെ പോസ്റ്റ് ഉണ്ടാക്കിയ വിവാദം ഞാൻ മനസിലാക്കുന്നു. ആരെയെങ്കിലും വിഷമിപ്പിക്കാനോ ദേഷ്യം പിടിപ്പിക്കാനോ അല്ലായിരുന്നു എന്റെ ഉദ്ദേശം. അങ്ങനെ സംഭവിച്ചതിൽ ഞാൻ ഖേദിക്കുന്നു. എല്ലാവരെയും ഒന്നിപ്പിക്കുക എന്നതായിരുന്നു ഞാൻ ഉദ്ദേശിച്ചത്.പക്ഷേ ഉദ്ദേശിച്ച രീതിയിലല്ല അത് സംഭവിച്ചതെന്നും ഞാൻ മനസിലാക്കുന്നു.എന്റെ പല ഹിന്ദു സഹോദരീ സഹോദരന്മാരെയും അത് വിഷമിച്ചു എന്നു അറിയുമ്പോഴാണ് ഓരോ വാക്ക് പറയുമ്പോഴും ഞാൻ കൂടുതൽ ബോധവാനായിരിക്കണം എന്ന് തോന്നിയത്.അതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം...'ലക്കി അലി പിന്നീട് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയായിരുന്നു.
അന്തരിച്ച ബോളിവുഡ് നടൻ മെഹമൂദിന്റെ മകനാണ് ലക്കി അലി.'ഓ സനം', 'നാ തും ജാനോ നാ ഹം', 'സഫർനാമ' തുടങ്ങിയ നിരവധി ഹിറ്റുഗാനങ്ങളിലൂടെ പ്രശസ്തനാണ് ലക്കി അലി.