Entertainment
Manjari

മഞ്ജരി

Entertainment

ഓരോ സെക്കന്‍റിലും കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചുകൊണ്ടിരിക്കുന്നു, എങ്ങനെ നിശ്ശബ്ദരായിരിക്കും: ഫലസ്തീന് പിന്തുണയുമായി ഗായിക മഞ്ജരി

Web Desk
|
9 Nov 2023 7:52 AM GMT

ഇനിയും എത്രയെത്ര ജീവനുകളാണ് നമുക്ക് നഷ്ടപ്പെടുത്തേണ്ടത്?

കോഴിക്കോട്: ഫലസ്തീന്‍ ജനതക്ക് പിന്തുണയുമായി ഗായിക മഞ്ജരി. ഓരോ സെക്കന്‍റിലും കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചുകൊണ്ടിരിക്കുമ്പോള്‍ എങ്ങനെ നിശ്ശബ്ദരായിരിക്കുമെന്നും വെടിനിര്‍ത്തലിന് അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഗായിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മഞ്ജരിയുടെ വാക്കുകള്‍

ഏത് തരത്തിലുള്ള യുദ്ധത്തെയും കൊലപാതകത്തെയും ഞാൻ അപലപിക്കുന്നു. കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും മരിക്കുന്ന വീഡിയോകളാണ് ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ മിനിറ്റും ഓരോ സെക്കന്‍റിലും. കണ്ണുതുറന്ന് വെടിനിർത്തലിന് മുറവിളി കൂട്ടുന്നതിന് മുമ്പ് ഇനിയും എത്രയെത്ര ജീവനുകളാണ് നമുക്ക് നഷ്ടപ്പെടുത്തേണ്ടത്?നമ്മുടെ പ്രദേശത്ത് ഇത് സംഭവിക്കുകയാണെങ്കിൽ നമ്മൾ മിണ്ടാതിരിക്കുമോ?

ഇതൊരു രാജ്യത്തെയും മതത്തെയും കുറിച്ചുള്ളതല്ല, ഇതാണ് മനുഷ്യത്വം. കുട്ടികളുടെ കൂട്ടക്കുഴിമാടങ്ങളിൽ നിങ്ങൾക്ക് ഒന്നും പണിയാൻ കഴിയില്ല.നിരപരാധികളുടെ ഒരു തലമുറയെ മുഴുവൻ ഇല്ലാതാക്കി. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്...ഇപ്പോള്‍ തന്നെ.

View this post on Instagram

A post shared by Manjari (@m_manjari)

നേരത്തെ നടന്‍ ഷെയ്ന്‍ നിഗവും ഫലസ്തീന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഫലസ്തീനിൽ കുഞ്ഞുങ്ങളടക്കം അനുഭവിക്കുന്ന വേദന തന്നെ വല്ലാതെ ബാധിക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്. "ഇൻസ്റ്റഗ്രാം നോക്കാൻ തന്നെ ഇപ്പോൾ വിഷമമാണ്... ഞാൻ ഫോളോ ചെയ്യുന്ന പേജുകൾ കൊണ്ടാണോ എന്നറിയില്ല. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ചിലപ്പോൾ ഞാനൊരു സെൻസിറ്റീവ് മനുഷ്യനായത് കൊണ്ടാവാം... മിഠായി കവറിൽ പൊതിയുന്നത് പോലെ കൊച്ചു കുഞ്ഞുങ്ങളെ വെള്ള തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്നതൊക്കെ കാണുമ്പോൾ അത് വല്ലാതെ ബാധിക്കുന്നു. എന്റെ ആരുമല്ല അവരൊന്നും. ഇനി അവരെന്റെ മതമായത് കൊണ്ടാണോ അങ്ങനെ എന്ന് ചോദിച്ചാൽ അതുമല്ല. അത് മനുഷ്യത്വം മാത്രമാണ്...

ഈ അവസ്ഥ മാറണം. ഈ ലോകത്തിൽ യുദ്ധത്തിന്റെയൊന്നും ആവശ്യമില്ല. നമ്മൾ ജനിക്കുന്നു, കർമം ചെയ്യുന്നു, മരിക്കുന്നു... ഈ ലോകത്ത് നിന്ന് ഒന്നും നമ്മൾ കൊണ്ടു പോകുന്നില്ല. അപ്പോൾ ഈ യുദ്ധം കൊണ്ടൊക്കെ ആർക്കാണ് പ്രയോജനം എന്ന് ചിന്തിക്കണം".എന്നാണ് ഷെയ്‍ന്‍ പറഞ്ഞത്.

Similar Posts