ഗായിക മഞ്ജരി വിവാഹിതയായി
|പത്തനംതിട്ട സ്വദേശി ജെറിനാണ് വരന്‍.
തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരന്‍.
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്‍. മസ്കത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും.
തിരുവനന്തപുരത്ത് ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. സുരേഷ് ഗോപി, ജി വേണുഗോപാൽ, സിദ്ധാർത്ഥ് ശിവ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തി.
ഗോപിനാഥ് മുതുകാടിന്റെ കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പമായിരുന്നു വിരുന്ന് സൽക്കാരം. പ്രിയപ്പെട്ട അധ്യാപികയുടെ കല്യാണം ആടിയും പാടിയും തന്നെ ആഘോഷിച്ചു കുട്ടികൾ. ഏറ്റവും സന്തോഷമുള്ള ദിനമെന്ന് മഞ്ജരി പ്രതികരിച്ചു.
അച്ചുവിന്‍റെ അമ്മയിലെ 'താമരക്കുരുവിക്ക് തട്ടമിട്' എന്ന പാട്ടിലൂടെയാണ് മഞ്ജരി സിനിമാ പിന്നണി ഗാനരംഗത്തെത്തിയത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ആല്‍ബങ്ങളിലുമായി 500ലധികം പാട്ടുകള്‍ മഞ്ജരി പാടിയിട്ടുണ്ട്. 2005ൽ മികച്ച ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി.