പിഎസ് 2വിലെ 'വീര രാജ വീര' ഗാനം കോപ്പിയടിയെന്ന് ഗായകന്
|ഗായകന് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗര്‍ ആണ് ആരോപണം ഉന്നയിച്ചത്
ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്വന് 2 തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ഗാനം കോപ്പിയടിയെന്ന് ആരോപണം. 'വീര രാജ വീര' എന്ന ഗാനത്തിനെതിരെയാണ് ആരോപണം. ഗായകന് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗര്‍ ആണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം വെറും തെറ്റിദ്ധാരണയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
എ.ആര് റഹ്മാനാണ് 'വീര രാജ വീര'യുടെ സംഗീത സംവിധാനം ചെയ്തത്. തന്റെ പിതാവും അമ്മാവനും ചേര്‍ന്ന് പാടിയ ശിവസ്തുതിയുടെ അതേ താണ്ഡവ ശൈലിയിലാണ് പിഎസ് 2വിലെ ഗാനം ഒരുക്കിയത് എന്നാണ് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗര്‍ ആരോപിച്ചത്- "അദാന രാഗത്തിലുള്ള ഗാനമൊരുക്കിയത് എന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണ്. എന്റെ പിതാവ് ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം അദ്ദേഹം ഈ ഗാനം പാടിയിട്ടുണ്ട്. ജൂനിയര്‍ ദാഗര്‍ ബ്രദേഴ്സ് എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത്".
1978ൽ ഹോളണ്ട് ഫെസ്റ്റിവലിന്റെ ഭാഗമായി ആംസ്റ്റർഡാമിലെ റോയൽ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കച്ചേരി അവതരിപ്പിച്ചപ്പോഴാണ് ദാഗര്‍ ബ്രദേഴ്സിന്റെ ശിവസ്തുതി ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടതെന്ന് വാസിഫുദ്ദീന്‍ പറഞ്ഞു- "മദ്രാസ് ടാക്കീസിനും റഹ്മാനും എന്റെ കുടുംബത്തിന്റെ അനുമതി വാങ്ങാമായിരുന്നു. പറ്റില്ലെന്ന് ഞാൻ ഒരിക്കലും പറയുമായിരുന്നില്ല. എന്നാൽ വൻതോതിലുള്ള വാണിജ്യ നേട്ടങ്ങൾക്കായി ഇത് ഉപയോഗിക്കുന്നത് പ്രശ്നമാണ്. അതേ താണ്ഡവ ശൈലിയിൽ പാടിയിരിക്കുന്നു. ക്രമീകരണത്തില്‍ മാത്രമാണ് വ്യത്യാസം"- വാസിഫുദ്ദീന്‍ പറഞ്ഞു.
അതേസമയം പൊന്നിയിന്‍ സെല്വന് നിര്‍മിച്ച മദ്രാസ് ടാക്കീസ് ആരോപണങ്ങൾ തള്ളിക്കളഞ്ഞു. കോപ്പിയടി ആരോപണം തെറ്റിദ്ധാരണയാണ്. പതിമൂന്നാം നൂറ്റാണ്ടിലെ നാരായണ പണ്ഡിതാചാര്യനാണ് ഗാനം രചിച്ചത്. പണവും പ്രശസ്തിയും ലക്ഷ്യമിട്ടാണ് നിലവിലെ ആരോപണമെന്നും നിര്‍മാതാക്കള്‍ പ്രതികരിച്ചു.