'ശിവസുന്ദരവും അടിയാട്ട് അയ്യപ്പനും ഇല്ല, നന്നായി മിസ് ചെയ്യുന്നു'; പൂരാവേശത്തിൽ അപർണാ ബാലമുരളി
|തെച്ചിക്കോട്ട് രാമചന്ദ്രനെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും അപർണാ ബാലമുരളി
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ആഘോഷ പൂർവം കൊണ്ടാടുകയാണ് പൂരപ്രേമികൾ. പൂരാവേശത്തിൽ ഒട്ടുമിക്ക ചലച്ചിത്ര താരങ്ങളും പങ്കുചേരാറുണ്ട്. പൂരം കാണാനെത്തിയ നടി അപർണ ബാലമുരളിയുടെ വാക്കുകളാണ് ശ്രദ്ധയാകർഷിക്കുന്നത്. പതിവുപോലെ പൂരം ആഘോഷിക്കാൻ ഇക്കൊല്ലവും എത്തിയെന്നാണ് അപർണ പറയുന്നത്.
തൃശൂർ പൂരം ആഘോഷിക്കാൻ കുടുംബസമേതം എത്തിയതായിരുന്നു നടി. ആനകളായ ശിവസുന്ദരവും അടിയാട്ട് അയ്യപ്പനും ഇല്ലാത്തതിൽ തനിക്ക് വിഷമമുണ്ടെന്ന് അപർണ ബാലമുരളി പറഞ്ഞു. ശിവസുന്ദരത്തെയും അടിയാട്ട് അയ്യപ്പനെയും കാണുന്നത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു. നന്നായി മിസ്സ് ചെയ്യുന്നുണ്ടെന്നും അപർണ കൂട്ടിച്ചേർത്തു. തൃശൂർ പൂരം മുത്തശ്ശന്റെയും അമ്മാവന്റെയും കൂടെ ആഘോഷിക്കാറാണ് പതിവ്. പൂരത്തിന്റെ അന്നൊരിക്കലും മഴപെയ്യില്ല എന്നുള്ളത് ഒരനുഗ്രഹമാണ്. പറയെടുപ്പിന് മാത്രമേ ഇത്തവണ നിൽക്കാൻ പറ്റൂ. തെച്ചിക്കോട്ട് രാമചന്ദ്രനെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും അപർണാ ബാലമുരളി പറഞ്ഞു.
അതേസമയം തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. പൂരത്തിന് ആവേശം നിറച്ച് മഠത്തിൽ വരവ് ആരംഭിച്ചു. പാറമ്മേക്കാവ് ഭഗവതി 12 മണിക്ക് വടക്കുംനാഥ ക്ഷേത്രത്തിലേക്കിറങ്ങും. ചെമ്പടകൊട്ടി ഭഗവതിയെ സ്വീകരിച്ച് പാണ്ടിമേളത്തോടെ ഇലഞ്ഞിത്തറയിലേക്ക് ആനയിക്കും. 2:10 നാണ് പ്രശസ്തമായ ഇലഞ്ഞിത്തറ മേളം ആരംഭിക്കുക. പൂരത്തിൻറെ പ്രധാന ആകർഷണമായ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിച്ചു. തിരുവമ്പാടി ഭഗവതി ബ്രഹ്‌മസ്വം മടത്തിലേക്ക് എത്തുന്നതിൻറെ മുന്നോടിയായാണ് പഞ്ചവാദ്യം തുടങ്ങുന്നത്. കോങ്ങാട് മഥുവിൻറെ നേത്യത്വത്തിലാണ് ഇത്തവണയും പഞ്ചവാദ്യം.
നെയ്തലക്കാവ് ഭഗവതിയെ തിടമ്പേറ്റി തെച്ചിക്കോട്ട് രാമചന്ദ്രൻ പൂര നഗരിയിൽ എത്തിയിരുന്നു . തെച്ചിക്കോട്ട് രാമചന്ദ്രനെ കാണാനായി ജനസാഗരമാണ് വഴിനീളെ കാത്തുനിന്നത്. തേക്കിൻക്കാട് മൈതാനം പൂര പ്രേമികളെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. സ്വരാജ് റൗണ്ടിലും തെക്കേ ഗോപുര നടയിലും ശ്രീമൂല സ്ഥാനത്തുമൊക്കെയായി ആളുകൾ ഒഴുകി കൊണ്ടേ ഇരിക്കുകയാണ്
ഘടക പൂരങ്ങൾ എല്ലാം വടക്കുംനാഥന്റെ മുന്നിൽ വന്ന ശേഷം മടങ്ങി. മഠത്തിൽ വരവ് പഞ്ചാവാദ്യവും കേട്ട് തിരുവമ്പാടി ഭഗവതി സ്വരാജ് റൗണ്ടിൽ എത്തി. അവിടെ നിന്ന് പാണ്ടി മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കും. പാറമേക്കാവ് ഭഗവതി ഇലഞ്ഞിത്തറയിൽ എത്തുമ്പോൾ കിഴക്കൂട്ട് അനിയൻ മാരാർ കൊട്ടി പെരുക്കി തുടങ്ങും. നാല് മണിക്ക് തെക്കോട്ടിറക്കം കഴിഞ്ഞാൽ സ്വരാജ് റൗണ്ടിൽ വർണ്ണ പെയ്താണ് . 60 സെറ്റ് കുടകൾ വീതമാണ് ഇത്തവണ നിരക്കുക. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് പൂരത്തിൻറെ പ്രധാന ആകർഷണമായ വെടിക്കെട്ട് നടക്കുക. വെടിക്കെട്ടിന് ആദ്യം തിരുവമ്പാടിയും പിന്നീട് പാറമേക്കാവും തിരികൊളുത്തും. പകൽപ്പൂരത്തിന് ശേഷം ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് കൊടിയിറങ്ങും.