സ്ത്രീവിരുദ്ധ പരാമര്‍ശം: നടന് നേരെ ചെരിപ്പേറ്
|തന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രമോഷന് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദര്ശന് നേരെ ചെരിപ്പേറുണ്ടായത്.
ബെംഗളൂരു: കന്നഡ നടന് ദര്‍ശനു നേരെ ചെരിപ്പേറ്. ദര്ശന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെയാണ് സംഭവം. തന്റെ പുതിയ ചിത്രമായ ക്രാന്തിയിലെ ഗാനം റിലീസ് ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദര്ശന് നേരെ ചെരിപ്പേറുണ്ടായത്.
ക്രാന്തിയുടെ പ്രൊമോഷനിടെ നല്കിയ അഭിമുഖത്തിലാണ് ദര്ശന് വിവാദ പരാമര്‍ശം നടത്തിയത്- 'ഭാഗ്യദേവത എപ്പോഴും നിങ്ങളുടെ വാതിലില്‍ മുട്ടണമെന്നില്ല. മുട്ടുമ്പോള്‍ അവളെ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കണം. അതിനു ശേഷം വിവസ്ത്രയാക്കണം. വസ്ത്രങ്ങള്‍ തിരികെ നല്കിയാല് അവള് പുറത്തു പോകും' എന്നായിരുന്നു ദര്‍ശന്റെ പരാമര്‍ശം. ദര്‍ശന്റെ ഈ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.
ഞായറാഴ്ച വൈകുന്നേരം കർണാടകയിലെ ഹൊസാപേട്ടയിൽ വെച്ചാണ് ദര്ശന് നേരെ ചെരിപ്പേറുണ്ടായത്. ചെരിപ്പ് എറിഞ്ഞയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ചെരിപ്പ് തന്റെ തോളിൽ തട്ടിയപ്പോള്‍ 'ഇത് നിങ്ങളുടെ തെറ്റല്ല സഹോദരാ കുഴപ്പമില്ല' എന്ന് ദർശൻ പറഞ്ഞു. ഉടൻ തന്നെ പൊലീസ് അകമ്പടിയില്‍ സ്ഥലം വിട്ടു. 2011ല്‍ ഭാര്യയെ ഉപദ്രവിച്ചതിന് ദര്‍ശനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ജനുവരി 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ക്രാന്തിയിലെ ഒരു ഗാനത്തിന്റെ പ്രകാശനത്തിനായാണ് ദർശൻ ഹൊസാപേട്ടയിലെത്തിയത്. വി ഹരികൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്. രചിത റാം ആണ് ചിത്രത്തിലെ നായിക.