'സിനിമകളിൽ വിജയ് പുകവലിക്കുന്നത് ഒഴിവാക്കണം'; എം.പി.അൻപുമണി രാമദോസ്
|ആളുകൾ പുകവലിക്കുന്നത് തടയാനുള്ള സാമൂഹിക ഉത്തരവാദിത്തം വിജയ്ക്കുണ്ടെന്നും അൻപുമണി രാമദോസ് പറഞ്ഞു
ചെന്നൈ: ലോകേഷ് കനകരാജ് - വിജയ് ചിത്രം ലിയോയുടെ പോസ്റ്റർ റിലീസായതിന് പിന്നാലെ സിനിമകളിൽ പുകവലി നിർത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് പട്ടാളി മക്കൾ കച്ചി (പിഎംകെ) പ്രസിഡന്റും എംപിയുമായ അൻബുമണി രാമദോസ്. നിരവധി കുട്ടികളും ചെറുപ്പക്കാരും വിജയിയുടെ സിനിമ കാണുന്നതിനാൽ ആളുകൾ പുകവലിക്കുന്നത് തടയാനുള്ള സാമൂഹിക ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്ന് അൻപുമണി രാമദോസ് പറഞ്ഞു.
“നടൻ വിജയ് സിനിമകളിൽ പുകവലി ഒഴിവാക്കണം! ലിയോ സിനിമയുടെ പോസ്റ്ററിൽ നടൻ വിജയ് പുകവലിക്കുന്നതായി കാണുന്നത് സങ്കടകരമാണ്. കുട്ടികളും വിദ്യാർഥികളും അടക്കം നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നുണ്ട്. അദ്ദേഹത്തെ കണ്ട് അവർ പുകവലിക്കരുത്. പുകവലിയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. നിയമവും അതുതന്നെയാണ് പറയുന്നത്. 2007ലും 2012ലും വാഗ്ദാനം ചെയ്തതുപോലെ സിനിമകളിലെ പുകവലി രംഗങ്ങളിൽ നിന്ന് വിജയ് വിട്ടുനിൽക്കണം'. എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
വിജയ്‌യുടെ പോക്കിരി റിലീസായപ്പോൾ പിഎംകെ സമാനമായ വിമർശനം ഉന്നയിക്കുകയും സിനിമകളിൽ പുകവലി ഒഴിവാക്കണമെന്ന് വിജയിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 2011ൽ ഇറങ്ങിയ തുപ്പാക്കി എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വിജയ് അതിൽ ചുരുട്ട് വലിക്കുന്ന ചിത്രം ഉണ്ടായിരുന്നു.പുതിയ ചിത്രം ലിയോയുടെ പോസ്റ്ററിലും സമാനമായ ചിത്രമുണ്ട്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ലോകേഷ് കനകരാജാണ് ഒരുക്കുന്നത്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു . വാരിസിനും മാസ്റ്ററിനും ശേഷം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് ദളപതി 67. ഡി ഓ പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, ആർട്ട് : എൻ. സതീഷ് കുമാർ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്,രത്‌നകുമാർ & ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാം കുമാർ ബാലസുബ്രഹ്മണ്യൻ. ഒക്ടോബർ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളിൽ എത്തും.