'നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടു, വെളുപ്പില്ല, സൗന്ദര്യം പോര, പലരും മുഖത്ത് നോക്കി പറഞ്ഞു'; ശോഭിത ധൂലിപാല
|നിരവധി ഓഡിഷനുകളിലൂടെ കടന്നു പോകേണ്ടി വരികയും നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
മുംബെെ: സിനിമാ മേഖലയിലെ തന്റെ ആദ്യ നാളുകളിൽ വര്‍ണ്ണവിവേചനം നേരിടേണ്ടി വന്നിട്ടുണെന്ന് നടിശോഭിത ധൂലിപാല. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് പരസ്യ ഓഡിഷനുകളില്‍ പങ്കെടുത്തപ്പോൾ താന്‍ സുന്ദരിയല്ലെന്ന് തുടക്കകാലത്ത് പലരും മുഖത്ത് നോക്കി പറഞ്ഞിരുന്നുവെന്നും അതൊരിക്കലും തന്റെ സ്വപ്‌നങ്ങള്‍ പിന്തുടരുന്നതില്‍ നിന്നും തടഞ്ഞിരുന്നില്ലെന്നും ശോഭിത പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭിത ഇക്കാര്യം പറഞ്ഞത്.
"ഞാൻ സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുളള ആളല്ല. അതുകൊണ്ടു തന്നെ നിരവധി ഓഡിഷനുകളിലൂടെ കടന്നു പോകേണ്ടി വരികയും നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. കരിയറിന്റെ ആദ്യ ഘട്ടത്തില്‍ പരസ്യ മേഖലകളില്‍ എന്റെ നിറത്തിനെക്കുറിച്ച് സംസാരിച്ചത് ഞാൻ ഓര്‍ക്കുന്നുണ്ട്. പരസ്യത്തിനു ചേരുന്ന തരത്തിലുള്ള സുന്ദരിയായിരുന്നില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്" ശോഭിത പറഞ്ഞു.
സൗന്ദര്യത്തിന്റെ കാര്യത്തിൽ ആളുകളുടെ ചിന്താഗതി ഇടുങ്ങിയതാണ്. ഇപ്പോൾ എന്റെ രൂപത്തെ കുറിച്ച് ആര് എന്ത് വിചാരിച്ചാലും കൂടുതല്‍ സര്‍ഗാത്മകമാവാനാണ് ഞാന്‍ ശ്രമിക്കുന്നത്. സിനിമ മേഖലയിൽ എങ്ങനെയൊക്കെ ക്രിയേറ്റീവാകാം എന്ന് ചിന്തിച്ചു തുടങ്ങി. അതിന് വേണ്ടി ഞാന്‍ എല്ലാ ദിവസവും പ്രയത്‌നിച്ചു. കാരണം അത്രത്തോളം ഈ മേഖലയില്‍ പാഷനേറ്റായിരുന്നു ഞാന്‍. മികച്ച ഒരു സംവിധാകൻ നിങ്ങളെ കണ്ടെത്തുന്നത് വരെ കാത്തിരിക്കാതെ ഓഡിഷനുകള്‍ നിരന്തരം പങ്കെടുത്ത് അവിടെ നമ്മുടെ നൂറ് ശതമാനം നല്‍കുക എന്നാണ് ഈ മേഖലയിലേക്കെത്താൻ ആഗ്രഹിക്കുന്നവരോട് എനിക്ക് പറയാനുളളത്.
2016ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'രമണ്‍ രാഘവ് 2.0' എന്ന ചിത്രം തനിക്ക് ഏറെ പ്രശംസ നേടി തന്നു. താനൊരിക്കലും ഒരു സ്റ്റാറാകാന്‍ വേണ്ടി സിനിമയില്‍ വന്നയാളല്ലെന്നും അഭിനയത്രിയാണ് താനെന്നും അഭിമുഖത്തില്‍ ശോഭിത കൂട്ടിച്ചേര്‍ത്തു.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ സാന്നിധ്യമറിയിച്ച നടിയാണ് ശോഭിത ധുലിപാല. കുറുപ്പ് എന്ന മലയാള ചിത്രത്തിലെ നായികവേഷം ഏറെ പ്രശംസിക്കപ്പെട്ടു. സിതാര, ദേവ് പട്ടേൽ ചിത്രമായ മങ്കി മാന്‍ എന്നിവയാണ് ശോഭിതയുടേതായി വരാനിരിക്കുന്ന സിനിമകള്‍.